Connect with us

Editorial

തെലങ്കാന എന്ന തീരാപ്രശ്‌നം

Published

|

Last Updated

ഇറക്കാനും വയ്യ തുപ്പാനും വയ്യെന്ന പരുവത്തിലാണിപ്പോള്‍ തെലങ്കാന പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും യു പി എ സര്‍ക്കാറും. തെലങ്കാന സംസ്ഥാന രുപവത്കരണത്തിനുള്ള ആവശ്യം ശക്തമാകുകയും പ്രക്ഷോഭം അരങ്ങേറുകയും ചെയ്തപ്പോഴാണ് ജൂലൈ അവസാനത്തില്‍ യു പി എ അതിന് പച്ചക്കൊടി കാണിച്ചതും വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രി സഭ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയതും. അതോടെ ഐക്യആന്ധ്രവാദികള്‍ ഇളകിവശായി. തെലങ്കാന രൂപവത്കരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ ശക്തമയ പ്രക്ഷോഭത്തിലാണ്. എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കയാണ് യു പി എ.
സീമാന്ധ്രയിലെ ഐക്യആന്ധ്ര അനുകൂലികള്‍ പ്രഖ്യാപിച്ച ബന്ദ് കഴിഞ്ഞ മൂന്ന് ദിവസമായി തീരദേശ ആന്ധയിലെയും റായലസീമയിലെയും ജനജീവിതം സ്തംഭിപ്പിക്കുകയുണ്ടായി. തെലങ്കാന രൂപവത്കരണത്തിനെതിരെ ആന്ധ്രാപ്രദേശ് എന്‍ ജി ഓമാരും വൈ എസ് ആര്‍ കോണ്‍ഗ്രസുമാണ് ബന്ദ് പ്രഖ്യാപിച്ചത്. വൈ എസ് ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്. സീമാന്ധ്രയിലെ 13 ജില്ലകളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം അധ്യാപകരും സമരത്തിന് പിന്തുണ നല്‍കുന്നു. എ പി എസ് ആര്‍ ടി സിയുടെ 12,000ത്തോളം ബസുകള്‍ രണ്ടാഴ്ചയോളമായി നിരത്തിലിറങ്ങിയിട്ടില്ല. വൈദ്യുതി ജീവനക്കാരും സമരത്തിന് ഇറങ്ങിയതോടെ ആന്ധ്രാപ്രദേശ് ഇരുട്ടിലാകുകയും ചെയ്തു. പലയിടത്തും ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രതിമകള്‍ക്കു നേരെ ആക്രമണമുണ്ടായി. പ്രക്ഷോഭം രൂക്ഷമായ വിജിയനഗരം ടൗണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവ് ഇറങ്ങുകയൂം ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭ തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ ഔദ്യോഗികമായി തീരുമാനമെടുത്തതു മുതല്‍ സീമാന്ധ്ര ശക്തമായ പ്രക്ഷോഭത്തിലാണ്. ഈ മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് മന്ത്രിമാരും നിയമസഭാ സാമാജികരും തെലങ്കാന രൂപവത്കരണത്തിനെതിരാണ്.
തെലങ്കാനയെ കൂടി ചേര്‍ത്ത് 1956ല്‍ ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചതോടെ ഉയര്‍ന്നതാണ് തെലങ്കാന സംസ്ഥാനത്തിനുള്ള ആവശ്യം. ഇന്നത്തെ പോലെ ആന്ധ്ര സംസ്ഥാന രൂപവത്കരണ വേളയിലും ഐക്യആന്ധ്ര എന്ന ആശയത്തിന് ബഹുഭൂരിഭാഗം തെലങ്കാനക്കാരും എതിരായിരുന്നു. കൂടുതല്‍ വരുമാനം സംസ്ഥാനത്തിന് നേടിക്കൊടുത്തത് അവികസിതമായ തെലങ്കാന മേഖല ആയിരുന്നുവെങ്കിലും സംസ്ഥാനം ഭരിച്ചവരൊന്നും തെലങ്കാനയുടെ വികസനത്തില്‍ ശ്രദ്ധിച്ചില്ല. ഇത് സംസ്ഥാന രുപവത്കരണത്തിനുള്ള മുറവിളിക്ക് ആക്കം കൂട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ യഥാസമയം തീരുമാനം എടുക്കാതെ കേന്ദ്രം ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവില്‍ ആന്ധ്രയിലെ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പും പാര്‍ട്ടിയുടെ ശക്തിക്ഷയവുമാണ് തെലങ്കാന രുപവത്കരണ തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്. ഇതടിസ്ഥാനത്തില്‍ ടി ആര്‍ എസ്സിനെ അനുനയിപ്പിച്ചു കൂടെ കൂട്ടാമെന്ന ചിന്തയില്‍ ദിഗ്‌വിജയ് സിംഗിനെ ഹൈദരാബാദിലേക്ക് അയച്ചു തെലങ്കാന കരാര്‍ ഉണ്ടാക്കാന്‍ മുതിര്‍ന്നപ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു വേണ്ടത്ര ചിന്തിക്കാനോ ഐക്യ ആന്ധ്ര വാദക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനോ കോണ്‍ഗ്രസ് നേതൃത്വം മുതിരാത്തതാണ് പ്രക്ഷോഭം ആളിക്കത്താനിടയാക്കിയത്.
കൃഷ്ണ- ഗോദാവരി നദികളിലെ ജലം പങ്കിടല്‍, ഹൈദരാബാദിന്റെ പദവി തുടങ്ങിയ പ്രശ്‌നങ്ങളില്‍ വ്യക്തമായൊരു തീരുമാനം സര്‍ക്കാറിന് ആവിഷ്‌കരിക്കാനായിട്ടില്ല. ഇത് സീമാന്ധ്ര മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സീമാന്ധ്ര മേഖലക്ക് പുതിയ പാക്കേജ് പ്രഖ്യാപിച്ചു പ്രക്ഷോഭം തണുപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാറിപ്പോള്‍. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെയും ജഗന്‍മോഹന്റെയും ലക്ഷ്യം സീമാന്ധ്രയുടെ ഭാവിയോ വികസനമോ അല്ല, രാഷ്ട്രീയ നേട്ടങ്ങളണ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പതിനെട്ടില്‍ പതിനഞ്ച് സീറ്റും നേടി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമായാണ് ജഗന്‍ ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെ പാക്കേജ് പ്രഖ്യാപനം പോലുള്ള പദ്ധതികളോടുള്ള അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും നിലപാട് കണ്ടറിയുക തന്നെ വേണം.

Latest