Connect with us

Gulf

ജൈറ്റെക്‌സ് ഷോപ്പറിന് തുടക്കം

Published

|

Last Updated

ദുബൈ: ജൈറ്റെക്‌സ് ഷോപ്പറിന് ആവേശകരമായ തുടക്കം. ആദ്യ ദിനമായ ഇന്നലെ സന്ദര്‍ശകരായി എത്തിയത് പതിനായിരങ്ങള്‍. പൂരത്തിന്റെ പ്രതീതിയായിരുന്നു, വേള്‍ഡ് ട്രേഡ് സെന്ററില്‍ ജൈറ്റെക്‌സ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചതോടെ. എങ്ങും കാഴ്ചക്കാരും ഒപ്പം വിവിധ സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ പ്രമോഷനായി രംഗത്തിറക്കിയ എക്‌സിക്യൂട്ടീവുകളാലും ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ആവേശമായിരുന്നു.
നഗരത്തില്‍ ഇലട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകളുടെ പെരുമഴക്കാലമായി ജൈറ്റെക്‌സ് മാറിയിട്ടുണ്ടെന്ന് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ സ്‌നേഹിക്കുന്നവര്‍ ഇതിനകം തിരിച്ചറിഞ്ഞതിനാല്‍ നഗരം മുഴുവന്‍ ആദ്യ ദിനത്തിലേ പ്രദര്‍ശന നഗരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വിവിധ ഉല്‍പ്പന്നങ്ങളുടെ ഗുണഗണങ്ങളും ഏറ്റവും കുറഞ്ഞ വിലയും വിളംബരം ചെയ്യുന്ന അറബികളും ഇന്ത്യക്കാരും ഫിലിപ്പിനോകളും ഉള്‍പ്പെട്ട പെണ്‍പടയുടെ വിവിധ ഭാഷയിലുള്ള ലേലം വിളികളായിരുന്നു ജൈറ്റെക്‌സില്‍ ഇന്നലെ മുഴങ്ങിയത്.
ചില്ലറ വില്‍പ്പന രംഗത്തെ പ്രമുഖരായ അല്‍ ഫലാക്ക്, ഇ സിറ്റി, ഇമാക്‌സ്, ജീകെ ഗെയിംസ്, ഐ സ്റ്റൈല്‍, ജാക്കീസ് ഇലക്ട്രോണിക്‌സ്, ജംമ്പോ ഇലക്ട്രോണിക്‌സ്, മാക്‌സ് ഇലക്ട്രോണിക്‌സ് മെഗാ ഇലക്ട്രോണിക്‌സ്, എം കെ ട്രേഡിംഗ്, വണ്‍ മൊബൈല്‍, 050 ടെലികോം, ഷറാഫ് ഡി ജെ, ടെക് ബൈ, പ്ലഗ്‌സ് ഇന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളിലെല്ലാം ഉല്‍പ്പന്നങ്ങള്‍ക്കായി ആവശ്യക്കാരുടെ തിക്കും തിരക്കുമായിരുന്നു.
തുടക്ക ദിവസം തന്നെ ഏറ്റവും വിലക്കുറവില്‍ ഉല്‍പ്പന്നം വിറ്റഴിക്കുന്നവര്‍ തങ്ങളാണെന്ന പ്രതീതി സൃഷ്ടിച്ചെടുക്കാനുള്ള കടുത്ത മത്സരമായിരുന്നു എങ്ങും ദൃശ്യമായത്. 35,000 ചതുരശ്ര മീറ്റര്‍ സ്ഥലം മുഴുക്കെ നാട്ടിലെ ഒരു പൂരപ്പറമ്പിന്റെ പ്രതീതിയിലേക്ക് എത്താന്‍ ഇടയാക്കിയത് വിവിധ കമ്പനികള്‍ രംഗത്തിറക്കിയ സെയില്‍സ് പ്രൊമോട്ടര്‍മാരുടെ മത്സരിച്ചുള്ള ഓഫര്‍ പ്രഖ്യാപനങ്ങളായിരുന്നു.
ദിനേന 12 മണിക്കൂര്‍ നീളുന്ന മേളയില്‍ രണ്ടു ലക്ഷം പേര്‍ സന്ദര്‍ശകരായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ സ്‌റ്റേഷനോട് ചേര്‍ന്ന് മേള നടക്കുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ സഹായകമാവുമെന്ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ഡയറക്ടര്‍ ഹിമേഷ് ചന്ദ്രവര്‍കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
രണ്ടക്ക ഡിസ്‌ക്കൗണ്ടുകള്‍, ബംബര്‍ ഡീലുകള്‍, ബംബര്‍ സമ്മാനങ്ങളായി സന്ദര്‍ശകരെ കാത്തിരിക്കുന്ന ആഡംബര കാറുകള്‍… തുടങ്ങി ജൈറ്റെക്‌സ് ആദ്യ ദിനത്തിലെ നഗരത്തിന് ലഹരിയായി മാറിയിരിക്കയാണ്. ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം സ്മാര്‍ട്ട് ഫോണുകളായതിനാല്‍ വിവിധ കമ്പനികള്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളാണ് പ്രദര്‍ശനത്തില്‍ വില്‍പ്പനക്കായി എത്തിച്ചിരിക്കുന്നത്.

Latest