Connect with us

Gulf

ദുബൈ ആഗോള ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ തലസ്ഥാനമാകുന്നു

Published

|

Last Updated

ദുബൈ: എമിറേറ്റിനെ ആഗോള ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ തലസ്ഥാനമാക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കം കുറിച്ചു.
36 മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്ന കര്‍മ പദ്ധതിയില്‍ 46 തന്ത്രപ്രധാനമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കും. പ്രഖ്യാപന ചടങ്ങില്‍ കിരിടീവകാശിയും ഇസ്‌ലാമിക് സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കുന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ മുഖ്യ ആസൂത്രകനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ സംബന്ധിച്ചു.
ആഗോള സാമ്പത്തിക മേഖലയിലെ ചലനങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടാവണം. സുസ്ഥിരവും ചലനാത്മകവുമായ സമ്പദ് വ്യവസ്ഥയാണ് യു എ ഇയുടേത്. ഏതെങ്കിലും ഒരു വിതരണ മാര്‍ഗത്തെയോ സാമ്പത്തിക മേഖലയെയോ അല്ല രാജ്യം പരിഗണിക്കുന്നത്. ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ രാജ്യത്തിന് പുതുമയുള്ളതല്ല. എന്നാല്‍ ഈ മേഖലയിലെ ഞങ്ങളുടെ പരിചയവും പരിജ്ഞാനവും ആഗോള തലത്തിലേക്ക് വ്യാപിക്കുകയാണ്-ശൈഖ് മുഹമ്മദ് പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളിലും സേവനങ്ങളിലും ഇസ്‌ലാമിക നിയമ വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള മൂല്യവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ജീവിത നിലവാരം ഉയര്‍ത്തുകയും പുതുതലമുറക്ക് പുതിയ സങ്കേതങ്ങള്‍ തുറന്നുകൊടുക്കുന്നതുമാണ് പദ്ധതി. പൊതുമേഖലയും സ്വകാര്യ മേഖലയും യോജിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ഇത്തരമൊരു പദ്ധതി വിജയത്തിലെത്തുമെന്നത് സുനിശ്ചിതമാണെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ മുര്‍റ്, ദുബൈ കള്‍ച്ചര്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ പോലീസ് മേധാവി ലെഫ്. ജന. ദാഹി ഖല്‍ഫാന്‍ തമീം, ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ ശൈഖ് അഹമദ് അല്‍ ശൈബാനി തുടങ്ങി പ്രമുഖരുടെ വന്‍ നിര ചടങ്ങിനെത്തിയിരുന്നു