Connect with us

Gulf

തലസ്ഥാനത്ത് പിടികൂടിയത് 2,534 വാഹനങ്ങള്‍

Published

|

Last Updated

അബുദാബി: അപകടകരമാംവിധം വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 2,534 വാഹനങ്ങള്‍ പിടികൂടിയതായി അബുദാബി പോലീസ്. മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തില്‍ ഓടിച്ച വാഹനങ്ങളും പിടിച്ചെടുത്തവയില്‍പ്പെടുമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 2013 ജനുവരി ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കണക്കാണിതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാരിസി വ്യക്തമാക്കി.
അമിത വേഗത്തില്‍ വാഹനം ഓടിച്ച് ഡ്രൈവര്‍ക്കും മറ്റു വാഹന യാത്രക്കാര്‍ക്കും അപകടം വരുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കില്ല. റോഡില്‍ മത്സരയോട്ടം നടത്തുക, കാറും ബൈക്കും ഉപയോഗിച്ച് റോഡില്‍ അഭ്യാസം നടത്തുക എന്നിവക്കെതിരെ ശക്തമായ നടപടിയാവും സ്വീകരിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
പൊതു ഗതാഗതത്തിനാണ് എമിറേറ്റിലെ റോഡുകള്‍. അവിടെ യാതൊരുവിധ നിയമവിരുദ്ധ പ്രവര്‍ത്തിയും അനുവദിക്കില്ല. പ്രത്യേകിച്ചും വാഹനങ്ങളുമായി ബന്ധപ്പെട്ടവ. തലസ്ഥാനത്തെ റോഡുകള്‍ 24 മണിക്കൂറും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നത് ആരും മറക്കരുത്. ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ സെന്‍ക്ഷന്റെ കീഴിലാണ സിവില്‍ പട്രോള്‍ നടക്കുന്നത്. ഇതിനെല്ലാം പുറമെ ആകാശത്തു നിന്നും വാഹനങ്ങളുടെ നീക്കം അബുദാബി പോലീസിന്റെ എയര്‍വിംഗ് വിഭാഗം നിരീക്ഷിച്ചുവരികയാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ കൃത്യമായ ചിത്രവും വാഹനം നടത്തുന്ന നിയമലംഘനവും വ്യക്തമായി എയര്‍വിംഗിന്റെ ക്യാമറയില്‍ പതിയും. ഉടന്‍ തന്നെ നിയമം അനുശാസിക്കുന്ന നടപടി വേഗത്തില്‍ സ്വീകരിക്കുകയും ചെയ്യും.
നിയമം ലംഘിക്കുന്നവരെ ജയിലിലടക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഇതിന് ശേഷമാണ് തുടര്‍ നടപടികള്‍ ആരംഭിക്കുക. റോഡില്‍ അനുവദിച്ചതില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നതാണ് റോഡ് സുരക്ഷക്ക് ഏറ്റവും വലിയ ഭീഷണി. വാഹനാപകടങ്ങളുടെ മുഖ്യ കാരണവും മറിച്ചല്ല. വേഗം കുറച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും തയാറായാല്‍ റോഡപകടങ്ങളില്‍ വന്‍ കുറവ് വരുത്താന്‍ കഴിയുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

---- facebook comment plugin here -----

Latest