Connect with us

Wayanad

മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ഇനി ജില്ലാതല കമ്മിറ്റിയുടെ അനുമതി വേണം

Published

|

Last Updated

കല്‍പറ്റ: ജില്ലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ഇനി മുതല്‍ ജില്ലാതല ടെലികോം മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വേണം.
ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിനും ഇതു സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിനുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യയോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ജില്ലയില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ഈ കമ്മിറ്റിയിലാണ് പരിഗണിക്കുക. നിലവിലെ ടവറുകളെ സംബന്ധിച്ച പരാതികളും കമ്മിറ്റി പരിഗണിക്കും. ജില്ലാതല കമ്മിറ്റി നിരാകരിക്കുന്ന പരാതികളും അപേക്ഷകളും സംസ്ഥാനതലത്തില്‍ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ സമര്‍പ്പിക്കാം.
ജില്ലാ കലക്ടര്‍ക്കു പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പി.ഡബ്ലിയു.ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍(റോഡ്‌സ്), എക്‌സിക്യുട്ടീവ് എഞ്ചി. (ബില്‍ഡിംഗ്), ജില്ലാ പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാതല ഓഫീസര്‍, ടി.ഇ.ആര്‍.എം. സെല്‍ പ്രതിനിധി, ബി.എസ്.എന്‍.എല്‍ ജില്ലാ മെധാവി,, ടെലികോം സേവനദാതാക്കളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവരാണ് ജില്ലാതല കമ്മിറ്റി അംഗങ്ങള്‍. സംസ്ഥാനതല കമ്മിറ്റിയില്‍ വിവിധ വകുപ്പുതല മേധാവികളും ടെലികോം സേവന ദാതാക്കളുടെ സംസ്ഥാന മേധാവികളും ഉള്‍പ്പെടും. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ കെ.ജി.രാജു അധ്യക്ഷത വഹിച്ചു.
എ.ഡി.എം. എന്‍.ടി മാത്യു, ഡി.വൈ.എസ്.പി. എ.ജെ.ജോര്‍ജ്ജ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധി ബാബുരാജന്‍ പി.കെ., ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഹംസ ഇസ്മാലി, പൊതുമരാമത്ത് വകുപ്പ്(റോഡ്‌സ്) എക്‌സി.എഞ്ചിനീയര്‍ ദിവാകരന്‍ കെ., ബി.എസ്.എന്‍.എല്‍ പ്രതിനിധി വി.ജി. കേശവന്‍(ബി.എസ്.എന്‍എല്‍), കെ.രവികുമാര്‍(ഐഡിയ), ശിവന്‍ കിരണ്‍(റിലയന്‍സ്) തുടങ്ങിയവര്‍ സംബന്ധിച്ചു.