Connect with us

Malappuram

ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മലപ്പുറത്തെത്തുമോ?; പന്തുരുളുന്നത് അറിയാന്‍ ഡിസംബര്‍ 15 വരെ കാത്തിരിക്കണം

Published

|

Last Updated

മഞ്ചേരി: ഡിസംബര്‍ പതിനഞ്ചിനു മുമ്പായി മഞ്ചേരി പയ്യനാട് സ്റ്റേഡിയം സജ്ജമാക്കാനായാല്‍ ജനുവരി ആദ്യവാരമാരംഭിക്കുന്ന ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് മഞ്ചേരിയില്‍ പന്തുരുളുമെന്ന് കേരളാ സ്റ്റേറ്റ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് കെ എം ഐ മേത്തര്‍ ഉറപ്പു നല്‍കി. ഇന്നലെ വൈകീട്ട് അഞ്ചര മണിയോടെ മഞ്ചേരി സ്റ്റേഡിയം സന്ദര്‍ശിച്ച മേത്തര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡ്രസ്സിംഗ് റും, മൈതാനം, ഗ്യാലറി എന്നിവയാണ് അത്യാവശ്യമായി പൂര്‍ത്തിയാക്കാനുള്ളത്.
കൊച്ചി നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം കൂടാതെ മറ്റൊരിടത്തു കൂടി ഫെഡറേഷന്‍ കപ്പ് നടക്കേണ്ടതുണ്ട്. ഇതില്‍ മുന്തിയ പരിഗണന മഞ്ചേരിക്കാണ് നല്‍കുന്നതെന്ന് മേത്തര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മഞ്ചേരി സ്റ്റേഡിയത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആരാഞ്ഞ് മുഖ്യമന്ത്രി തന്നെ ഇന്നലെ മൂന്നു തവണ ഫോണില്‍ ബന്ധപ്പെട്ടതായി മേത്തര്‍ പറഞ്ഞു. ഫെഡറേഷന്‍ കപ്പ് നടത്താന്‍ തയ്യാറാകുന്ന പക്ഷം ഏല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട കാലാവധിക്കകം പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് എം എല്‍ എ ഉറപ്പു നല്‍കണം. രണ്ടു കോടി രൂപയുടെ പ്രവൃത്തിയാണ് രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കേണ്ടത്. 25000 കാണികള്‍ക്കുള്ള ഗാലറി ഇതില്‍ ഉള്‍പ്പെടും. വൈദ്യുതി കണക്ഷനുള്ള അപേക്ഷ ഇന്നലെ കെ എസ് ഇ ബിക്ക് നല്‍കി. പമ്പ് ഹൗസിനും വാട്ടര്‍ സപ്ലൈക്കുമായി അമ്പത് ലക്ഷം രൂപ കണക്കാക്കുന്നു. സ്റ്റേഡിയത്തിന് സമീപം പുതിയ കിണര്‍ നിര്‍മ്മിക്കും. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഫെഡറേഷന്‍ കപ്പ് ഫൂട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എന്നീ കമ്മറ്റികളിലെ സാങ്കേതിക വിദഗ്ധര്‍ അടുത്തു തന്നെ സ്റ്റേഡിയം സന്ദര്‍ശിക്കാനെത്തും.
മത്സരത്തിനെത്തുന്ന ടീമുകള്‍ക്ക് താമസ സൗകര്യത്തിന് മഞ്ചേരിയിലെ ടൂറിസ്റ്റ് ഹോം തയ്യാറാക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഡി എഫ് എ ഭാരവാഹികളും അറിയിച്ചു. സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന് കോടതി സ്റ്റേ നിലവിലുണ്ട്. ഈ പ്രശ്‌നം സംസ്ഥാന ഫുട്‌ബോള്‍ ഫെഡറേഷന്‍ മുഖ്യമന്ത്രിയുടെയും അഡീഷണല്‍ എ ജിയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയം സന്ദര്‍ശിക്കുന്നതിനായി എത്തിയ കെ എം ഐ മേത്തറെ സ്വീകരിക്കുന്നതിനായി അഡ്വ. എം ഉമ്മര്‍ എം എല്‍ എ, സ്‌പോര്‍ടസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍, ഡി എഫ് എ പ്രസിഡണ്ട് അബ്ദുല്‍ കരീം, സെക്രട്ടറി അബ്ദുല്‍ സലീം, ട്രഷറര്‍ അഷ്‌റഫ്, കെ എഫ് എ മെമ്പര്‍ അഡ്വ. സി കെ അബ്ദുറഹിമാന്‍, കിറ്റ്‌കോ സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ ബെന്‍ മാത്യുസ് തുടങ്ങിയവരുമെത്തിയിരുന്നു.

Latest