Connect with us

Editorial

രാഹുല്‍ ഗാന്ധി പറഞ്ഞുവെച്ചത്

Published

|

Last Updated

“എന്റെ വാക്കുകള്‍ കടുത്തതായിരുന്നു, എന്നാല്‍ എന്റെ മനോവികാരം ശരിയായ ദിശയിലുള്ളതായിരുന്നു” -പറയുന്നത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. തന്റെ പ്രതികരണം കടുത്ത ഭാഷയിലായത് യുവാവായതിനാലായിരിക്കാമെന്നും എന്നാല്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ തനിക്ക് എല്ലാ അവകാശവുമുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രം തയ്യാറാക്കിയിരുന്ന ഓര്‍ഡിനന്‍സിനെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി നടത്തിയ അഭിപ്രായപ്രകടനം ഭരണകൂടത്തേയും കോണ്‍ഗ്രസ് നേതൃത്വത്തേയും അല്‍പ്പ സമയത്തേക്കെങ്കിലും കിടിലം കൊള്ളിച്ചിരുന്നു. “ഓര്‍ഡിനന്‍സ് കൊണ്ടുവന്ന നടപടി മണ്ടത്തരമാണെന്നും അത് കീറിയെറിയണം” എന്നുമായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ അഭിപ്രായപ്രകടനം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്ര മന്ത്രിസഭയും എടുത്ത തീരുമാനത്തെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്തകാലം തടവിന് ശിക്ഷിക്കപ്പെടുന്ന എം പി, എം എല്‍ എമാര്‍ക്ക് ഉടനടി പദവി നഷ്‌പ്പെടുമെന്ന സുപ്രീം കോടതി വിധി മറികടക്കാനായിരുന്നു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. രാഷ്ട്രീയക്കാരായ ക്രിമിനല്‍ കുറ്റവാളികളുടെ രക്ഷാകവചമായി മാറുമായിരുന്ന ഓര്‍ഡിനന്‍സിന്, പക്ഷെ ഒരു രാവിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. രാഹുലിന്റെ “കടുത്ത വിമര്‍ശം” ഏല്‍ക്കേണ്ടിടത്തെല്ലാം ചെന്നുതറച്ചതിനാല്‍ സന്ധ്യമയങ്ങുമ്പോഴേക്കും ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ പിന്‍വലിച്ചു. രാജ്യത്ത് നിയമവാഴ്ച നിലനിന്നു കാണാനും അഴിമതിയും അതിക്രമങ്ങളും അവസാനിച്ചു കാണാനും ആഗ്രഹിക്കുന്നവരെല്ലാം ഈ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചവരെല്ലാം രാഹുലിനേക്കാള്‍ രാഷ്ട്രീയ പാരമ്പര്യം പുലര്‍ത്തുന്നവരായിരുന്നു. എന്നിട്ടും കേന്ദ്രമന്ത്രിസഭയെടുത്ത തീരുമാനം മണിക്കൂറുകള്‍ക്കകം പിന്‍വലിക്കേണ്ടിവന്നത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഏറ്റ കനത്ത പ്രഹരം തന്നെയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ എടുക്കുന്നത് വേണ്ടത്ര പഠനവും കൂടിയാലോചനകളും കൂടാതെയാണെന്ന് വരുന്നത് നിര്‍ഭാഗ്യകരമാണ്; ഖേദകരമാണ്.
നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പാര്‍ലിമെന്റിനെ വിശ്വാസത്തിലെടുത്താകണമെന്ന ജനാധിപത്യ പാരമ്പര്യവും കീഴ്‌വഴക്കവും കുറച്ചു കാലമായി ഭരണാധികാരികള്‍ വിസ്മരിക്കുന്നു എന്ന പരാതി ശക്തമാണ്. രാജ്യതാത്പര്യം പോലും വേണ്ടവിധം പരിരക്ഷിക്കപ്പെടാതെയാണ് ഭരണാധികാരികള്‍ പലപ്പോഴും പെരുമാറുന്നതെന്ന പരാതിയും നിലവിലുണ്ട്. ആരൊക്കയോ പറഞ്ഞേല്‍പ്പിച്ച കാര്യങ്ങള്‍ വരുംവരായ്കള്‍ ചിന്തിക്കാതെ, മുന്‍പിന്‍ നോക്കാതെ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പരാതിയും പുതിയതല്ല. ക്രിമിനല്‍ കുറ്റവാളികള്‍ക്ക് അധികാരസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ സഹായകമാകുമായിരുന്ന ഓര്‍ഡിനന്‍സിനെതിരായ, രാഹുലിന്റെ അഭിപ്രായപ്രകടനത്തിന് ഫലമുണ്ടായി. പ്രധാനമന്ത്രിയുടെ അധികാരം ചോദ്യം ചെയ്യാനോ മന്ത്രിസഭയെ അപമാനിക്കാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയെകണ്ട് “കടുത്ത വാക്കുകള്‍ക്ക്” ഖേദപ്രകടനം നടത്തിയ രാഹുല്‍ അറിയിച്ചുവത്രെ. ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കാന്‍ കേന്ദ്ര മന്ത്രിസഭക്ക് രാഹുല്‍ ഗാന്ധിയുടെ സഹായം വേണ്ടിവന്നുവെന്നാല്‍ അത് കേന്ദ്രത്തിന്റെ പിടിപ്പുകേട് തന്നെയാണ്.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഗുജറാത്ത് മീഡിയ ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ, രാഹുല്‍ ഗാന്ധി തന്റെ നിലപാടുകള്‍ ഒന്നുകൂടി വിശദീകരിച്ചു. രാഷ്ട്രീയ എതിരാളികളേക്കാള്‍ കോണ്‍ഗ്രസിന് ഭീഷണി പാര്‍ട്ടിക്കകത്തെ ചേരിപ്പോരാണ്, പാര്‍ട്ടിക്കകത്തേയും ഭരണകൂടത്തിലേയും അധികാര കേന്ദ്രീകരണം പൊതുജനങ്ങളെ അന്യവത്കരിക്കുന്നു, രാജ്യത്തിന് വേണ്ടി ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒരു പറ്റം പാര്‍ശ്വവര്‍ത്തികളാണ്. 120 കോടി ജനതയില്‍ മഹാഭൂരിപക്ഷത്തിനും രാജ്യത്തെ കരുപ്പിടിപ്പിക്കുന്നതില്‍ പങ്കൊന്നുമില്ലാതെ പോകുന്നു. പാര്‍ട്ടിയുടെ കരുത്തായ അണികള്‍ അവഗണിക്കപ്പെടുന്നു- രാഹുല്‍ ഗാന്ധി വളച്ചുകെട്ടില്ലാതെ പറഞ്ഞു. ഓര്‍ഡിനന്‍സിനെതിരെ ശക്തമായ നിലപാടെടുത്ത രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ കേന്ദ്ര സര്‍ക്കാറും കോണ്‍ഗ്രസ് നേതൃത്വവും അതിന്റെ ഗൗരവത്തില്‍ എടുക്കുമെന്ന് നമുക്ക് വിശ്വസിക്കാം. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.