Connect with us

Malappuram

മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയിട്ട് പത്ത് ദിവസം

Published

|

Last Updated

കാളികാവ്: മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി പത്ത് ദിവസമായിട്ടും പൈപ്പ് നന്നാക്കിയില്ല. കുടിവെള്ളം മുടങ്ങിയതിനാല്‍ നാട്ടുകാര്‍ ദുരിതത്തിലായി. പൂച്ചപ്പൊയില്‍ റോഡിലാണ് പൈപ്പ് പൊട്ടിയത് നന്നാക്കാതെ കിടക്കുന്നത്.
രണ്ട് ലൈനും കടന്ന് പോകുന്നത് പൂച്ചപ്പൊയില്‍ റോഡിലൂടെയാണ്. പൈപ്പ് പൊട്ടി വെള്ളം ധാരാളം ഒഴുകുന്നത് റോഡിനും ജനങ്ങളുടെ ജീവനും ഭീഷണിയായിട്ടുണ്ട്. അഞ്ചച്ചവിടി സ്‌കൂളിലേക്കും, പൂച്ചപ്പൊയില്‍, അഞ്ചച്ചവിടി എന്നിവിടങ്ങളിലെ മദ്രസകളിലേക്കും റോഡിലൂടെ നടന്ന് പോകുന്ന കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിട്ടുണ്ട് പൈപ്പ് പൊട്ടുന്ന സംഭവം. പൈപ്പ് പൊട്ടി വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ പെട്ട് കുട്ടികള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പൈപ്പ് പൊട്ടി റോഡ് തകരുന്ന സംഭവത്തിന് അറുതി വരുത്താന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നാട്ടുകാരുടെ ഏറെ നാളത്ത് കാത്തിരിപ്പിനൊടുവില്‍ അടുത്തിടെ ടാറിംഗ് നടത്തിയ റോഡ് പലഭാഗങ്ങളിലും തകര്‍ന്നിട്ടുണ്ട്.
നിരവധി തവണ ഗ്രാമ പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, ജില്ലാകലക്ടര്‍, വാട്ടര്‍ അതോറിട്ടറി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തുടങ്ങിയവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കണക്ഷന്‍ കുറവായതിനാല്‍ വെള്ളത്തിന്റെ സമ്മര്‍ദ്ദം കാരണം ഗുണമേന്‍മയില്ലാത്ത പൈപ്പുകള്‍ പൊട്ടുകയാണ് ചെയ്യുന്നത്.
കൂടുതല്‍ കണക്ഷനുകള്‍ നല്‍കി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും പൂച്ചപ്പൊയില്‍ പ്രദേശത്ത് പൊതുടാപ്പുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അഞ്ചച്ചവിടി, വെന്തോടന്‍പടി, പള്ളിശ്ശേരി, കാളികാവ്, അടക്കാക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ മധുമല കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ കടുത്ത ദുരിത്തിലാണ്. നാട്ടുകാര്‍ സംഘടിച്ച് പലഭാഗത്തും ആക്ഷന്‍ കമ്മറ്റികള്‍ രൂപീകരിച്ച് സമരത്തിന് തയ്യാറാകുകയാണ്. കാളികാവ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു എന്നാല്‍ അത്തരം ഒരു ഇടപെടല്‍ ഉണ്ടായിട്ടില്ല.
റോഡ് തകരുന്നത് ഒഴിവാക്കുന്നതിനും മധുമല കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് ഉപകാരപ്രതമാക്കി മാറ്റുന്നതിനും ജീവന് തന്നെ ഭീഷണിയായ പൂച്ചപ്പൊയില്‍ നിവാസികള്‍ എന്‍ എം സലാമിനെ ചെയര്‍മാനായും പി വി ഉമ്മര്‍ കണ്‍വീനറായും അന്‍സാര്‍, നാസിബ് എന്നിവരെ ഭാരവാഹികളായും പൗരസമിതിക്ക് രൂപം നല്‍കിയിരുന്നു

Latest