Connect with us

Kerala

മുറിവുണക്കാന്‍ ഹൈക്കമാന്റ് 11ന് വീണ്ടും കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് വീണ്ടും ഇടപെടുന്നു. പാര്‍ട്ടിയിലെയും സര്‍ക്കാറിലെയും ആഭ്യന്തര പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് തിരക്കിട്ട നീക്കങ്ങള്‍. കേരള സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മുന്നണി നേതാക്കളും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. സോണിയ വന്നു പോയതിന് പിന്നാലെ ഗ്രൂപ്പ് പോര് വീണ്ടും മൂര്‍ച്ഛിച്ചിരുന്നു. ഇതുകൂടി മനസ്സിലാക്കിയാണ് പെട്ടെന്നുള്ള ഇടപെടല്‍.
കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയും ഈ മാസം 11ന് തലസ്ഥാനത്തെത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടിയാണ് നേതാക്കളുടെ വരവ്. ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലകളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനും ചേരുന്നുണ്ട്.
ഗ്രൂപ്പ് തിരിഞ്ഞുള്ള ഏറ്റുമുട്ടലും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് പ്രധാനവെല്ലുവിളിയായി നേതാക്കള്‍ സോണിയക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോടെ രണ്ട് വഴിക്ക് നീങ്ങുന്ന ഗ്രൂപ്പുകളെ ഒരുമിച്ച് നിര്‍ത്തിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഘടകകക്ഷി നേതാക്കളെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നു. സോണിയ മടങ്ങിയതിന് പിന്നാലെ തന്നെ ചേരിതിരിഞ്ഞ് പ്രസ്താവനായുദ്ധം തുടങ്ങി. സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്ന ഘട്ടമെത്തിയതോടെയാണ് രമേശ് ചെന്നിത്തല ഇടപെട്ട് പരസ്യപ്രസ്താവനക്ക് വിലക്കേര്‍പ്പെടുത്തിയത്.
സലീംരാജിനെ പരാമര്‍ശിച്ചുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് യുദ്ധം വീണ്ടും മുറുകിയത്. ഗോള്‍ഡ് മോനും ഗണ്‍ മോനും പാര്‍ട്ടിക്കാരല്ലെന്ന് പറഞ്ഞ് മുരളി രൂക്ഷവിമര്‍ശവുമായി രംഗത്തുവന്നു. മുരളിക്കെതിരെ എം എം ഹസനും കളത്തിലിറങ്ങിയതോടെയാണ് വിലക്കേര്‍പ്പെടുത്തിയത്.
ഇതിനിടെയാണ് ഐ ഗ്രൂപ്പ് മന്ത്രി കൈയാളുന്ന സഹകരണ വകുപ്പിലെ കണ്‍സ്യൂമര്‍ഫെഡില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. ഇതും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന് ആയുധമായി. ആഭ്യന്തരമന്ത്രി എ ഗ്രൂപ്പുകാരനായതിനാല്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനെ മോശക്കാരനാക്കാന്‍ റെയ്ഡ് നടത്തിയെന്നായിരുന്നു വിമര്‍ശം. ഇതേച്ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂരും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. എ ഗ്രൂപ്പിലായിരുന്നെങ്കിലും അഞ്ചാം മന്ത്രി വിവാദത്തിന്റെ തുടര്‍ച്ചയായി നടന്ന വകുപ്പ് പുനഃസംഘടനയെ തുടര്‍ന്ന് ആര്യാടന് ഇപ്പോള്‍ ഐ പക്ഷത്തോടാണ് താത്പര്യം.
ഐ പക്ഷത്ത് നിന്ന് കരകുളം കൃഷ്ണപിള്ളയും റെയ്ഡിനെതിരെ രംഗത്തുവന്നു. താന്‍ രമേശ് ചെന്നിത്തലക്ക് ഒപ്പം നില്‍ക്കുന്നയാളായത് കൊണ്ടാകണം റെയ്‌ഡെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും പ്രതികരിച്ചു. എന്നാല്‍ ഇതിന് കാര്യമായ പ്രതികരണം എ ഗ്രൂപ്പില്‍ നിന്ന് ഉണ്ടായതുമില്ല. ആരെയെങ്കിലും അറിയിച്ചിട്ട് റെയ്ഡ് നടത്താന്‍ കഴിയുമോയെന്ന ചോദ്യമാണ് തിരുവഞ്ചൂര്‍ ഉയര്‍ത്തിയത്. റെയ്ഡിനെ ഗ്രൂപ്പ് വത്കരിച്ചതില്‍ ഐ ഗ്രൂപ്പില്‍ നിന്നുതന്നെ എതിര്‍പ്പുയരുകയും ചെയ്തു.
കോണ്‍ഗ്രസിലെ പ്രശ്‌നം തീര്‍ക്കാതെ ലോക്‌സഭാതിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ കഴിയില്ലെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നതും ഇതുകൊണ്ടാണ്. ഈ മാസം 11ന് തിരുവനന്തപുരത്തെത്തുന്ന മുകുള്‍വാസ്‌നിക്കും വീരപ്പ മൊയ്‌ലിയും ഉച്ചക്ക് 2.30 ന് കോണ്‍ഗ്രസ് എം പിമാരുടെ യോഗത്തിലും വൈകുന്നേരം നാല് മണിക്ക് കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗത്തിലും അഞ്ച് മണിക്ക് പാര്‍ട്ടി സര്‍ക്കാര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലും സംബന്ധിക്കും. പതിനേഴ്, പതിനെട്ട് തീയതികളില്‍ മുകുള്‍ വാസ്‌നിക്കും വീണ്ടുമെത്തും. 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലും ഉച്ചക്ക് മൂന്ന് മണിക്ക് കൊല്ലം ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലും 18 ന് രാവിലെ 10 മണിക്ക് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലും ഉച്ചക്ക് മൂന്ന് മണിക്ക് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലും പങ്കെടുക്കും. ഈ യോഗങ്ങളില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ സംബന്ധിക്കും.

 

---- facebook comment plugin here -----

Latest