Connect with us

Kerala

47.5 കോടി രൂപയുടെ ദേശീയ നഗരാരോഗ്യ ദൗത്യം പദ്ധതി ഉടന്‍ നടപ്പാക്കും: മന്ത്രി

Published

|

Last Updated

കൊച്ചി: തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിനെ സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്തുന്നതിനുള്ള 100 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. 47.5 കോടി രൂപയുടെ ദേശീയ നഗരാരോഗ്യ ദൗത്യം പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും സംയുക്തമായി നടപ്പിലാക്കുന്ന “അമൃതം ആരോഗ്യം” ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ മിനി റീജ്യനല്‍ ക്യാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കും. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തും. അര്‍ബുദ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ ജില്ലകളിലും അവ ഏര്‍പ്പെടുത്തും. തിരഞ്ഞെടുത്ത ഡോക്ടര്‍മാര്‍ക്ക് അര്‍ബുദ ചികിത്സയില്‍ പ്രത്യേക പരിശീലനം നല്‍കും. സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനുകളിലും 12 മുന്‍സിപ്പാലിറ്റികളിലുമാണ് ദേശീയ നഗരാരോഗ്യ ദൗത്യം പദ്ധതി നടപ്പിലാക്കുക. നഗരങ്ങളിലെ 54 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഈ പദ്ധതിയില്‍ ജീവിതശൈലീ രോഗ നിയന്ത്രണ ചികിത്സക്ക് മുന്‍ഗണന നല്‍കും. ജീവിതശൈലീ രോഗങ്ങള്‍ നിമിത്തം 30നും 60നും മധ്യേ പ്രായമുള്ള 2.5 ലക്ഷം ആളുകളാണ് ഓരോ വര്‍ഷവും സംസ്ഥാനത്ത് മരിക്കുന്നത്. ഇവക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണമാണ് “അമൃതം ആരോഗ്യം” പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുക. ശിശു ദിനമായ നവംബര്‍ 14ന്, കുട്ടികള്‍ക്കുള്ള ജീവിതശൈലീ രോഗ ബോധവത്കരണ പരിപാടിയായ “ലീപ്പ്” (ലൈഫ്‌സ്റ്റൈല്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവെയര്‍നെസ് പ്രോഗ്രാം) സംസ്ഥാനത്ത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ നഗരാരോഗ്യ ദൗത്യം പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലേക്കും വ്യാപിപ്പിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസ് അഭിപ്രായപ്പെട്ടു. ഊര്‍ജിത ജീവിതശൈലി രോഗ നിയന്ത്രണ യജ്ഞം പോലുള്ള പദ്ധതികളിലൂടെ ആരോഗ്യ മേഖലയിലെ വലിയ മാറ്റത്തിനാണ് സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുതെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ സി ഡി പ്രകാശനം മന്ത്രി ശിവകുമാര്‍ നിര്‍വഹിച്ചു. എക്‌സൈസ് മന്ത്രി കെ ബാബു രോഗനിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.
എം എല്‍ എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ജോസഫ് വാഴയ്ക്കന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുപ്പിള്ളി, ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ സോമന്‍, ജില്ലാ കലക്ടര്‍ പി ഐ ഷെയ്ഖ് പരീത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദ്, എന്‍ ആര്‍ എച്ച് എം പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ വി ബീന, ആയുര്‍വേദ ഡി എം ഒ. ഡോ. എന്‍ അംബിക, ഹോമിയോ ഡി എം ഒ എ. ഡോ. എസ്. അമൃതകുമാരി, കേപ്പ് ഡയറക്ടര്‍ ഡോ. എം ഐ ജുനൈദ് റഹ്മാന്‍, കെ ജി എം ഒ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്യാം സുന്ദര്‍, ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ വി ദേവദാസ് പ്രസംഗിച്ചു.

Latest