Connect with us

Kozhikode

ടി പി വധം: പ്രധാന പ്രതികള്‍ സ്ഥലത്തില്ലെന്ന് സ്ഥാപിക്കാന്‍ സമര്‍പ്പിച്ച ഫോട്ടോ വ്യാജം

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ വധിക്കാനായി ഗുഢാലോചന നടത്തിയ സമയത്ത് സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം പി മോഹനനുള്‍പ്പെടെയുള്ള പ്രതികള്‍ ഓര്‍ക്കാട്ടേരിയിലുണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കാനായി സമര്‍പ്പിച്ച തെളിവ് വ്യാജമായി സൃഷ്ടിച്ചതെന്ന് പ്രോസിക്യൂഷന്‍. ഒഞ്ചിയത്തെ ദീപശിഖാ റാലിയുടെ ഫോട്ടോയില്‍ കൃത്രിമം കാണിച്ചുവെന്നതിന് തെളിവ് നല്‍കുന്ന സി ഡി പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ഹാജരാക്കി.
പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ സി ഡിയില്‍ കൃത്രിമം നടന്നുവെന്ന് പ്രോജക്ടര്‍ വെച്ച് ദൃശ്യം വ്യക്തമാക്കി പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. എടുത്ത ഫോട്ടോ കമ്പ്യൂട്ടറില്‍ കയറ്റി അതിന്റെ പ്രോപ്പര്‍ട്ടി ഓപ്ഷനില്‍ ഇഷ്ടമുള്ള തീയതിയും സമയവും സൃഷ്ടിക്കാമെന്നും അതാണ് പ്രതിഭാഗം സാക്ഷി ഹാജരാക്കിയ ഫോട്ടോകളില്‍ നടന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കോടതിയില്‍ നേരത്തെ തെളിവായി ഹാജരാക്കിയ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ദീപശിഖാ റാലിയുടെ സീ ഡിയില്‍ ഫോട്ടോ എടുത്ത തീയതിയും സമയവും മാറ്റിക്കൊണ്ടുള്ള മറ്റൊരു സീ ഡി കൃത്രിമം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കാനായി പ്രോജക്ടര്‍ വഴി കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രദര്‍ശിപ്പിച്ചു.
പ്രതിഭാഗത്തിന് പകര്‍പ്പ് നല്‍കാതെ രേഖയായി സ്വീകരിക്കാനാകില്ലെന്ന് കോടതി അറിയിച്ചതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ പകര്‍പ്പ് ഹാജരാക്കുകയും സി ഡി തെളിവായി ജഡ്ജി ഫയലില്‍ സ്വീകരിക്കുകയുമായിരുന്നു.
ദീപശിഖാ റാലിയുടെ ആദ്യ ഫോട്ടോ എടുത്തത് 2012 ഏപ്രില്‍ 2ന് ഉച്ചക്കുശേഷം 2.53 എന്നാണ് പ്രോജക്ടര്‍ ഉപയോഗിച്ച് കാണിച്ച ചിത്രത്തിന്റെ പ്രോപ്പര്‍ട്ടീസില്‍ തെളിയുന്നത്. എന്നാല്‍ ഇതിന്റെ ആധികാരികതയിലേക്ക് പോയാല്‍ സമയം രാവിലെ 8.08 ആണെന്നും തീയതി 2013 മെയ് 10 ആണെന്നുമാണ് കാണിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം ഫോട്ടോയില്‍ കാണുന്ന തീയതിയും സമയവും ക്യാമറ വാങ്ങിക്കുമ്പോള്‍ സെറ്റ് ചെയ്യിച്ചതാണെന്നും അല്ലാതെ ഇതില്‍ താനൊരു തരത്തിലുള്ള മാറ്റങ്ങളും വരുത്തിയിട്ടില്ലെന്നും പ്രതിഭാഗം സാക്ഷി ഫോട്ടോഗ്രാഫര്‍ പി എം ഭാസ്‌കരന്‍ അവകാശപ്പെട്ടു. പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയില്‍ വെച്ച് പി മോഹനനും സി എച്ച് അശോകനും കെ സി രാമചന്ദ്രനും ഉള്‍പ്പെടെയുള്ള പ്രതികള്‍ 2012 ഏപ്രില്‍ 2ന് പ്രതികള്‍ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന 126-ാം സാക്ഷി പി എം സുരേഷ് ബാബുവിന്റെ മൊഴിയെ ഖണ്ഡിക്കാനാണ് ഓര്‍ക്കാട്ടേരി ഗീതാ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍ പി എം ഭാസ്‌കരനെ സാക്ഷിയാക്കി അവതരിപ്പിച്ചത്.

Latest