Connect with us

National

ലാലു ജയിലില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാകുന്നു

Published

|

Last Updated

പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ അഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജയിലില്‍ അധ്യാപകനാകുന്നു. സഹതടവുകാര്‍ക്ക് അദ്ദേഹത്തിന്റെ ഇഷ്ട വിഷയമായ പൊളിറ്റിക്കല്‍ സയന്‍സും മാനേജ്‌മെന്റും ലാലു പഠിപ്പിക്കും.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബീഹാറിലെ ബി എന്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ലാലു റെയില്‍വേ മന്ത്രിയായിരിക്കെ ഈ വിഷയത്തില്‍ ഐ ഐ എമ്മിലും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും ഉള്‍പ്പെടെ ക്ലാസുകള്‍ എടുത്തിരുന്നു. കഠിന തടവിന് ശിക്ഷിക്കപ്പെട്ടവര്‍ ജയില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ജോലി ചെയ്യണമെന്നാണ് ജയില്‍ ചട്ടം. എന്നാല്‍ ലാലുവിന്റെ വയസ്സും ആരോഗ്യ സ്ഥിതിയും രാഷ്ട്രീയ സ്ഥിതിയും പരിഗണിച്ച് അദ്ദേഹത്തിന് കഠിന ജോലികള്‍ നല്‍കാന്‍ കഴിയില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള വീരേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു. അതിനാല്‍ അധ്യാപക ജോലിയെടുക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിരിക്കുകയാണെന്ന് സൂപ്രണ്ട് പറഞ്ഞു. അധ്യാപക ജോലിക്ക് ഒരു ദിവസം 25 രൂപ നിരക്കിലാണ് ലാലുവിന് വേതനം ലഭിക്കുക. ലാലുവിനെ പ്രവേശിപ്പിച്ചിട്ടുള്ള ബിര്‍സ മുണ്ട ജയിലില്‍ മൂവായിരത്തോളം തടവുകാരാണുള്ളത്. ഇവരില്‍ 200 പേര്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷക്കും 100 പേര്‍ ബിരുദ പരീക്ഷക്കും 50 പേര്‍ ബിരുദാനന്തര പരീക്ഷ്‌ക്കും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലാലുവിന്റെ ക്ലാസുകള്‍ പ്രയോജനം ചെയ്യുമെന്ന നിഗമനത്തിലാണ് ജയില്‍ അധികൃതര്‍. അതേസമയം ലാലുവിന്റെ ജീവിത പശ്ചാത്തലം ജയില്‍ ഉദ്യോഗസ്ഥന്‍ ഉടന്‍ ശേഖരിക്കുമെന്ന് ജയില്‍ ഐ ജി ശൈലേന്ദ്ര ഭൂഷണ്‍ പറഞ്ഞു. ഇതിന് ശേഷം അദ്ദേഹത്തിന് ഉചിതമായ ജോലികള്‍ നല്‍കുമെന്നും ഐ ജി വ്യക്തമാക്കി.