Connect with us

National

അതിര്‍ത്തിയില്‍ കാര്‍ഗില്‍ സമാന സാഹചര്യമില്ലെന്ന് കരസേനാ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: വെടിവെപ്പ് തുടരുകയാണെങ്കിലും കാശ്മീരില്‍ കാര്‍ഗില്‍ സമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ്. എല്ലാ അര്‍ഥത്തിലും മേഖലയില്‍ ഇന്ത്യന്‍ സൈന്യം മേധാവിത്വം പുലര്‍ത്തുന്നുണ്ട്. നുഴഞ്ഞുകയറ്റക്കാരെ എത്രയും വേഗം തുരത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കുന്നതിനായി ഇന്ത്യയും പാക്കിസ്ഥാനും ധാരണയിലെത്തിയതിനു പിന്നാലെയാണ് ജമ്മു കാശ്മീരിലെ അതിര്‍ത്തി ജില്ലയായ കുപ്‌വാരയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 23 മുതല്‍ നാല്‍പ്പതോളം വരുന്ന തീവ്രവാദി സംഘം പാക് സൈന്യത്തിന്റെ പിന്‍ബലത്തില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സേനക്കു നേരെ വെടിയുതിര്‍ക്കുകയാണെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വെടിവെപ്പ് നടത്തുന്ന പാക് തീവ്രവാദ ഗ്രൂപ്പുകളുടെ കൂടെ കഴിഞ്ഞ ദിവസം പന്ത്രണ്ടോളം സംഘങ്ങള്‍ കൂടി ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. കാരന്‍ മേഖലയില്‍ അങ്ങിങ്ങായി നടക്കുന്ന വെടിവെപ്പ് വരും ദിവസങ്ങളിലും തുടരുമെന്നും പന്ത്രണ്ട് മുതല്‍ മുപ്പത്തിരണ്ട് മണിക്കൂറിനുള്ളില്‍ തീവ്രവാദികളെ മുഴുവനായി തുരത്താന്‍ കഴിയുമെന്നും സൈനിക വക്താവ് അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാരെ പ്രതിരോധിക്കാനായി ഇന്ത്യന്‍ സൈന്യം കാശ്മീര്‍ താഴ്‌വരയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, രണ്ട് സൈനികര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റില്‍ പാക് നുഴഞ്ഞുകയറ്റക്കാരായ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, അതിര്‍ത്തിയിലെ വെടിവെപ്പ് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതും നുണയുമാണെന്ന് പാക് സൈനിക വക്താവ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നിരുന്നാലും കഴിഞ്ഞയാഴ്ച നിയന്ത്രണ രേഖയിലെ ചില ഭാഗങ്ങളില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമമുണ്ടായി എന്ന ആരോപണത്തെ അദ്ദേഹം ശരിവെക്കുകയും ചെയ്തു.
അതിര്‍ത്തിയില്‍ കാര്‍ഗില്‍ സമാന സാഹചര്യമില്ലെന്ന് ജനറല്‍ ബി കെ സിംഗ് പറഞ്ഞു. കാര്‍ഗില്‍ സമയത്ത് സംഭവിച്ചതു പോലെയുള്ള സംഭവങ്ങളല്ല ഇപ്പോള്‍. നിയന്ത്രണ രേഖയിലെ ഏതെങ്കിലും ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടില്ല. മുപ്പതോ നാല്‍പ്പതോ തീവ്രവാദികള്‍ നുഴഞ്ഞു കയറാനുള്ള ശ്രമമാണ് നടന്നത്. നാലോ അഞ്ചോ സ്ഥലങ്ങളിലൂടെയാണ് അവര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇന്റലിജന്‍സ് വിഭാഗം ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിരുന്നു.
അതിനാല്‍ അത് പരാജയപ്പെടുത്താനായി. തീവ്രവാദികള്‍ ഏതെങ്കിലും ഇന്ത്യന്‍ സൈനിക പോസ്റ്റുകളോ ബങ്കറുകളോ പിടിച്ചടക്കിയതായുള്ള ആരോപണം അദ്ദേഹം നിഷേധിച്ചു.

Latest