Connect with us

National

അഞ്ച് സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ തിയതി പ്രഖ്യാപിച്ചു

Published

|

Last Updated

ന്യുഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡല്‍ഹിക്ക് പുറമെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തൊണ്ണൂറ് അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് മാത്രമാണ് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 11, 19 തീയതികളിലാണ് ഇവിടെ തിരഞ്ഞെടുപ്പ്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 25നും ഇരുനൂറ് അംഗ രാജസ്ഥാന്‍ നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും എഴുപതംഗ ഡല്‍ഹി നിയമസഭയിലേക്കും നാല്‍പ്പതംഗ മിസോറാം നിയമസഭയിലേക്കും ഡിസംബര്‍ നാലിനും വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ എട്ടിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത്തവണ നിഷേധ വോട്ടിന് വോട്ടര്‍മാര്‍ക്ക് അവസരമുണ്ടാകും. വോട്ടിംഗ് യന്ത്രത്തില്‍ ഏറ്റവും ഒടുവിലായി “മേല്‍പ്പറഞ്ഞ ആര്‍ക്കുമല്ല” എന്ന് രേഖപ്പെടുത്തുന്ന മറ്റൊരു ബട്ടണ്‍ കൂടി സ്ഥാപിക്കും. ഇത് സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശം കര്‍ശനമായി പാലിക്കപ്പെടുമെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. ഏതാണ്ട് അര ലക്ഷം സൈനികരെ സുരക്ഷക്കായി നിയോഗിക്കും. ഛത്തീസ്ഗഢിലെ നക്‌സല്‍ സ്വാധീന മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. മധ്യപ്രദേശിലെ നിലവിലുള്ള നിയമസഭയുടെ കാലാവധി ഡിസംബര്‍ പന്ത്രണ്ടിനാണ് അവസാനിക്കുക. മിസോറാം സഭയുടെ കാലാവധി ഡിസംബര്‍ 15നും ഡല്‍ഹി നിയമസഭയുടെത് ഡിസംബര്‍ 17നും രാജസ്ഥാന്‍ നിയമസഭയുടെ കാലാവധി ഡിസംബര്‍ 31നും ഛത്തീസ്ഗഢ് നിയമസഭയുടെത് ജനുവരി നാലിനും പൂര്‍ത്തിയാകും. 2008ലാണ് ഈ സംസ്ഥാനങ്ങളില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
ഡല്‍ഹി, രാജസ്ഥാന്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിലവില്‍ കോണ്‍ഗ്രസാണ് ഭരണത്തില്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി ജെ പിയും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രവണതകള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തുന്നത്.