Connect with us

International

ഒബാമയുടെ ഏഷ്യന്‍ യാത്ര നിര്‍ത്തിവെച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ ഏഷ്യന്‍ യാത്ര പൂര്‍ണമായും നിര്‍ത്തിവെച്ചു. വാര്‍ഷിക ബജറ്റ് പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ അടച്ചുപൂട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഒബാമ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്ന ഇന്തോനേഷ്യയിലെ ഏഷ്യ – പെസഫിക് ഇക്കണോമിക് കോ- ഓപ്പറേഷന്‍ (എപെക്) ഉച്ചകോടിയിലും ബ്രൂണെയിലെ പശ്ചിമേഷ്യ ഉച്ചകോടിയിലും സംബന്ധിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു.
യു എസ് പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം വെട്ടിച്ചുരുക്കിയിരുന്നെങ്കിലും ഈ രണ്ട് ഉച്ചകോടികളില്‍ പങ്കെടുക്കുമെന്ന് നേരത്തെ ഒബാമ വ്യക്തമാക്കിയിരുന്നു. ഒബാമക്ക് പകരം രണ്ട് ഉച്ചകോടികളിലും അമേരിക്കയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലേക്കുള്ള പ്രസിഡന്റിന്റെ യാത്ര നടക്കുകയില്ലെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. ഇന്നലെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബാംബാംഗ് യുദോയോനോയുമായി ഫോണില്‍ സംസാരിച്ച ഒബാമ, എപെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ഇങ്ങനെ തീരുമാനിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്നും അറിയിച്ചു.
അതിനിടെ, അമേരിക്കയിലെ ബജറ്റ് പാസാക്കി സാമ്പത്തിക അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുകയാണ്. പ്രതിസന്ധിയെ തുടര്‍ന്ന് കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതില്‍ അമേരിക്ക പരാജയപ്പെടുന്നത് ആഗോള സാമ്പത്തിക മേഖലയെ വന്‍തോതില്‍ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) മേധാവി ക്രിസ്റ്റിനെ ലഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, അടച്ചുപൂട്ടല്‍ പ്രതിസന്ധി അമേരിക്കയുടെ രഹസ്യന്വേഷണ വിഭാഗത്തെയും ബാധിച്ചതായി എന്‍ എസ് എ വക്താക്കള്‍ അറിയിച്ചു.