Connect with us

Gulf

സഊദിയില്‍ ആഭ്യന്തര ഹജ്ജ് നിരക്ക് കുത്തനെ കൂട്ടി

Published

|

Last Updated

റിയാദ്: സഊദി അറേബ്യയില്‍ ആഭ്യന്തര ഹജ്ജ് സര്‍വീസ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാളും ഇരട്ടിയാണ് നിരക്ക് വര്‍ധന. വിശുദ്ധ ഹറമിലും മറ്റും നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഹാജിമാരെ ചുരുക്കുന്നിതിന്റെ ഭാഗമായി ആഭ്യന്തര ഹാജിമാരുടെ എണ്ണത്തില്‍ 50 ശതമാനം വെട്ടിച്ചുരിക്കിയിരുന്നു. ഇതാണ് നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷത്തി ഒന്‍പതിനായിരം പേരാണ് സഊദിയില്‍ നിന്ന് അനുമതിപത്രത്തോടെ ഹജ്ജ് നിര്‍വഹിച്ചത്. എന്നാല്‍, ഈ വര്‍ഷം ഒരു ലക്ഷത്തി നാലായിരം പേര്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. പകുതിയായി കുറച്ചതുമൂലം നഷ്ടം നേരിടുന്ന ഹജ്ജ് ഗ്രൂപ്പുകള്‍ അത് നികത്താനാണ് നിരക്ക് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം അംഗീകൃത തസ്തികകളോട് കൂടി നാലായിരം റിയാലിനും അയ്യായിരം റിയാലിനുമിടയിലായാണ് ഇവിടെ നിന്നും മലയാളികളുള്‍പ്പടെയുള്ള പ്രവാസികള്‍ ഹജ്ജ് നിര്‍വഹിച്ചതെങ്കില്‍ ഈ വര്‍ഷം എട്ടായിരത്തിനും ഒന്‍പതിനായിരത്തിനുമിടയില്‍ റിയാല്‍ അടച്ചാണ് ഹജ്ജിന് അവസരമൊരുക്കുന്നത്. നിതാഖാത്ത് മൂലം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച കുടുംബത്തെയാണ് പുതിയ നിരക്ക് വര്‍ധന കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. സഊദിയില്‍ നിന്ന് കൊണ്ട് ഹജ്ജ് നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച മലയാളികള്‍ ചാര്‍ജ് വര്‍ധന താങ്ങാനാവാതെ വിഷമിക്കുകയാണ്.
വ്യാജ അനുമതി പത്രത്തോടെയും ഹാജിമാരുടെ ബസിന്റെ അനുമതിപത്രം സംഘടിപ്പിച്ചും അനധികൃത മാര്‍ഗത്തിലൂടെ ഹജ്ജിന് കൊണ്ടുപോകുന്നവര്‍ ഈ വര്‍ഷവും ചുരുങ്ങിയ ചെലവില്‍ ഹാജിമാരെ കൊണ്ടുപോകാന്‍ തയാറായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2500-4500 റിയാലാണെങ്കില്‍ ഈ വര്‍ഷം അത് നാലിയിരം മുതല്‍ അയ്യായിരം വരെയാണ്. മിന, മുസ്ദലിഫ എന്നിവിടങ്ങളിലെ ടെന്‍ഡ്, മെട്രോ ട്രെയിന്‍ സൗകര്യങ്ങളൊന്നുമില്ലാതെയാണ് ഇവരുടെ സര്‍വീസെങ്കിലും ഇതൊക്കെ ലഭ്യമാണ് എന്ന വ്യാജ പ്രചാരണം നടത്തിയാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള ഹാജിമാരെ വലവീശുന്നത്. ഇത്തരം സര്‍വസുകള്‍ ചെക്ക് പോയിന്റുകളില്‍ പിടിക്കപ്പെടുകയും മടക്കി അയക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരം ഘട്ടത്തില്‍ മരുഭൂമിയും മലയും താണ്ടി മക്കയിലെത്തേണ്ടി വന്ന അനുഭവം കഴിഞ്ഞ വര്‍ഷം ഹാജിമാര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഈ വര്‍ഷവും വ്യാജ സര്‍വീസുകള്‍ സജീവമാണ്. തസ്‌ലീഹ് (അനുമതിപത്രം) ഉണ്ടെന്ന് പറഞ്ഞ് ആളുകളെ ആകര്‍ഷിപ്പിക്കുകയും ഹജ്ജിന് പുറപ്പെടുന്ന സമയം തസ്‌ലീഹിന്റെ പേരില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് മക്കത്ത് എത്തിക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യാറുള്ളത്.
ഈ വര്‍ഷം അനധികൃതരെ പിടികൂടാന്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. പിടിക്കപ്പെട്ടാല്‍ പത്ത് വര്‍ഷത്തേക്ക് നാടുകടത്തലാണ് ശിക്ഷ. എന്നിട്ടും ആയിരങ്ങള്‍ ഇത്തരം മാര്‍ഗത്തിലൂടെ ഹജ്ജിന് പോകുന്നുണ്ട്. ആഭ്യന്തര ഹജ്ജിന് ചെലവേറിയതാണ് ഇതിന് കാരണം. മക്കയില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ത്വവാഫിന് സൗകര്യം കുറഞ്ഞതാണ് ഹാജിമാരെ ചുരുക്കാന്‍ കാരണം. നിര്‍മാണം പൂര്‍ത്തിയാകുംവരെ ഈ നില തുടരുമെന്ന് ഹജ്ജ്കാര്യ മന്ത്രി ഡോ. ബന്ദര്‍ ഇബ്‌നു മുഹമ്മദ് യൂസുഫ് ഹജ്ജാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest