Connect with us

Articles

വധശിക്ഷയും ബലാത്സംഗവും

Published

|

Last Updated

വ്യഭിചാരം ചെയ്യരുത് എന്ന കല്‍പ്പന നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു മോഹത്തോടെ സ്ത്രീയെ നോക്കുന്നവന്‍ അവളോട് മനസ്സുകൊണ്ട് വ്യഭിചരിക്കുന്നു. കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു ദുഷ്ടനോട് ചെറുത്തു നില്‍ക്കരുത്. നിന്റെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടും കൂടിക്കാട്ടിക്കൊടുക്കുക. നിന്നോട് വ്യഹരിച്ചു നിന്റെ കുപ്പായം നേടുവാന്‍ ശ്രമിക്കുന്നവന് നിന്റെ പുറം കുപ്പായം കൂടി നല്‍കുക. ഒരു മൈല്‍ ദൂരം നടക്കാന്‍ നിര്‍ബന്ധിക്കുന്നവരോടൊപ്പം രണ്ട് മൈല്‍ ദൂരം നടക്കുക. നിന്നോട് യാചിക്കുന്നവന് കൊടുക്കുക. വായ്പ ചോദിക്കുന്നവന്ന് അത് നിഷേധിക്കരുത്. (മത്തായി: 5: 27-42)
സ്വയം മനുഷ്യപുത്രനെന്നും അനുയായികള്‍ ദൈവപുത്രനെന്നും വിശേഷിപ്പിച്ച നസ്രേത്തിലെ യേശു ഒരു പുതിയ നിയമം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ഈദൃശഉപദേശങ്ങളിലൂടെ. ഇന്നല്ലെങ്കില്‍ നാളെ ലോകം ഈ പുതിയ നിയമത്തിന്റെ അര്‍ഥം മനസ്സിലാക്കുമെന്നും ലോകരാഷ്ട്രങ്ങള്‍ അവരുടെ പീനല്‍ കോഡില്‍ തദനുസൃതമായ പൊളിച്ചെഴുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നിരിക്കണം. പക്ഷേ, അദ്ദേഹത്തിന്റെ പേരില്‍ ഒരു ലോക മതം രൂപം കൊണ്ടിട്ടും ആ മതത്തെ സ്വന്തം രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചുകൊണ്ട് യൂറോപ്പിലാകെ നിരവധി രാജ്യങ്ങള്‍ തന്നെ ഉയര്‍ന്നുവന്നിട്ടും അദ്ദേഹം പ്രതീക്ഷിച്ചതു പോലെ അവരുടെ നീതിന്യായ വ്യവസ്ഥകളില്‍ കാര്യമായ അഴിച്ചുപണി നടത്താനോ ശിക്ഷാവിധികളില്‍ ഇളവ് വരുത്താനോ അധികം രാജ്യങ്ങളും തയ്യാറായില്ല.

വധശിക്ഷ: ശരിയും തെറ്റും

വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ വാദപ്രതിവാദങ്ങള്‍ എല്ലാ സമൂഹങ്ങളിലും എല്ലാ കാലത്തും സജീവമായിരുന്നു. ഈ കാര്യത്തില്‍ ഒരന്തിമ തീര്‍പ്പുണ്ടാക്കുന്നതില്‍ ലോകത്തിലെ നിയമവിദഗ്ദര്‍ക്കിതുവരെയും യോജിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗൗരവമാര്‍ന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ നിര്‍ദയമായ തരത്തിലുള്ള വധശിക്ഷ എല്ലാ പുരാതന സംസ്‌കാരങ്ങളിലും നിലനിന്നിരുന്നു. അങ്ങനെ കൊല്ലപ്പെട്ടവരില്‍ കുറേ പേരെങ്കിലും നിര്‍ദോഷികളാണെന്ന് തെളിയുക മാത്രമല്ല, ചിലരൊക്കെ പില്‍ക്കാലത്ത് വീരനായകന്മാരും പൂണ്യപുരുഷന്മാരുമായി പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങളെ തടയുക എന്നതിലപ്പുറം ഭരണകൂടത്തിന്റെ സുസ്ഥിരമായ പ്രവര്‍ത്തനങ്ങളെ തടയുന്നവരെന്ന നിലയിലാണ് ഗൗരവമായ കുറ്റങ്ങളൊന്നും ആരോപിക്കപ്പെടാതിരുന്നിട്ടുകൂടി ഏതന്‍സിലെ ഭരണകൂടം സോക്രട്ടീസിനും റോമന്‍ ഭരണ വ്യവസ്ഥ യേശുവിനും വധശിക്ഷ വിധിച്ചത്.

വധശിക്ഷ ശരിയോ തെറ്റോ എന്നുള്ള ഇന്നത്തെ വാദപ്രതിവാദത്തിന് തുടക്കം കുറിച്ചത് 1764ല്‍ ഇറ്റാലിയന്‍ നിയമവിശാരദന്‍ സീസര്‍ ബക്കാറിയ “കുറ്റവും ശിക്ഷയും” എന്ന വിഷയത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലായിരുന്നു. ഈ പ്രബന്ധത്തില്‍ അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിച്ചത്, വധശിക്ഷയുടെ ഒഴിവാക്കല്‍ ഒരു സമൂഹത്തിന്റെ അപരിഷ്‌കൃതാവസ്ഥയില്‍ നിന്നും സംസ്‌കാരസമ്പന്നമായ അവസ്ഥയിലേക്കുള്ള പുരോഗതിയുടെ ലക്ഷണമായി കണക്കാക്കണം എന്നായിരുന്നു.
18-ാം നൂറ്റാണ്ട് മുതലെങ്കിലും കണ്ണും പൂട്ടിയുള്ള വധശിക്ഷാ പ്രഖ്യാപനങ്ങള്‍ക്കെതിരെ എഴുത്തുകാരും ബുദ്ധിജീവികളും പ്രതിഷേധ ശബ്ദം മുഴക്കിത്തുടങ്ങി. നവോത്ഥാനകാല രചനകള്‍, വ്യാവസായിക തൊഴിലാളികള്‍ എന്ന പുത്തന്‍ വര്‍ഗത്തിന്റെ ആവിര്‍ഭാവം, വിവിധ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ സ്വാധീനം മൂലം ശിക്ഷാ വ്യവസ്ഥകളില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ലോകത്താകെ പൊതുവിലും യൂറോപ്പില്‍ പ്രത്യേകിച്ചും നടപ്പിലായി. 20-ാം നൂറ്റാണ്ട് കുറ്റാന്വേഷണശാസ്ത്രത്തിലും ശിക്ഷാവ്യവസ്ഥകളിലും ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തി. പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി നിരവധി രാഷ്ട്രങ്ങള്‍ വധശിക്ഷ നിര്‍ത്തല്‍ ചെയ്തു. 1972ല്‍ യു എസ് സുപ്രീം കോടതി അത് വരെ നടപ്പിലാക്കിയിരുന്നത് പോലെയുള്ള വധശിക്ഷാ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ചെങ്കിലും വധശിക്ഷ എന്ന ആത്യന്തിക ശിക്ഷ അടിസ്ഥാനപരമായി ഭരണഘടനാപരം തന്നെയാണെന്നും നൈസര്‍ഗികമാണെന്നും കണ്ടെത്തുകയുണ്ടായി. പടിഞ്ഞാറന്‍ വികസിത രാജ്യങ്ങളില്‍ യു എസ് ഒഴികെയുള്ള എല്ലാ രാജ്യങ്ങളും വധശിക്ഷ വേണ്ടെന്നുവെച്ചു.
വധശിക്ഷക്കുപകരമുള്ള ജീവപര്യന്തം തടവ് കുറ്റകൃത്യങ്ങള്‍ തടയാന്‍ വധശിക്ഷ പോലെ ഫലപ്രദമല്ലെന്നാണ് ഒരു കൂട്ടരുടെ വാദം. കുറ്റവാളികളെക്കാളധികം ഭരണകൂട താത്പര്യങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കലാപകാരികളേയും വര്‍ഗീയ വംശീയ ന്യൂനപക്ഷങ്ങളേയും ആണ് വധശിക്ഷക്ക് വിധേയരാക്കുന്നതെന്നും പലരും വാദിച്ചു. തെളിയിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ പുനരധിവാസ സാധ്യത പരിശോധിച്ചു പറ്റുമെങ്കില്‍ നടപ്പിലാക്കുക അതു സാധ്യമല്ലെന്ന് തെളിയുന്ന പക്ഷം, അവരെ ജീവിതകാലം മുഴുവന്‍ പൊതുസമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തി നിത്യ തടവുപുള്ളികളായി സൂക്ഷിക്കുക. ഇതാണ് ഒരു പരിഷ്‌കൃത സമൂഹം അനുവര്‍ത്തിക്കേണ്ട നടപടിയെന്നും വധശിക്ഷയെ എതിര്‍ക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും വാദിച്ചുറപ്പിക്കുന്നു.

ഡല്‍ഹി കേസും
പ്രതികരണങ്ങളും
ഡല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രതികളായ നാല് ചെറുപ്പക്കാരെ തൂക്കിക്കൊല്ലാന്‍ ഇതു സംബന്ധിച്ച് രൂപവത്കരിച്ച കോടതി വിധിച്ചു. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായി. ഈ അഭിപ്രായങ്ങളെ പിന്‍തുടര്‍ന്നവയുടെ ശരിതെറ്റുകളെ നിര്‍ണയിക്കുക എന്നതിലല്ല സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കേണ്ടത്. സമൂഹത്തില്‍ നാള്‍ക്കുനാള്‍ പെരുകിവരുന്ന തത്തുല്യമായ കുറ്റകൃത്യങ്ങളുടെ കാരണം കണ്ടെത്തേണ്ടതുണ്ട്. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ഇത്ര നിഷ്ഠൂരമായ അതിക്രമങ്ങളുടെ സാമൂഹികവും മനഃശാസ്ത്രപരവുമായ പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്.
കൊല്ലപ്പെട്ട സ്ത്രീയുടെ മാതാപിതാക്കളെയും സഹോദരങ്ങളുടെയും പ്രതികരണമെന്ന് സ്വാഭാവികമായ വൈകാരിക പ്രതികരണം മനസ്സിലാക്കാവുന്നതേയുള്ളൂ. 18 വയസ്സ് തികയാന്‍ ഏതാനും മാസങ്ങള്‍ കുറവുള്ള ഒരു കുറ്റവാളി വധശിക്ഷയില്‍ നിന്നും സാങ്കേതികമായ കാരണങ്ങളുടെ പേരില്‍ രക്ഷപ്പെട്ടതിലാണ് അവരുടെ അമര്‍ഷം. അവരുടെ വികാരങ്ങളോടു ചേര്‍ത്തുകൊണ്ടാണ് കവയിത്രി സുഗതകുമാരി ടീച്ചറും ജസ്റ്റിസ് ഡി ശ്രീദേവിയും ജനാധിപത്യ മഹിളാ അസോസിയേഷനുമെല്ലാം പ്രതികരിച്ചത്. സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന ക്രിമിനലുകള്‍ക്കുള്ള ശക്തമായ താക്കീതാണീ വധശിക്ഷയെന്നും അവര്‍ ഒരു തരത്തിലും മാപ്പര്‍ഹിക്കുന്നില്ലെന്നും; മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു കേവലം മൂന്ന് വര്‍ഷത്തെ നല്ല നടപ്പ് ശിക്ഷ മാത്രം വിധിച്ച കോടതിയുടെ നടപടി ന്യായീകരിക്കത്തക്കതല്ലെന്നും സുഗതകുമാരി ടീച്ചര്‍ പറഞ്ഞു. കേസിന്റെ വിചാരണ വേഗത്തിലാക്കിയതു പോലെ തന്നെ അപ്പീല്‍ നടപടികളിന്മേലുള്ള തീര്‍പ്പും വേഗത്തിലാക്കണമെന്നാണ് ജസ്റ്റിസ് ഡി ശ്രീദേവി പ്രതികരിച്ചത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ ലീലാ മേനോന്‍ ആകട്ടെ, ഒരു പടികൂടി കടന്ന ഒരു പുതിയ നിര്‍ദേശം കൂടി വെച്ചു. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ ലൈംഗികശേഷി നശിപ്പിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം എന്നായിരുന്നു അവരുടെ അഭിപ്രായം. തലവേദനക്ക് പരിഹാരമായി തല വെട്ടിക്കളയുക എന്ന നിര്‍ദേശം പോലുള്ള അഭിപ്രായപ്രകടനം. സാധാരണ കടത്തിണ്ണകളില്‍ ഇരുന്ന് പത്രവാര്‍ത്തകള്‍ ചര്‍ച്ച ചെയ്തു സമയം പോക്കുന്ന വെറും നാട്ടുമ്പുറത്തുകാരും തത്തുല്യമായ അഭിപ്രായങ്ങള്‍ തട്ടിവിടുന്നതു കേട്ടിട്ടുണ്ട്.
മനുഷ്യചരിത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മനുഷ്യന്റെ ലൈംഗികാര്‍ത്തിയും അതുണ്ടാക്കി ത്തീര്‍ത്തിട്ടുള്ള പൊല്ലാപ്പുകളും ഒന്നും ഇത്ര കണ്ട് ലളിതവത്കരിച്ചു കണ്ടു പരിഹാരം തേടാവുന്ന വിഷയങ്ങളല്ലെന്ന് ബോധ്യപ്പെടും. മനുഷ്യപ്രകൃതിയെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ ഫ്രെഡറിക്ക് എംഗല്‍സ് എന്ന ജര്‍മന്‍ മനീഷി ഒറിജിന്‍ ഓഫ് ഫാമിലി, പ്രൈവറ്റ് പ്രോപര്‍ട്ടി ആന്‍ഡ് ദി സ്റ്റേറ്റ് ബ്രഡ്ട്രാന്റ് റസ്സിലിന്റെ മാര്യേജ് ആന്‍ഡ് മോറല്‍സ്, വില്‍ഹം റീഹിന്റെ മാസ്സ് സൈക്കോളജി ഓഫ് ഫാസിസം, ഓഷോ രജനീഷിന്റെ ഏതെങ്കിലും ഒരു പ്രഭാഷണ സമാഹാരം ഇവയെല്ലാമോ ഇതിലേതെങ്കിലും ഒന്നെങ്കിലുമോ വായിച്ചിട്ടുള്ളവര്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒറ്റമൂലി പരിഹാരങ്ങളിലൂടെ സമൂഹത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ആണ്‍ പെണ്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാം എന്ന ആശയത്തെ എതിര്‍ക്കുക തന്നെ ചെയ്യും.

 

ഫോണ്‍:  9446268581