Connect with us

Kasargod

ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിയുന്ന സംഘം പോലീസ് വലയില്‍

Published

|

Last Updated

കാസര്‍കോട്: ദേശീയപാതയില്‍ കാസര്‍കോടിനും മഞ്ചേശ്വരത്തിനുമിടയില്‍ വാഹനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കല്ലേറിനെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതോടെ അഞ്ചുപേരടങ്ങുന്ന സംഘം വലയിലായതാണ് പോലീസ് നല്‍കുന്ന സൂചന. ഇവരില്‍നിന്നും കല്ലേറിന് പ്രേരണ നല്‍കുന്നവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കുമ്പള പേരാല്‍ മടിമുഗറിലെ ശംസുദ്ദീനെ(27) കഴിഞ്ഞ ദിവസം രാത്രി ചെറുവത്തൂരില്‍വെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയതോടെയാണ് കേസുകള്‍ക്ക് തുമ്പായത്. ചെറുവത്തൂര്‍ ടൗണില്‍ രാത്രി എട്ടു മണിക്ക് ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ഗ്ലാസ് തകര്‍ന്നിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ശംസുദ്ദീനെ ഓടിച്ചുപിടിക്കുകയായിരുന്നു. പിന്നീട് ചന്തേര പോലീസിന് കൈമാറി.
ഹര്‍ത്താലുകളിലും മറ്റും പലതവണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞിട്ടുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി അറിയുന്നു. തന്റെ കൂട്ടാളികളെ കുറിച്ചും വിവരം കൈമാറി. ചെറുവത്തൂര്‍ പാക്കനാര്‍ തിയറ്ററിനടുത്ത സ്വകാര്യാശുപത്രി കാന്റീനില്‍ കുറച്ചുനാളായി ജോലിചെയ്തുവരികയായിരുന്നു ശംസുദ്ദീന്‍.
ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം ശംസുദ്ദീനെ കഴിഞ്ഞ ദിവസം രാത്രി തന്നെ കാസര്‍കോട്ടെത്തിച്ചു. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ രാത്രിയില്‍ കല്ലേറ് തുടരുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്നു. എന്നാല്‍ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.