Connect with us

Kozhikode

എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി സമ്മേളനം: കുന്ദമംഗലം ഡിവിഷനില്‍ സമാപിച്ചു

Published

|

Last Updated

മുക്കം: അറിവിനെ സമരായുധമാക്കുക എന്ന പ്രമേയത്തില്‍  എസ് എസ് എഫ് സംസ്ഥാനത്തെ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചുവരുന്ന ഹയര്‍ സെക്കന്‍ഡറി സമ്മേളനത്തിന് കുന്ദമംഗലം ഡിവിഷനില്‍  ഉജ്ജ്വല പരിസമാപ്തി.
മാവൂര്‍ മഹഌറ ഇംഗ്ലീഷ് സ്‌കൂളിലാണ് സമ്മേളനം നടന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മീഡിയകളുടെ ചൂഷണവും ക്യാമ്പസുകളില്‍ വളര്‍ന്നുവരുന്ന അരാഷ്ട്രീയ ചിന്തകളും പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംഘടന, ആത്മീയം, ആസ്വാദനം സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ വിവിധ യൂനിറ്റുകളില്‍ നിന്ന് ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
രാഷ്ട്രപിതാവിന്റെ സ്മരണ പുതുക്കിയാണ് സമ്മേളനം ആരംഭിച്ചത്. കുന്ദമംഗലം ഡിവിഷന്‍ പ്രസിഡന്റ് പി ഇബ്‌റാഹിം സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ്  ജില്ലാ ക്യാമ്പസ് സെക്രട്ടറി എം ടി ശിഹാബുദ്ദീന്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ക്യാമ്പസ് സെക്രട്ടറി  എ എ റഹീം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അബ്ദുര്‍റഷീദ് നരിക്കോട് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് പി അലവി സഖാഫി കായലം സമാപന പ്രാര്‍ഥന നിര്‍വഹിച്ചു. പി ടി സി മുഹമ്മദലി മാസ്റ്റര്‍, മുസ്തഫമാസ്റ്റര്‍ ഗുഢല്ലൂര്‍, എന്‍ മുഹമ്മദലി മാസ്റ്റര്‍, അഡ്വ. വി പി എ സിദ്ധീഖ്, വി അഹ്മദ് കാസിം പ്രസംഗിച്ചു. രാവിലെ 10ന് ആരംഭിച്ച സമ്മേളനം വൈകീട്ട് അഞ്ച് മണിക്ക് നടന്ന റാലിയോടെ സമാപിച്ചു.