Connect with us

Malappuram

വട്ടംകുളത്ത് കോണ്‍ഗ്രസില്‍ എ- ഐ പോര് രൂക്ഷം

Published

|

Last Updated

എടപ്പാള്‍: വട്ടംകുളത്ത് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് പരസ്യമായ വിഴുപ്പലക്കിലേക്ക് വഴിമാറി.
എ ഗ്രൂപ്പ് നേതാവും തവനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ ടി പി മുഹമ്മദ്, വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ദേവി എന്നിവര്‍ ഐ ഗ്രൂപ്പ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് കെ പി സി സിക്ക് പരാതി നല്‍കിയതും ആ പരാതിയുടെ കോപ്പികള്‍ സി പി എം പാര്‍ട്ടി പത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഐ ഗ്രൂപ്പ് നേതാക്കള്‍ എത്തിച്ചതുമാണ് ഏറ്റവും ഒടുവിലത്തെ ചിത്രം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐ ഗ്രൂപ്പിലെ ഒരു നേതാവ് ചില മാധ്യമപ്രവര്‍ത്തകരെ സമീപിച്ച് ദേവി കെ പി സി സിക്ക് അയച്ച പരാതിയുടെ കോപ്പികള്‍ കൈമാറിയത്.
ശുകപുരം വാര്‍ഡിനെയാണ് ദേവി പ്രധിനിധീകരിക്കുന്നത്. ഈ വാര്‍ഡിലുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത ലിസ്റ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ ടി പി മുഹമ്മദ് നിര്‍ബന്ധിച്ചതായും ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തന്നെ ജാതിപ്പേര്‍ വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതെന്നാണ് ദേവി കെ പി സി സിക്ക് അയച്ച പരാതിയില്‍ പറയുന്നത്. എന്നാല്‍ വട്ടംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് ദേവി പരാതികളൊന്നും നല്‍കിയിട്ടില്ല. അനര്‍ഹരായ ആളുകളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും അര്‍ഹരായവരുടെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ടി പി മുഹമ്മദ് പറയുന്നു. ദേവിയെകൊണ്ട് പരാതി നല്‍കാന്‍ രംഗത്ത് ഇറങ്ങിയവര്‍ ഐ ഗ്രൂപ്പാണെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. ഒരു വര്‍ഷം മുമ്പ് വട്ടംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നതിനെ സംബന്ധിച്ച് എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും ഗ്രൂപ്പ്‌പോര് മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

Latest