Connect with us

Ongoing News

ബയേണും റയലും തകര്‍ത്താടി

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്, റയല്‍മാഡ്രിഡ്, പി എസ് ജി, ഒളിമ്പ്യാകോസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ജുവെന്റസും സമനിലയില്‍ തളയ്ക്കപ്പെട്ടു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തിലായിരുന്നു ബയേണിന്റെ ഗംഭീര ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പെപ് ഗോര്‍ഡിയോളയും സംഘവും എതിര്‍തട്ടകത്തില്‍ വിജയമാഘോഷിച്ചത്. റയലിന്റെ ജയം എഫ് സി കോപന്‍ഹാഗനെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക്. കാര്‍ലോ ആന്‍സലോട്ടിയുടെ വെള്ളപ്പട ഹോംഗ്രൗണ്ട് ആനൂകൂല്യം കൂടി മുതലെടുത്തായിരുന്നു ജയിച്ചു കയറിയത്. ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസന്‍ 2-1ന് റയല്‍ സോസിഡാഡിനെയും സി എസ് കെ എ മോസ്‌കോ 3-2ന് വിക്‌ടോറിയ പ്ലിസെനെയും തോല്‍പ്പിച്ചപ്പോള്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയിനി (പിഎസ്ജി)ന്റെ 3-0 ജയം പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെനഫിക്കക്കെതിരെ. ഒളിമ്പ്യാകോസ് ഇതേ മാര്‍ജിനില്‍ ആന്‍ഡര്‍ലെറ്റിനെ തകര്‍ത്തത് എവേ മത്സരത്തിലാണെന്നത് ഏറെ ശ്രദ്ധേയം. ഉക്രൈനില്‍ ഷാക്തര്‍ ഡോനെസ്‌കിനോട് 1-1ന് പിരിഞ്ഞ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തുര്‍ക്കി ക്ലബ്ബ് ഗലാത്‌സരെയോട് ഹോംഗ്രൗണ്ടില്‍ 2-2ന് കുരുങ്ങിയ ജുവെന്റസിനും ആശ്വാസകരമല്ല റിസള്‍ട്ട്.
ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഷാക്തറും നാല് പോയിന്റ് വീതം നേടി ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡ് ആറ് പോയിന്റോടെ ഒന്നാമതും രണ്ട് പോയിന്റോടെ ജുവെന്റസ് രണ്ടാം സ്ഥാനത്തും. ഗ്രൂപ്പ് സിയില്‍  ആറ് പോയിന്റോടെ പി എസ് ജി മുന്നില്‍. ഒളിമ്പ്യാകോസിനും ബെനഫിക്കക്കും മൂന്ന് പോയിന്റ് വീതം. ഗ്രൂപ്പ് ഡിയില്‍ ബയേണിന് ആറ് പോയിന്റും സിറ്റി, സി എസ് കെ എ മോസ്‌കോ ടീമുകള്‍ക്ക് മൂന്ന് പോയിന്റ് വീതവും.
സ്‌ട്രൈക്കറില്ലാതെ ബയേണ്‍
ഫാള്‍സ് നയന്‍ ആയി തോമസ് മുള്ളറെ ഉപയോഗിച്ച കോച്ച് പെപ് ഗോര്‍ഡിയോള പ്രത്യേക സ്‌ട്രൈക്കറില്ലാതെയാണ് ബയേണിനെ നിരത്തിയത്. സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡുകിചിന് പകരം ഷാര്‍പ് ഷൂട്ടറായ മിഡ്ഫീല്‍ഡര്‍ ടോണിക്രൂസിറങ്ങി. ഫ്രാങ്ക് റിബറി, ഷൈ്വന്‍സ്റ്റിഗര്‍, ആര്യന്‍ റോബന്‍ എന്നിവര്‍ക്കൊപ്പം ക്രൂസും മധ്യനിരയില്‍. റാഫീഞ്ഞ, ബോട്ടെംഗ്, ഡാന്റെ, അലാബ എന്നിവര്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ ഫിലി പ് ലാം തൊട്ടുമുന്നില്‍ മധ്യനിരയോട് ചേര്‍ന്ന് നിന്നു. കിക്കോഫില്‍ പന്ത് തട്ടിയ സിറ്റി താരങ്ങള്‍ക്ക് അധിക നേരം പന്ത് കൈവശം സൂക്ഷിക്കാന്‍ സാധിച്ചില്ല. ഏഴാം മിനുട്ടില്‍ ഫ്രാങ്ക് റിബറിയുടെ ലോംഗ് റേഞ്ചറില്‍ ബയേണിന് ലീഡ്. തോമസ് മുള്ളര്‍ (56), ആര്യന്‍ റോബന്‍ (59) മിനുട്ടുകളില്‍ സിറ്റിയുടെ പ്രതിരോധം പിളര്‍ന്ന് വലയിളക്കി. ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ പിഴവില്‍ നിന്നായിരുന്നു രണ്ട് ഗോളുകള്‍. റിബറി നേടിയ ഗോള്‍ ഹാര്‍ട്ടിന്റെ അശ്രദ്ധ മുതലെടുത്തായിരുന്നു.
ഓഫ് സൈഡ് കെണി പൊളിച്ച് മുള്ളര്‍ നേടിയ ഗോളാകട്ടെ ജോ ഹാര്‍ട്ടിന് അഡ്വാന്‍സ് ചെയ്ത് തടയാനും കഴിഞ്ഞില്ല. ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഹാര്‍ട്ടിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കും. എഴുപത്തൊമ്പതാം മിനുട്ടില്‍ അല്‍വാരോ നെഗ്രെഡോ സിറ്റിയുടെ ആശ്വാസ ഗോളടിച്ചു. എണ്‍പത്താറാം മിനുട്ടില്‍ ബയേണിന്റെ അവസാന ഡിഫന്‍ഡര്‍ ജെറോം ബോട്ടെംഗ് സിറ്റിയുടെ യായ ടുറെയെ വീഴ്ത്തിയതിന് ചുവപ്പ് കാര്‍ഡ് കണ്ടു. പൊസഷന്‍ ഗെയിം കാഴ്ചവെച്ച ബയേണിന് ഒരാള്‍ അധികമുണ്ടായിരുന്നോ എന്ന് തോന്നിപ്പോയെന്ന് സിറ്റി താരം മിയാ റിചാര്‍ഡ്‌സ് അതിശയം പ്രകടിപ്പിച്ചു. തന്റെ ടീം വളരെ മോശം കളിയാണ് കാഴ്ചവെച്ചതെന്ന് കോച്ച് മാനുവല്‍ പെല്ലെഗ്രിനി  വിമര്‍ശിച്ചു. താനുദ്ദേശിച്ച പോലൊരു വിജയം സാധ്യമായതില്‍ ബയേണ്‍ കോച്ച് പെപ് ഗോര്‍ഡിയോള അതീവ സന്തുഷ്ടനാണ്. 2008ന് ശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ മത്സരങ്ങളില്‍ സിറ്റി ഹോംഗ്രൗണ്ടില്‍ പരാജയപ്പെട്ടത്. റിച്ചാര്‍ഡ്‌സ്, കൊംപാനി, നസ്റ്റാസിച്, ക്ലിചി, ടുറെ, ഫെര്‍നാണ്ടീഞ്ഞോ, ജീസസ് നവാസ്, അഗ്യെറോ, നസ്‌റി, സെകോ എന്നിവരായിരുന്നു സിറ്റിയുടെ ആദ്യ ലൈനപ്പില്‍. സെകോക്ക് പകരമിറങ്ങിയ നെഗ്രെഡോയാണ് ആശ്വാസഗോളടിച്ചത്. നസ്‌റിക്ക് പകരം സില്‍വയും കളത്തിലിറങ്ങി. റോബന് പകരം ഷാഖിരിയും ഷൈ്വന്‍സ്റ്റിഗറിന് പകരം കിര്‍ചോഫും റിബറിക്ക് പകരം ഗോറ്റ്‌സെയും ഇറങ്ങിയതാണ് ബയേണിന്റെ സബ്സ്റ്റിറ്റിയൂഷന്‍സ്.
ക്രിസ്റ്റ്യാനോ, ഡി മാരിയോ ഷോ..
ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തില്‍ ഗലാത്‌സരെയെ 1-6ന് തകര്‍ത്ത റയല്‍ രണ്ടാം മത്സരത്തില്‍ 4-0ന് ഡെന്‍മാര്‍ക്ക് ക്ലബ്ബ് എഫ് കോപന്‍ഹേഗനെയും തകര്‍ത്തു. ഗലാത്‌സരെക്കെതിരെ ഹാട്രിക്ക് നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോപന്‍ഹേഗനെതിരെ ഇരട്ട ഹെഡര്‍ ഗോളുകളോടെ (21, 65 മിനുട്ടുകള്‍) മൂല്യമറിയിച്ചു. അര്‍ജന്റൈന്‍ അറ്റാക്കര്‍ ഡി മാരിയ(71, 90+1)യും രണ്ട് ഗോളുകള്‍ നേടി.
മാര്‍സലോയുടെ ക്രോസില്‍ വലത് പോസ്റ്റിന് പുറത്തേക്ക് ഓടിയെത്തി ഗോളിലേക്ക് ഹെഡ് ചെയ്ത ക്രിസ്റ്റ്യാനോയുടെ അധ്വാനത്തിന് നൂറ് മാര്‍ക്ക്. ഡി മാരിയ വലത് ബോക്‌സിന് തൊട്ടരികില്‍ നിന്ന് നല്‍കിയ റബോന പാസിലായിരുന്നു പോര്‍ച്ചുഗല്‍ താരത്തിന്റെ രണ്ടാം ഗോള്‍. ഗോളി ഐകര്‍ കസിയസ് ഒമ്പത് മാസത്തിന് ശേഷം റയലിന്റെ ആദ്യലൈനപ്പില്‍ തിരിച്ചെത്തി.
മാന്‍സിനി അരങ്ങേറി
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇറ്റാലിയന്‍ കോച്ച് റോബര്‍ട്ടോ മാന്‍സിനിക്ക് തുര്‍ക്കി ക്ലബ്ബ് ഗലാത്‌സരെക്കൊപ്പം ആദ്യ മത്സരമായിരുന്നു ജുവെന്റസിനെതിരെ. ഹോംഗ്രൗണ്ടില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ആധിപത്യം പുലര്‍ത്തിയെങ്കിലും ദിദിയര്‍ ദ്രോഗ്ബയുടെ ലീഡ് ഗോളില്‍ ഗലാത്‌സരെ ഞെട്ടിച്ചു.
ആദ്യ പകുതിയില്‍ 1-0ന് തുര്‍ക്കി ടീം മുന്നിലായിരുന്നു. പത്ത് മിനുട്ടിനിടെ ആര്‍തുറോ വിദാല്‍ (78), ക്വാഗ്‌ലിയാരെല്ല (87) ജുവെന്റസിനെ മുന്നിലെത്തിച്ചു.
ആന്ദ്രെ പിര്‍ലോയുടെ മികവുറ്റ ക്രോസിലായിരുന്നു ക്വാഗ്‌ലിയാരെല്ലയുടെ ഹെഡര്‍ ഗോള്‍. വിദാല്‍ പെനാല്‍റ്റി ഗോളാക്കുകയായിരുന്നു. എന്നാല്‍, 88താം മിനുട്ടില്‍ പകരക്കാരന്‍ ഉമുത് ബുലുത് ദ്രോഗ്ബയുടെ പാസ് സ്വീകരിച്ച് ബഫണിനെ കീഴടക്കിയത് ഗലാത്‌സരെക്ക് വീരോചിത സമനിലയൊരുക്കി. റയലിനോട് 6-1ന് തകര്‍ന്ന ഗലാത്‌സരെക്കിത് തിരിച്ചുവരവാണ്. ജുവെന്റസിന് രണ്ടാം സമനിലയും.
ഗിഗ്‌സിന് റെക്കോര്‍ഡ്
ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം മത്സരങ്ങളെന്ന റയല്‍ ഇതിഹാസം റൗളിന്റെ (144) റെക്കോര്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെറ്ററന്‍ റിയാന്‍ ഗിഗ്‌സ് തകര്‍ത്തു. മിഡ്ഫീല്‍ഡില്‍ ഫെലെയ്‌നിയുടെ പകരക്കാരനായി ഗിഗ്‌സ് ഇറങ്ങിയത് 145താം മത്സരത്തിലേക്ക്. എന്നാല്‍, യുനൈറ്റഡിന്റെ സമനിലക്കുരുക്കൊഴിവാക്കാന്‍ ഗിഗ്‌സിന്റെ പരിചയ സമ്പത്തിനും സാധിച്ചില്ല.
റൂണിയില്ലാതെ കളത്തിലിറങ്ങിയ യുനൈറ്റഡ് പതിനെട്ടാം മിനുട്ടില്‍ ഫെലെയ്‌നിയുടെ പാസില്‍ ഡാനി വെല്‍ബെക്കിന്റെ ഗോളില്‍ മുന്നിലെത്തി. എന്നാല്‍, 76താം മിനുട്ടില്‍ ബ്രസീല്‍ സ്‌ട്രൈക്കര്‍ ടെയ്‌സന്‍ ഉക്രൈന്‍ ചാമ്പ്യന്‍മാര്‍ക്ക് സമനിലഗോളൊരുക്കി.
ബയെര്‍ ലെവര്‍കുസന്റെ വിജയഗോളുകള്‍ റോള്‍ഫസ്, ഹെല്‍ഗെര്‍ എന്നിവര്‍ നേടി. മെക്‌സിക്കന്‍  സ്‌ട്രൈക്കര്‍ കാര്‍ലോസ് വേല റയല്‍ സോസിഡാഡിന്റെ ആശ്വാസ ഗോളടിച്ചു.
മിട്രൊഗൊലുവിന് ഹാട്രിക്ക്, ഇബ്രാഹിമോവിചിന് ഡബിള്‍
ഗ്രീസ് സ്‌ട്രൈക്കര്‍ കോസ്റ്റസ് മിട്രോഗോലുവിന്റെ ഹാട്രിക്ക് ഒളിമ്പ്യാകോസിന് മികവുറ്റ ജയം സമ്മാനിച്ചു. ബെല്‍ജിയം ക്ലബ്ബ് ആന്‍ഡര്‍ലെറ്റ് ഹോംഗ്രൗണ്ടിലാണ് ഗ്രീക്ക് ക്ലബ്ബിന്റെ കരുത്തറിഞ്ഞത്. ഗ്രൂപ്പ് സിയില്‍ പി എസ് ജി 3-0ന് ബെനഫിക്കയെ തകര്‍ത്തത് സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ ഇരട്ടഗോള്‍ബലത്തില്‍. മാര്‍ക്വൂഞ്ഞോസും സ്‌കോര്‍ ചെയ്തു.

---- facebook comment plugin here -----

Latest