Connect with us

International

കൂടിക്കാഴ്ചകള്‍ വിഫലം; അമേരിക്കയില്‍ അടച്ചിടല്‍ തുടരുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയിലെ സര്‍ക്കാര്‍ അടച്ചിടല്‍ നാലാം ദിവസത്തിലേക്ക്. പ്രതിസന്ധി പരിഹരിക്കാനായി പ്രമുഖരായ കോണ്‍ഗ്രസ് അംഗങ്ങളും പ്രസിഡന്റ് ബരാക് ഒബാമയും നടത്തിയ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. ഒബാമയുടെ അഭിമാന പദ്ധതിയായ ആരോഗ്യരക്ഷാ പദ്ധതിയില്‍ പിന്‍വാങ്ങണമെന്ന നിലപാടില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ പദ്ധതിയില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. അതോടെ ബജറ്റ് പാസ്സാക്കാനുള്ള സാധ്യത അടയുകയായിരുന്നു.
എട്ട് ലക്ഷത്തോളം ജീവനക്കാര്‍ പുറത്താണ്. പ്രധാന സേവന മേഖലകളെല്ലാം റദ്ദാക്കി. മ്യൂസിയങ്ങളും പാര്‍ക്കുകളും അടച്ചു പൂട്ടി. സര്‍വമേഖലകളും സ്തംഭിച്ച നില തുടരുകയാണ്.”ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന അവസ്ഥ പരിഹരിക്കാന്‍ എല്ലാവരും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ്. എത്രയും വേഗം അഭിപ്രായ വ്യത്യാസം പരിഹരിച്ച് ബജറ്റ് പാസ്സാക്കാനാകുമെന്നാണ് പ്രതീക്ഷ” -വൈറ്റ് ഹൗസ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാര്‍ സഹായം മാത്രം ആശ്രയിച്ച് കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ അടക്കമുള്ളവര്‍ വഴിയാധാരാമാകുന്ന ഘട്ടത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കെതിരെ ജനരോഷം ഇരമ്പുമെന്നാണ് ഡെമോക്രാറ്റുകളുടെ കണക്ക് കൂട്ടല്‍. അതോടെ പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങുമെന്നും അവര്‍ കരുതുന്നു.
എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തത് പ്രസിഡന്റാണെന്ന് റിപ്പബ്ലിക്കന്‍ നേതാവും ജനപ്രതിനിധി സഭാ സ്പീക്കറുമായ ജോണ്‍ ബോനര്‍ പറഞ്ഞു. രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന ആരോഗ്യരക്ഷാ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയാണ് പ്രസിഡന്റ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ ഈ മാസം 17 നിര്‍ണായകമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സര്‍ക്കാറിന്റെ കടമെടുപ്പ് നിര്‍ദേശത്തിന് അംഗീകാരം നല്‍കാനുള്ള തീയതിയാണ് ഇത്. ഇതിന് മുമ്പ് പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ചതോടെ ഒന്നിന് പുതിയ ബജറ്റ് പാസ്സക്കണമായിരുന്നു. 2013-14ലേക്കുള്ള ബജറ്റ് സെനറ്റിലും പ്രതിനിധി സഭയിലും യും ഒരു പോലെ പാസ്സാകണം.
ഭരണത്തിലിരിക്കുന്ന ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമില്ല. ഒബാമ കെയര്‍ എന്ന് വിളിക്കപ്പെടുന്ന പദ്ധതിയില്‍ ഉടക്കി സമവായ ചര്‍ച്ചകള്‍ തകര്‍ന്നതോടെയാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ അടിയന്താവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. പ്രതിസന്ധി നീക്കാന്‍ ഇന്നും തിരക്കിട്ട കൂടിയാലോചനകള്‍ തുടരും. ഇരു പാര്‍ട്ടിയിലെയും പ്രമുഖരെ ഉള്‍പ്പെടുത്തി ഇതിനായി രൂപവത്കരിച്ച സമിതി ശ്രമം തുടരുന്നുണ്ട്. അടച്ചിടല്‍ രണ്ടാഴ്ച നീണ്ടാല്‍ അമേരിക്കന്‍ ജി ഡി പി 0.3ശതമാനം ഇടിയുമെന്നുംമാസം നീണ്ടാല്‍ ജി ഡി പി ഇടിവ് 1.4ശതമാനം ആയിരിക്കുമെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് പറയുന്നു. 1995-96 ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ രണ്ട് ഘട്ടങ്ങളായി 28 ദിവസമാണ് അടിയന്തരാവസ്ഥ നീണ്ടു നിന്നത്. 1980കളില്‍ ഈ സാഹചര്യം പലവട്ടം ഉണ്ടായിട്ടുണ്ട്.

 

Latest