Connect with us

National

റെയില്‍വേ യാത്രാ- ചരക്ക് കൂലി വര്‍ധിപ്പിച്ചേക്കും

Published

|

Last Updated

ന്യുഡല്‍ഹി: ട്രെയിന്‍ യാത്രാ- ചരക്ക് കടത്ത് കൂലി താമസിയാതെ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ അറിയിച്ചു. ഇന്ധന വില വര്‍ധനയുടെ അടിസ്ഥാനത്തില്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുകയെന്ന ബജറ്റ് നിര്‍ദേശമനുസരിച്ചാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ യാത്രാ- ചരക്ക് കടത്തുകൂലി നിശ്ചയിക്കുകയെന്ന നിര്‍ദേശമടങ്ങുന്ന ഫയല്‍ തന്റെ മുന്നില്‍ എത്തിയിട്ടുണ്ട്. അത് പരിശോധിച്ചുവരികയാണ്. താമസിയാതെ തീരുമാനമെടുക്കും”-മന്ത്രി പറഞ്ഞു. കുറഞ്ഞ യാത്രാ നിരക്ക് കാരണം റെയില്‍വേക്ക് സംഭവിക്കുന്ന നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആറ് മാസത്തിലൊരിക്കല്‍ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. റെയില്‍വേയുടെ പ്രവര്‍ത്തനച്ചെലവും ഇന്ധനച്ചെലവും കണക്കിലെടുക്കുമ്പോള്‍ അടുത്ത ആറ് മാസത്തേക്ക് 1,200 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകും. യാത്രക്കാര്‍ക്ക് സബ്‌സിഡി നല്‍കുന്ന വകയില്‍ ഒരു വര്‍ഷം 26,000 കോടി രൂപ റെയില്‍വേക്ക് ചെലവ് വരും. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന പരിഗണിക്കുന്നത്.