Connect with us

Palakkad

വ്യാജ കറന്‍സികളും സ്വര്‍ണക്കട്ടികളും നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍

Published

|

Last Updated

പാലക്കാട്: വ്യാജ കറന്‍സി നോട്ടും സ്വര്‍ണകട്ടികളും നല്‍കി ഇടപാടുകാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സ്ത്രീയടക്കമുള്ള വന്‍ തട്ടിപ്പു സംഘത്തെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു.
മേനോന്‍പാറ വളയക്കന്‍ചള്ള ഷണ്‍മുഖന്‍(52), കൊല്ലങ്കോട് എസ് വി സ്ട്രീറ്റില്‍ ശ്രീനിവാസന്‍(38), കഞ്ചിക്കോട് ചടയന്‍കാലായ് കൊങ്ങാട്ടുപാടം പഴനിസ്വാമിയുടെ ഭാര്യ മീനാക്ഷി എന്ന ബേബി(52) എന്നിവരെയാണ് സി ഐ. കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഇവരില്‍ നിന്നും വ്യാജ നോട്ടുകെട്ടുകളും സ്വര്‍ണക്കട്ടിയും സഞ്ചരിച്ചിരുന്ന രണ്ടുകാറുകളും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് പോലീസ് ഇവരെ പേഴുംകര റോഡില്‍ അരിസ്റ്റോ ഹാളിനു സമീപത്തുനിന്നും പിടികൂടിയത്. ഒന്നിനു മൂന്നിരട്ടി കള്ളനോട്ട് നല്‍കാമെന്നു പറഞ്ഞ് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലുള്ളവരില്‍ നിന്നും ലക്ഷങ്ങളാണ് തട്ടിച്ചത്.
കള്ളനോട്ട് ആവശ്യപ്പെട്ട് എത്തുന്നവര്‍ക്ക് യഥാര്‍ഥ നോട്ടുതന്നെ കാണിച്ച് കള്ളനോട്ടാണെന്ന് വിശ്വസിപ്പിക്കും. ഇത് യഥാര്‍ഥ തുകയുടെ മൂന്നിരട്ടി നല്‍കാമെന്നു പറഞ്ഞ് ഇവര്‍ പറയുന്ന സ്ഥലങ്ങളിലെത്തിക്കും.

ഇടപാടുകാരില്‍ നിന്നും യഥാര്‍ഥ നോട്ട് വാങ്ങി കള്ളനോട്ടാണെന്ന വ്യാജേന പച്ചനിറത്തിലുള്ള കടലാസുകെട്ടുകള്‍ മുകളിലും താഴെയും 500 രൂപയുടെ യഥാര്‍ഥ നോട്ടുകള്‍ വെച്ച് പോളിത്തീന്‍ കവറിലിട്ട് റബര്‍ ബാന്റിട്ട് ഭദ്രമാക്കി ബാഗില്‍ നിറച്ച് കൈമാറും. ഉടനെ പോലീസ് വരുന്നതായി പറഞ്ഞ് യഥാര്‍ഥ പണവുമായി വണ്ടിയെടുത്ത് മുങ്ങുകയും ചെയ്യും.

കഴിഞ്ഞ ഒരുമാസത്തിനിടെ ഇത്തരത്തില്‍ 30 ലക്ഷം രൂപയുടെ ഇടപാട് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തതായി മൊഴി നല്‍കിയിട്ടുണ്ട്. നിയമ വിരുദ്ധമായ ഇടപാടായതിനാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി രംഗത്ത് വരാത്തത് സംഘത്തിന് തുണയായി.
സ്വര്‍ണക്കട്ടി മാര്‍ക്കറ്റ് വിലയില്‍ നിന്നും ഗ്രാമിന് 300 രൂപ വരെ കുറച്ചു നല്‍കാമെന്നുപറഞ്ഞാണ് മറ്റൊരു തട്ടിപ്പ്. 100 ഗ്രാമിന്റെ ഒരു സ്വര്‍ണക്കട്ടി ഇവരില്‍ നിന്നും വാങ്ങി മറിച്ചുവിറ്റാല്‍ 30,000 രൂപവരെ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിക്കും.
ഇതിനായി ആദ്യം സ്വര്‍ണം പൂശിയ കട്ടി കാണിച്ചുകൊടുക്കുകയും ഇടപാടു നടത്തുമ്പോള്‍ വ്യാജ സ്വര്‍ണക്കട്ടി നല്‍കി സ്ഥലം വിടുകയുമാണ് പതിവ്. ഇതിനായി ഇവര്‍ വ്യാജ തട്ടാന്‍മാരെയും ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്ക് വ്യാജ സ്വര്‍ണക്കട്ടികള്‍ എത്തിച്ചു നല്‍കുന്ന വന്‍ ശൃംഖല തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചെടുക്കുന്ന സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഇടപാടുകാരുമായി ബന്ധപ്പെടാറുള്ളത്. തട്ടിപ്പിനു ശേഷം സിംകാര്‍ഡും മൊബൈല്‍ ഫോണും ഉപേക്ഷിക്കും. ആയുധം കാണിച്ചും ഇവര്‍ ഇടപാടുകാരെ ഭീഷണിപ്പെടുത്താറുണ്ട്. ഇവരുടെ കാറില്‍ നിന്നും കാഴ്ചയില്‍ വടിയെന്ന് തോന്നിക്കുന്ന ഒരു വാളും പോലീസ് കണ്ടെടുത്തു. മുമ്പ് സ്പിരിറ്റ് കടത്ത്, വാഹന മോഷണം എന്നീ കേസുകളില്‍പെട്ടയാളാണ് ഷണ്‍മുഖന്‍. 2008 ല്‍ സ്പിരിറ്റ് ലോറിക്ക് പൈലറ്റു പോയതിന് എക്‌സൈസ് പിടിയിലായി രണ്ടുമാസത്തോളം പാലക്കാട് സബ് ജയിലില്‍ തടവില്‍ കിടന്നു.
2004 ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാഹനമോഷണ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. പിന്നീടാണ് തട്ടിപ്പിനിറങ്ങിയത്. കഞ്ചിക്കോടുള്ള മീനാക്ഷിയുമായി പരിചയത്തിലായതോടെ ഇരുവരും ചേര്‍ന്നാണ് തട്ടിപ്പുകള്‍ നടപ്പാക്കിയത്. ഇവരുടെ സഹായിയായാണ് ശ്രീനിവാസ് രംഗത്തുവരുന്നത്.
ശ്രീനിവാസാണ് ഇടപാടുകാരുമായി സംസാരിക്കുന്നത്. നേരത്തെ പട്ടാളത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട ശ്രീനിവാസന്‍ കോയമ്പത്തൂരില്‍ ഹോംഗാര്‍ഡായി ജോലി നോക്കി. നോട്ടിരട്ടിപ്പ് സംഘവുമായുള്ള അവിഹിതബന്ധം മൂലം അവിടെ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പിന്നീടാണ് ഇവരോടൊപ്പം ചേര്‍ന്നത്. ഇടപാടു നടക്കുമ്പോള്‍ പോലീസ് വേഷത്തില്‍ എത്തുന്നത് ശ്രീനിവാസാണ്.
കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ഇതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും.
പാലക്കാട് ഡി വൈ എസ് പി പി കെ മധുവിന്റെ നിര്‍ദേശപ്രകാരം ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി ഐ കെ എം ബിജു, എസ് ഐ മുരളീധരന്‍, ജി എസ് ഐ ഫിലിപ് വര്‍ഗീസ്, എ എസ് ഐമാരായ രാജഗോപാല്‍, ജലീല്‍, എസ് സി പി ഒമാരായ സതീഷ്‌കുമാര്‍, അശോക് കുമാര്‍, സി പി ഒമാരായ ആര്‍ കിഷോര്‍, കെ അഹമ്മദ് കബീര്‍, നന്ദന്‍, ഹബീഷ, രത്‌നകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.