Connect with us

Editorial

ലാലുവും റശീദ് മസ്ഊദും പാഠമാകട്ടെ

Published

|

Last Updated

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതോടെ അദ്ദേഹത്തിന് ലോക്‌സഭാംഗത്വം നഷ്ടമായിരിക്കയാണ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെടുന്ന രണ്ടാമത്തെ ജനപ്രതിനിധിയാണ് ലാലു. കോണ്‍ഗ്രസ് എം പി റശീദ് മസ്ഊദ് ആണ് ഈ ഗണത്തില്‍ ആദ്യമായി സ്ഥാനം നഷ്ടപ്പെട്ട വ്യക്തി. ത്രിപുരയിലെ മെഡിക്കല്‍ കോളജുകളില്‍ കേന്ദ്രപൂളിലുള്ള സീറ്റുകളിലേക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് വഴിവിട്ടു പ്രവേശനം നല്‍കിയ കേസിലാണ് അദ്ദേഹം നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്.
കോടതി വിധിയെ മറികടന്നു ക്രിമിനലുകളെ അധികാരത്തില്‍ തുടരാനനുവദിക്കുന്ന നിയമം ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞതാണ്. ഇതിനായി കേന്ദ്ര മന്ത്രിസഭ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും അംഗീകാരത്തിനായി രാഷ്ട്രപതിക്കയക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധിയുടെ അവിചാരിതമായ ഇടപെടലാണ് സര്‍ക്കാറിനെ വെട്ടിലാക്കിയത്. ഓര്‍ഡിനന്‍സിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും അത് വലിച്ചുകീറേണ്ടതാണെന്ന് തുറന്നടിക്കുകയുമുണ്ടായി. രാഹുലിന്റെ അഭിപ്രായത്തിന് വ്യാപകമായ പിന്തുണ ലഭിച്ചതിതോടെ സര്‍ക്കാറിന് ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ടിവന്നു. അല്ലായിരുന്നെങ്കില്‍ കോടതി കുറ്റവാളികളെന്ന് കണ്ടെത്തുകയും തടവുശിക്ഷ വിധിക്കുകയും ചെയ്തവര്‍ക്ക് സസുഖം അധികാര പദവിയില്‍ തുടരാമായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്മാക്കന്‍ ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി കടന്നുവന്നു ഓര്‍ഡിനന്‍സിനെ തള്ളിപ്പറഞ്ഞ രാഹുലിന്റെ നടപടി അവിവേകമായിപ്പോയെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും ഓര്‍ഡിനന്‍സിനെതിരായി ജനവികാരം സൃഷ്ടിക്കാന്‍ അദ്ദേഹം നടത്തിയ നീക്കം അഭിനന്ദിക്കപ്പെടേണ്ടതുണ്ട്.

രാജ്യം ഭരിക്കേണ്ടത് അഴിമതിമുക്തരും സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമകളുമായിരിക്കണം. നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരായ അവര്‍ പൊതുഖജാനാവിന്റെ സംരക്ഷകരുമാകണം. പൊതുഖജനാവില്‍ നിന്ന് കോടികള്‍ കട്ടുമുടിക്കുന്നവരും, ആരാധനാലയങ്ങള്‍ തകര്‍ത്തും പച്ച മനുഷ്യരെ ചുട്ടെരിച്ചും നിര്‍ദയം വെടിവെച്ചുകൊന്നും സംഹാരതാണ്ഡവമാടുന്നവരുമാകരുത്. രാജ്യം സ്വാതന്ത്ര്യം നേടിയതിനുടനെ നടന്ന തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളായി സംശുദ്ധ രാഷ്ട്രീയക്കാരെ കണ്ടെത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിച്ചിരുന്നു. ക്രമേണ രാഷ്ട്രീയം മലീമസമാകുകയും നേതൃസ്ഥാനങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കടന്നു വരികയും ചെയ്തു. പാര്‍ട്ടി നോക്കി കുറ്റകൃത്യങ്ങളുടെ ധാര്‍മികതയും അധാര്‍മികതയും നിശ്ചയിക്കാന്‍ തുടങ്ങുകയും കുറ്റവാളികള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുമെന്ന സാഹചര്യം സംജാതമാകുകയും ചെയ്തതോടെ അത്തരക്കാരുടെ എണ്ണം കൂടിവന്നു. ഇന്നിപ്പോള്‍ ക്രമിനലുകളുടെ വിഹാര വേദിയായി മാറിക്കഴിഞ്ഞിരിക്കയാണ് നിയമ നിര്‍മാണസഭകള്‍. നിലവില്‍ സംസ്ഥാന, കേന്ദ്ര നിയമ നിര്‍മാണ സഭകളിലെ മൂന്നിലൊന്നും ക്രിമിനലുകളാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. നാടിനെ കണക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും എത്തിക്കുന്നത് ഇത്തരക്കാരാണ്. സമൂഹത്തെയാകമാനം ആശങ്കപ്പെടുത്തുന്ന ഒരു പ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കയാണ് സംശുദ്ധ രാഷ്ട്രീയത്തിന്റെ തകര്‍ച്ച. തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയുക്തമായ സമിതികളത്രയും രാഷ്ട്രീയ രംഗത്തെ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വത്കരണം അനാവരണം ചെയ്യുകയും അത് തടയേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത്തലം മുതല്‍ പാര്‍ലിമെന്റ് വരെയുള്ള ഒന്നടങ്കം നിയമനിര്‍മ്മാണസഭകളിലും സര്‍ക്കാര്‍ മെഷിനറികളിലും സംശുദ്ധരും നാടിനോടും ജനങ്ങളോടും പ്രതിപത്തിയുള്ളവരുമായ ജനപ്രതിനിധികള്‍ നിയോഗിക്കപ്പെടുമ്പോള്‍ മാത്രമേ നാട് വളരുകയും ജനങ്ങളില്‍ ക്ഷേമവും സംതൃപ്തിയും കളിയാടുകയുമുള്ളൂ.
രാഷ്ട്രീയ മേഖല പരമാവധി ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിക്ഷിക്കപ്പെടുന്ന ക്രിമിനലുകളെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. കട്ടും മുടിച്ചും അധികാര ദുര്‍വിനിയോഗം നടത്തിയും നാടിനെ മുടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇരുത്തേണ്ടത് അധികാര സ്ഥാനങ്ങളിലല്ല, അഴിക്കകത്താണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ധാര്‍മികത്തകര്‍ച്ചയില്‍ വേദനിക്കുന്നവര്‍ ലാലുവിനും റശീദ് മസ്ഊദിനുമെതിരായ കോടതി വിധിയെ സ്വാഗതം ചെയ്യാതിരിക്കില്ല. ഇത് രാഷ്ട്രീയത്തിലെ മറ്റു ക്രിമിനലുകള്‍ക്കും അഴിമതി വീരന്മാര്‍ക്കും പാഠമാകേണ്ടതാണ്.

Latest