Connect with us

National

തെലുങ്കാനക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം: സീമാന്ധ്രയില്‍ ഇന്ന് ബന്ദ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിഭജനകാര്യങ്ങള്‍ തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നതിനും തീരുമാനമായി. പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദിനെ പൊതു സംസ്ഥാനമാക്കി നിലനിര്‍ത്തുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ഇരു സംസ്ഥാനങ്ങളായി ആന്ധ്രയെ വിഭജിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍, മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരിഗണിക്കും. എല്ലാ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ തെലുങ്കാന രൂപവത്കരിക്കുകയുള്ളൂവെന്നും ഷിന്‍ഡേ വ്യക്തമാക്കി. സീമാന്ധ്ര മേഖലയില്‍ 72 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട മുറവിളിക്കൊടുവില്‍ ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവല്‍കരിക്കുന്നതിന് യു പി എ ഏകോപന സമിതി യോഗത്തില്‍ നേരത്തെ തീരുമാനമായിരുന്നു. ആന്ധ്രപ്രദേശ് വിഭജിച്ച പകരം സീമാന്ദ്ര, റായല്‍ തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കാനാണ് തീരുമാനം. പത്ത് ജില്ലകള്‍ കൂട്ടിച്ചേര്‍ത്തായിരിക്കും തെലുങ്കാന നിലവില്‍ വരിക. കേന്ദ്ര മന്ത്രിസഭയുടെ കൂടി അനുമതി ലഭിച്ചതോടെ നടപടി പൂര്‍ത്തിയാക്കി തെലുങ്കാന സംസ്ഥാനം അടുത്ത വര്‍ഷം തുടക്കത്തില്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിലൂടെ വന്‍ രാഷ്ട്രീയ ലാഭമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ടി ആര്‍ എസുമായി ചേര്‍ന്ന് തെലുങ്കാന മേഖലയില്‍ ആധിപത്യമുറപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഇതിലൂടെ തടയാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

 

---- facebook comment plugin here -----

Latest