Connect with us

Kozhikode

കെ എസ് ആര്‍ ടി സി ബസുകളെ തുരത്താന്‍ സ്വകാര്യ ബസുകളുടെ ശ്രമം

Published

|

Last Updated

കൊടുവള്ളി: കോഴിക്കോട്-കുന്ദമംഗലം – സി എം മഖാം റൂട്ടില്‍ ഓടുന്ന കെ എസ് ആര്‍ ടി സി ബസുകളെ തുരത്താന്‍ സ്വകാര്യ ബസുകാര്‍ ശ്രമിക്കുന്നതായി പരാതി. നരിക്കുനിയിലേക്ക് മൂന്നും സി എം മഖാമിലേക്ക് ഒന്നും കെ എസ് ആര്‍ ടി സി ബസുകളാണ് സര്‍വീസ് നടത്തുന്നത്. നരിക്കുനി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോഴും തിരിച്ചും സ്വകാര്യ ബസുകാര്‍ കെ എസ് ആര്‍ ടി സിയുടെ മുന്നിലായി സമയനിഷ്ഠ പാലിക്കാതെ ഓടി കലക്ഷന്‍ കുറവാണെന്ന് വരുത്തിത്തീര്‍ത്ത് പിന്‍വലിപ്പിക്കാനാണത്രെ ശ്രമിക്കുന്നത്.
കുന്ദമംഗലം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് സ്വകാര്യ ബസ് ലോബി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് പാളയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൃത്യസമയത്ത് എടുത്ത് അമിത വേഗതയില്‍ ഓടി കുന്ദമംഗലം ബസ് സ്റ്റാന്‍ഡിലെത്തി കെ എസ് ആര്‍ ടി സി ബസിന്റെ വരവും കാത്ത് നിര്‍ത്തിയിടുകയാണത്രെ പതിവ്. കെ എസ് ആര്‍ ടി സി ബസ് എത്തുന്നതോടെ തൊട്ടുമുന്നിലായി ഓടുകയും ചെയ്യുന്നു. കുന്ദമംഗലം ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ പോലീസുണ്ടെങ്കിലും അവരിതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്. കുന്ദമംഗലത്ത് സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം വാഹനമുണ്ടെങ്കിലും അവരും ബസുകളുടെ സമയനിഷ്ഠ പരിശോധിക്കാത്തത് സ്വകാര്യ ബസുകള്‍ക്ക് അനുഗ്രഹമാകുകയാണ്.