Connect with us

Malappuram

ആനക്കയത്തെ ഹൈടെക് പോളി ഹൗസില്‍ മൂന്നിരട്ടി വിളവ്‌

Published

|

Last Updated

മഞ്ചേരി: ഡിസ്‌പോസിബിള്‍ ഗ്ലാസ് പൊട്ടിച്ചതിനു പകരമായി സംവിധാനിച്ച ഹൈടെക് പോളി ഹൗസില്‍ മൂന്നിരട്ടി വിളവ്. ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് കാര്‍ഷിക വിളവെടുപ്പില്‍ വിസ്മയം തീര്‍ത്ത് സംസ്ഥാന ഖജനാവിന് കോടികള്‍ നേടിത്തരുന്നത്. വെണ്ട, അനഘയെന്ന തക്കാളി, നീലിമ എന്ന വഴുതന, ചീര തുടങ്ങിയവയാണ് പോളി ഹൗസിലെ കൃഷികള്‍. അക്വാ പോണ്ടിക്‌സ് ത്രീടയര്‍ സിസ്റ്റത്തിലാണ് ഇവിടെ കൃഷി. താഴെ മത്സ്യം വളര്‍ത്തുകയും വെര്‍മി കമ്പോസ്റ്റ് വളം ഉത്പ്പാദിപ്പിക്കുകയും മുകളിലെ തട്ടുകളില്‍ തക്കാളിയും മറ്റുമാണ് കൃഷിരീതി.
ചെടികള്‍ പൈപ്പ് വഴി ഡ്രിപ്പ് ഇറിഗേഷന്‍ നല്‍കുന്നു. മത്സ്യത്തില്‍ നിന്ന് അമോണിയം വളവും ഉത്പ്പാദിപ്പിക്കുന്നു. നട്ടര്‍, റോഡു, കട്‌ല, മൃഗാല്‍, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനം മത്സ്യങ്ങളാണ് വളര്‍ത്തുന്നത്. ഗവേഷണ കേന്ദ്രം ഓഫീസര്‍ ഡോ. രാജേന്ദ്രന്‍ മണ്ണുത്തി വെള്ളിയാണി കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്ന് ഡിഗ്രി സമ്പാദിച്ച ഫാം ഓഫീസര്‍മാരായ സലാം പുല്ലൂര്‍, ജുബൈര്‍ മങ്കട എന്നിവരാണ് അത്യാധുനിക ഫാം ഹൗസുകള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. മഴവെള്ളത്തിനു പുറമെ രണ്ട് വലിയ ഫാം ഹൗസില്‍ നിന്നും വീഴുന്ന വെള്ളം 75 ലക്ഷം ലിറ്റര്‍ ജലസംഭരണിയില്‍ ശേഖരിച്ചു വെച്ചാണ് വേനല്‍കാല ജലദൗര്‍ലഭ്യത പരിഹരിക്കുന്നത്. ഇവിടെ കാര്‍ഷിക ഗവേഷകര്‍ സ്വന്തം നിലനില്‍പ്പിനായി മാത്രം വിയര്‍പ്പൊഴുക്കുകയല്ല മറിച്ച് നാടിന്റെ നിലനില്‍പ്പിനായി നിരന്തരം അദ്ധ്വാനിക്കുകയാണ്. വിദ്യാര്‍ഥികളെ കൃഷിരീതികള്‍ അഭ്യസിപ്പിച്ച് അവരെ കൃഷിയില്‍
ഉറപ്പിച്ചു നിര്‍ത്താനുള്ള ഉറച്ച നയപരിപാടികളും ആകര്‍ഷകമായ പദ്ധതികളുമാണ് മഞ്ചേരി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പ്രത്യേകത. ഇംഗ്ലീഷിലും സംസ്ഥാനത്തെ പ്രാദേശിക ഭാഷകളിലുമായി പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളില്‍ വരുന്ന സചിത്ര ലേഖനങ്ങള്‍ വായിച്ച് കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നായി വിവിധ സംഘങ്ങള്‍ ഓരോ ആഴ്ചകളിലും ഇവിടെ എത്തുന്നു. അന്തര്‍ ദേശീയ തലത്തിലാണ് ഗവേഷണ കേന്ദ്രത്തിന്റെ വികസനമെന്ന് സന്ദര്‍ശകര്‍ വിലയിരുത്തുന്നു. സ്വയം പര്യാപത്ത നേടിയ ഈ സ്ഥാപനം ആറു വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപ വരവും 43 ലക്ഷം രൂപ ചെലവും എന്നത് കഴിഞ്ഞ വര്‍ഷം 2.6 കോടി രൂപ വരവ് എന്ന നിലയിലേക്ക് വളര്‍ച്ച പ്രഖ്യാച്ചു. 250-300 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കുന്നുണ്ട്. 500 ല്‍ പരം ആളുകള്‍ക്ക് തൊഴിലധിഷ്ഠിത സംവിധാനത്തില്‍ പരിശീലനം നല്‍കുകയും ഇവര്‍ സ്വയംതൊഴില്‍ കണ്ടെത്തുകയും ചെയ്യുന്നു.
87 പേരടങ്ങുന്ന ഹൈടെക് കൃഷി കര്‍മസേന ഈ കേന്ദ്രത്തിന്റെ സംഭാവനയാണ്. ഇന്ത്യയിലെ ആദ്യ യൂണിറ്റാണിത്. വര്‍ഷം ഒരു കോടി രൂപ നടീല്‍ വസ്തുക്കളില്‍ നിന്നായി ലഭിക്കുന്നു. 11 ഇനം തെങ്ങിന്‍ തൈകള്‍, അഞ്ചിനം വാഴക്കന്നുകള്‍, ടിഷ്യൂ വാഴച്ചെടികള്‍, 120 ഇനം മാവിന്‍ തൈകള്‍, 57 ഇനം പ്ലാവിന്‍ തൈകള്‍ കൂടാതെ പഴം-പച്ചക്കറി സംസ്‌കരണവും മൂല്യവര്‍ധിത പരിശീലനവും കശുമാവ് ഗവേഷണവും നടന്നുവരുന്നു. 50 വനിതകള്‍ക്ക് സ്റ്റൈപ്പന്റോടുകൂടി മൂല്യവര്‍ധന കൃഷിയില്‍ പരിശീലനം നല്‍കുന്നു.
അന്തൂറിയം, ജര്‍ബറ തുടങ്ങി വിവിധയിനം അലങ്കാര ചെടികള്‍ക്കു പുറമെ അലങ്കാര കോഴി, താറാവ്, മുയല്‍ എന്നിവയും കൃഷി ചെയ്യുന്നു. വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു 250 ഏക്കര്‍ സ്ഥലമുള്ളപ്പോള്‍ ആനക്കയത്ത് 25 ഏക്കര്‍ ഭൂമിയിലാണ് അത്യുല്‍പ്പാദന കൃഷി വികസിപ്പിക്കുന്നത്. വയനാട് 250 ഏക്കറില്‍ നിന്ന് ഒരു കോടിയാണ് വരുമാനമെങ്കില്‍ ആക്കയം 25 ഏക്കറില്‍ രണ്ടര കോടി രൂപയാണ് വരുമാനം. കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ മൊത്ത വരുമാനം ഏഴര കോടിയാണെന്നാണ് വിവരം. ഉഷ്ണമേഖല വിളകളായ വെള്ളരി വര്‍ഗ്ഗങ്ങള്‍, പയര്‍, ചീര, വെണ്ട, വഴുതന, മുളക്എന്നിവക്കു പുറമെ ശീതകാല പച്ചക്കറി കൃഷിയിലും ആനക്കയം ഏറെ മുന്നിലാണ്. കാബേജ്, കോളിഫഌവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് ഇനങ്ങള്‍ വികസിപ്പിക്കാനും വിളവെടകുക്കാനും കഴിഞ്ഞത് സംസ്ഥാനത്ത് ശീതകാല പച്ചക്കറികൃഷിയില്‍ വലിയ ഉണര്‍വ് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest