Connect with us

Malappuram

ബസുകളുടെ കുതിപ്പിന് പൂട്ട്; പരിശോധന കര്‍ശനമാക്കും

Published

|

Last Updated

മലപ്പുറം: വേഗപ്പൂട്ട് ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ഇന്നുമുതല്‍ നടപടി ശക്തമാക്കും. പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടികളാണ് കൈകൊള്ളുക. വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സമയപരിധി ശനിയാഴ്ച വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെങ്കിലും പരിശോധന തുടരുന്നുണ്ട്. ജില്ലയിലെ മിക്ക ബസുകളിലും വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടില്ല. എട്ടുപേരുടെ മരണത്തിനിടയാക്കിയ താനൂര്‍ അപകടത്തെയും 15 പേരുടെ ജീവനെടുത്ത തേലക്കാട് ബസ് ദുരന്തത്തെയും തുടര്‍ന്നാണ് വേഗപ്പൂട്ട് സ്ഥാപിക്കാന്‍ നടപടിയെടുത്തത്.
ബസുകളുടെ അമിതവേഗതയും മത്സരഓട്ടവും മൂലം നിരത്തുകളില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ വേഗപ്പൂട്ട് ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ബസുകളുടെ സര്‍വീസുകള്‍ നിറുത്തിവച്ച് വേഗപ്പൂട്ട് തീരുമാനം പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ക്കാണ് ബസ് ഉടമസ്ഥരുടെ നീക്കം. പരിശോധനയും നടപടിയും ശക്തമാക്കുന്നതോടെ അപ്രഖ്യാപിത സര്‍വീസ് നിറുത്തിവയ്ക്കല്‍ അടക്കമുള്ളവയ്ക്കും പദ്ധതിയുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് വേഗപ്പൂട്ടുകള്‍ സീല്‍ ചെയ്യുക. ഇതിനായി എം.വി.ഐമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. വേഗപ്പൂട്ട് ഘടിപ്പിച്ച ബസുകളില്‍ ഒന്നുപോലും യഥാവിധി പ്രവര്‍ത്തിക്കുന്നില്ല.
വര്‍ക്ക്‌ഷോപ്പുകളില്‍ കൊണ്ടുപോയി വേഗപ്പൂട്ടില്‍ കൃത്യിമത്വം കാണിച്ച് വേഗനിയന്ത്രണം ഇല്ലാതാക്കുകയാണ് പതിവ്. ഇതുതടയാനായി ഇത്തവണ വേഗപ്പൂട്ടില്‍ മോട്ടോര്‍വാഹനവകുപ്പ് പ്രത്യേകം സീല്‍ ചെയ്യും. ഡീലര്‍മാര്‍ ചെയ്യുന്ന സീലിനു പുറമയാണിത്. സീലിനുള്ള വസ്തുക്കള്‍ ഉടന്‍ ആര്‍.ടി.ഒ ഓഫീസിലെത്തും. വേഗപ്പൂട്ടില്‍ തകരാറു വരുന്നപക്ഷം ഇവ പരിഹരിച്ച ശേഷമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോവുന്നത് തടയാന്‍ ഇന്ന് മുതല്‍ പരിശോധന ശക്തമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക. ഇതിനായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുണ്ടാക്കിയിട്ടുണ്ടെന്ന് ജോയിന്റ് ആര്‍.ടി.ഒ ദിലു പറഞ്ഞു.