Connect with us

Articles

കുടിക്കുന്നവരും അല്ലാത്തവരും ചോദിക്കേണ്ടത്

Published

|

Last Updated

നാട് ഇന്ന് മദ്യത്തിന്റെ ഉന്മാദലഹരിയിലാണ്. സാക്ഷര കേരളം രാക്ഷസകേരളമായി മാറുകയാണ്. കുരുന്നുകളും മുതിര്‍ന്നവരും അതിവേഗം മദ്യത്തിനും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമകളാകുന്നു. കുടുംബങ്ങള്‍ തകരുകയാണ്. ഭാവി തലമുറ ഭ്രാന്ത് കണക്കെ പാഴ്ജന്മങ്ങളായി മാറുന്നു. കേരളം മദ്യലഹരിയിലാണെന്ന് മുന്‍ രാഷ്ട്രപതി പ്രതിഭാ പട്ടേലും ഇത് “മദ്യപ സര്‍ക്കാരാ”ണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും അഭിപ്രായപ്പെട്ടു. കേരളം കുടിച്ചു മുടിയുകയാണ്.
2013 ജൂലൈ 22ന് ഒരു പത്രത്തിന്റെ ഫോണ്‍ കൗണ്‍സലിംഗ് പരിപാടിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ കുട്ടികള്‍ ഭയക്കുന്ന 10 കാര്യങ്ങളില്‍ ഒന്നാമത്തേത് അച്ഛന്റെ മദ്യപാനമാണ്. രണ്ട്, അച്ഛനും അമ്മയും തമ്മിലുള്ള വഴക്കാണ്. കുടുംബഭദ്രത തകരുമ്പോള്‍ മക്കളുടെ ഭാവിയും ഇരുളടഞ്ഞതാകും. അത്തരം ഒരു തകര്‍ച്ചയുടെ വക്കിലാണ് കേരളം. കുടിക്കുന്നവരും കുടിക്കാത്തവരും സ്വയം ചോദിക്കുക. ഈ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ എന്താണ് വഴി? ഓരോ പിതാവും സഹോദരനും സ്വയം ചോദിക്കുക, എന്റെ മദ്യപാനം കുടുംബ-സാമൂഹിക ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലേ? സ്വയം തിരുത്താനും മറ്റുള്ളവരെ തിരുത്തി, ചികിത്സിച്ച് നന്മയിലേക്ക് കൊണ്ടുപോകാനും ഇന്ന് തന്നെ തീരുമാനമെടുക്കുക.
2013 ജൂണ്‍ 10 തിങ്കളാഴ്ച എക്‌സൈസ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഇങ്ങനെ: ഇന്ത്യയില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവര്‍ കേരളീയരാണ്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രമേ കേരളത്തിലുള്ളൂവെങ്കിലും മദ്യവില്‍പ്പനയുടെ 16 ശതമാനവും ഇവിടെയാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി മദ്യമാണ് മലയാളികള്‍ ഉപയോഗിക്കുന്നത്. ആളോഹരി മദ്യപാനത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പഞ്ചാബിനെ പിന്തള്ളി 8.3 ലിറ്ററുമായി കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. മുന്‍പ് 300 പേരില്‍ ഒരാള്‍ മദ്യപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 പേരില്‍ ഒരാള്‍ മദ്യപിക്കുന്നു. ജനസംഖ്യയില്‍ അഞ്ച് ശതമാനം പൂര്‍ണമായും മദ്യത്തിന് അടിമകളായി മാറി. 1980 ല്‍ മദ്യ ഉപഭോക്താക്കളുടെ കുറഞ്ഞ പ്രായം 18 വയസ്സായിരുന്നു. ഇപ്പോഴത് 12-13 വയസ്സിലെത്തി നില്‍ക്കുന്നു.
ബീവറേജ് കോര്‍പ്പറേഷന്റെ വിറ്റുവരവ് 11 വര്‍ഷത്തിനുള്ളില്‍ 420 ശതമാനം വര്‍ധിച്ചു. 2001-02ല്‍ 1694 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് 2012-13ല്‍ ഇത് 8,818.18 കോടി രൂപയായി. 1984ല്‍ സംസ്ഥാനത്ത് ബീവറേജ് രൂപം കൊണ്ട വര്‍ഷം 55.5 കോടി പ്രതിവര്‍ഷ വരുമാനത്തില്‍ തുടങ്ങിയ മദ്യവില്‍പ്പനയാണ് ഇന്ന് 8,818.18 കോടിയായി മാറിയിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും “ലാഭമുണ്ടാക്കുന്ന” പൊതുമേഖലാ സ്ഥാപനം ബീവറേജ് കോര്‍പ്പറേഷനാണ്.
സംസ്ഥാനത്ത് 1981ല്‍ 144 ബാറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 10 വര്‍ഷം കഴിഞ്ഞപ്പോള്‍ 742 എണ്ണമായി. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മദ്യവില്‍പ്പന ഭീതിജനകമായ രീതിയില്‍ വര്‍ധിക്കുന്നു. ഇക്കാലയളവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ സംസ്ഥാനത്ത് 2.32 കോടി കെയ്‌സിന്റെ വര്‍ധനവുണ്ടായി.
ഖജനാവ് തടിച്ചുകൊഴുക്കുമ്പോള്‍, മദ്യത്തിന്റെ ഒഴുക്കില്‍ തകര്‍ന്നടിയുന്നത് കേരളത്തിന്റെ ധാര്‍മിക-സാംസ്‌കാരിക- കുടുംബ മൂല്യങ്ങളാണ്. നാട് മുടിഞ്ഞാലും സമൂഹം നശിച്ചാലും ആത്മഹത്യകള്‍ പെരുകിയാലും പണം മാത്രം മതി എന്ന നിലപാട് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. മദ്യത്തില്‍ നിന്നുള്ള വരുമാനത്തേക്കാളേറെ തുക അതുവഴിയുണ്ടാകുന്ന കെടുതികളെ നേരിടാന്‍ സര്‍ക്കാരിന് ചിലവ് വരുന്നുണ്ട്.
കേരളത്തിലെ ജനസംഖ്യയില്‍ 17.20 ശതമാനം പേര്‍ മദ്യപരാണ്. 47 ലക്ഷം പേര്‍ മദ്യപിക്കുന്നു. 17 ലക്ഷം പേര്‍ ദിവസവും മദ്യപിക്കുന്നു. കേരളത്തിലെ മദ്യപരില്‍ ഏറ്റവും കൂടുതല്‍ 21നും 40നും മധ്യേ പ്രായമുള്ളവരാണ്. ഇവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നവര്‍. കേരളത്തിലെ സ്ത്രീകളില്‍ 3-5 ശതമാനം ലഹരിശീലക്കാരാണ്. മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനിടയില്‍ നാലിരട്ടി വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മദ്യപാനം മൂലം കേരളത്തില്‍ എട്ട് ലക്ഷം പേര്‍ കരള്‍ രോഗികളായി മാറി. 2015 ആകുമ്പോഴേക്കും ഹൃദ്രോഗികളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിക്കും. വാഹനാപകടങ്ങളില്‍ 85 ശതമാനം മദ്യപാനംമൂലമാണ്. കുറ്റകൃത്യങ്ങളുടെ ഇന്ത്യന്‍ ശരാശരി 175.6 ആണെങ്കില്‍ കേരളത്തില്‍ 306.5 ആണ്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ 87 ശതമാനത്തിനും പിന്നില്‍ മദ്യവും മയക്കുമരുന്നുകളുമാണ്.
ഭാര്യമാരെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ 85 ശതമാനം മദ്യപാനികളാണ്. ഗാര്‍ഹിക അതിക്രമ കേസുകളില്‍ പ്രധാന പ്രതി മദ്യമാണ്. കുടുംബ ബജറ്റിന്റെ 60-70 ശതമാനം വരെ മദ്യപാനത്തിന് ചെലവിടുന്നു. തലക്ക് പരിക്കേറ്റ് ആശുപത്രികളില്‍ എത്തുന്നവരില്‍ 37 ശതമാനം മദ്യപരാണ്. മനോരോഗങ്ങള്‍ക്ക് 17.6 ശതമാനത്തിനും കാരണം മദ്യമാണ്. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവര്‍ 40 ശതമാനം മദ്യപാന ശീലക്കാരാണ്. ഒരു ദിവസം 170 വിവാഹമോചന കേസുകള്‍ വരെ കേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്നു. ഇതില്‍ 80 ശതമാനത്തിനും കാരണം മദ്യപാനമാണ്. 100 മദ്യപരില്‍ 18 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗം ബാധിക്കുന്നു. 100 മദ്യപരുടെ കുടുംബങ്ങളെ എടുത്താല്‍ അതില്‍ ഏഴ് കുടുംബങ്ങളിലും മനോവൈകല്യമുള്ളവര്‍ ജനിക്കുന്നു. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26.56 കോടി ലിറ്ററാണ്. ബിയര്‍ ഉള്‍പ്പെടെ ഇത് 29.3 കോടി ലിറ്ററാണ്. അരി വാങ്ങാന്‍ ചെലവാക്കുന്നതിന്റെ മൂന്നിരട്ടിയാണ് മദ്യത്തിനുവേണ്ടി മലയാളി ചെലവാക്കുന്നത്.
Associated Chambers of Commerce & Industry of India യുടെ സോഷ്യല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ മെട്രോ നഗരങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം 45 ശതമാനം പ്ലസ്ടു വിദ്യാര്‍ഥികളും മദ്യം ഉപയോഗിക്കുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ മദ്യം ഉപയോഗിക്കുന്നത് ഡല്‍ഹിയിലും മുംബൈയിലും ചണ്ഡിഗഢിലും ഹൈദരാബാദിലുമാണെങ്കിലും അടുത്ത സ്ഥാനം കൊച്ചിക്കാണ്. പുതിയ തലമുറ മദ്യാസക്തരായി മാറുകയാണ്. ലഹരിവസ്തുക്കളുടെ ഉപയോഗവും കുട്ടികളില്‍ വര്‍ധിക്കുകയാണ്. മദ്യാസക്തരുടെ മക്കള്‍ മദ്യപരാകാനുള്ള സാധ്യത 60 ശതമാനമാണ്. ഇവരുടെ കുറ്റവാസനാ നിരക്ക് 62.5 ശതമാനമാണ്. മദ്യപിക്കുന്ന 10 പേരില്‍ രണ്ട് പേര്‍ മദ്യാസക്തരാകുന്നു. ചെറുപ്രായത്തിലെ മദ്യപാനം ഓര്‍മശക്തി ഗണ്യമായി കുറക്കും. വിവിധ മാനസിക രോഗങ്ങള്‍ക്കും കാരണമാകും. മദ്യപാനികളുടെ ഭാര്യമാരില്‍ 62 ശതമാനവും ശാരീരികവും മാനസികവുമായ പലവിധ പീഡനങ്ങള്‍ സഹിക്കുന്നവരാണ്.
2012 മെയ് 19ന് കൊച്ചിയില്‍ നടന്ന ലൈംഗിക ശസ്ത്രവിദഗ്ധരുടെ സമ്മേളനം “”സെക്‌സ്‌മെഡ്-2012″” 40 ശതമാനം വിവാഹബന്ധങ്ങളുടെയും തകര്‍ച്ചക്ക് കാരണം ലൈംഗികപ്രശ്‌നങ്ങളാണെന്നും ഇതിനു കാരണം മദ്യാസക്തിയാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലൈംഗിക ഉത്തേജക ഔഷധങ്ങള്‍ വില്‍ക്കുന്നത് കേരളത്തിലാണ്.
1995നുശേഷം ജനിച്ച 14,000 കുട്ടികളില്‍ മാനിറ്റോബ സര്‍വകലാശാല നടത്തിയ ഗവേഷണപ്രകാരം ഏഴ് വയസ്സ് വരെ അമ്മമാര്‍ അനുഭവിക്കുന്ന സംഘര്‍ഷം കുട്ടികളെ ബാധിക്കുമെന്ന് കണ്ടെത്തി. മദ്യപന്റെ ഭാര്യ നിരന്തര സംഘര്‍ഷത്തിലായിരിക്കും. ഈ സംഘര്‍ഷങ്ങള്‍ മാതാവിന്റെ ശരീരത്തില്‍ രാസമാറ്റങ്ങളുണ്ടാക്കും. ഇത് കുട്ടിയെ ബാധിക്കും. ഗര്‍ഭകാലത്ത് മാതാവ് കുടിച്ചാല്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഒന്നോ രണ്ടോ സ്മാള്‍ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന വാദം തെറ്റാണെന്ന് കാനഡയിലെ ഒന്റാറിയോയിലുള്ള മക്മാസ്റ്റര്‍ യൂനിവേഴ്‌സിറ്റിയിലെ ചാന്‍ ലിയാംഗിന്റെയും സംഘത്തിന്റെയും പഠനം ഉറപ്പിക്കുന്നു. മിതമായ മദ്യപാനം പോലും ഹൃദയതാളം തെറ്റിച്ചുകൊണ്ട് മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ തെളിയിച്ചു.”നിരവധി ഹൃദ്രോഗാവസ്ഥകള്‍ക്ക് കാരണക്കാരനായ മദ്യത്തെ യാതൊരു കാരണവശാലും ഹൃദയസംരക്ഷകനായി മുദ്ര കുത്തരുതെന്ന്” ഗവേഷകര്‍ പറഞ്ഞു.
കേരളത്തിന്റെ മദ്യപാനത്തിന്റെ ഗ്രാഫ് ഉയരുന്നതിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരും ജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മദ്യമെന്ന മരണസംസ്‌കാരം കേരളത്തെ പിടിമുറുക്കുന്നതിന്റെ സാഹചര്യം ശാസ്ത്രീയമായി പഠനവിധേയമാക്കാണം, പരിഹാരം കണ്ടെത്തണം.

 

Latest