Connect with us

Malappuram

സസ്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാ ജില്ലകളിലും തുടങ്ങുന്നു

Published

|

Last Updated

മലപ്പുറം: വൈവിധ്യമാര്‍ന്ന പഴം, പച്ചക്കറികള്‍ ന്യായ വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതിന് വേണ്ടി ആരംഭിച്ച സസ്യ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വ്യാപിപ്പിക്കാന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ തയ്യാറെടുക്കുന്നു.
ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന ഗുണമേന്‍മയുള്ള പഴം, പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് സസ്യ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ എത്തിക്കുന്ന സംവിധാനമാണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില നല്‍കുന്ന ഈ സംവിധാനത്തിന് മികച്ച പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സസ്യ ഷോപ്പുകള്‍ തുടങ്ങാനുള്ള തീരുമാനം.
നിലവില്‍ വി എഫ് പി സി കെ നേരിട്ട് നടത്തുന്ന സസ്യ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എറണാകുളം ജില്ലയിലെ പാലാരിവട്ടം, കതൃകടവ്, കൊല്ലം ജില്ലയിലെ കടക്കാകട എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് തട്ടുകളായാണ് സസ്യയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. വി എഫ് പി സി കെ നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കര്‍ഷകരോ അല്ലെങ്കില്‍ സഹകരണ സംഘങ്ങളോ നടത്തുന്ന ഫ്രാഞ്ചൈസി ഷോപ്പുകള്‍ എന്നിങ്ങനെയാണവ.
വി എഫ് പി സി കെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന പഴം, പച്ചക്കറി എന്നിവ ഫ്രാഞ്ചൈസി ഷോപ്പുകളില്‍ എത്തിച്ച് നല്‍കും. വി എഫ് പി സി കെ നിശ്ചയിക്കുന്ന വിലക്ക് ഇത്തരം ഷോപ്പുകളില്‍ കൂടി വില്‍ക്കേണ്ടതാണ്. ഫ്രാഞ്ചൈസി ഉടമ 15,000 രൂപ ഒരു വര്‍ഷത്തെ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം 1,000 രൂപ വാര്‍ഷിക ഫ്രാഞ്ചൈസി ഫീസായും നല്‍കണം.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതിനായി ജില്ലകളില്‍ ഓരോ വി എഫ് പി സി കെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇതിന്റെ ആദ്യ പടിയായി തുടങ്ങാനാണ് നീക്കം.