Connect with us

Thrissur

പാലിയക്കര ടോള്‍ ബൂത്തില്‍ അര്‍ധരാത്രിയില്‍ നിരക്ക് വര്‍ധന; പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു

Published

|

Last Updated

തൃശൂര്‍: ഇടപ്പള്ളി മണ്ണൂത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ ബൂത്തിലെ വര്‍ധിപ്പിച്ച നിരക്കുകള്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധിപ്പിച്ച നിരക്കുകളാണ് യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ പിന്‍വലിച്ചത്. അഞ്ച് മുതല്‍ മൂപ്പത് വരെ രൂപയായിരുന്നു വര്‍ധന. അറ്റകുറ്റപ്പണികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാതെ നിരക്ക് വര്‍ധിപ്പിക്കരുതെന്ന കോടതിവിധി കണക്കിലെടുക്കാതെയാണ് രഹസ്യമായി നിരക്ക് വര്‍ധിപ്പിച്ചത്. അര്‍ധരാത്രി തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍പിരിവ് തടസ്സപ്പെടുത്തി. രാവിലെ യുവമോര്‍ച്ച, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. പി സി ചാക്കോ എം പി, സി രവീന്ദ്രനാഥ് എം എല്‍ എ എന്നിവരും നിരക്കുവര്‍ധനവില്‍ പ്രതിഷേധിച്ച് രംഗത്തുവന്നു. നിരക്ക് വര്‍ധന പിന്‍വലിച്ചെന്നും സര്‍ക്കാറുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷമേ നിരക്ക് വര്‍ധിപ്പിക്കു എന്നും കമ്പനി ഉറപ്പ് നല്‍കിയതായി പി സി ചാക്കോ എം പി അറിയിച്ചു.
കരാര്‍ പ്രകാരമുള്ള പണി പൂര്‍ത്തിയാകും വരെ നിരക്ക് വര്‍ധിപ്പിക്കില്ലെന്നായിരുന്നു ധാരണ. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി ഇബ്‌റാഹീം കുഞ്ഞും കേന്ദ്ര മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാതെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. കാര്‍, ജീപ്പ് എന്നിവയുടെ രണ്ട് ഭാഗത്തേക്കുമുള്ള നിരക്ക്് 90 ല്‍ നിന്ന് 95 രൂപയായും ചെറുകിട ചരക്ക് വാഹനങ്ങളുടെ നിരക്ക് 110 ല്‍ നിന്ന് 165 രൂപയായും വലിയ ചരക്ക് വാഹനങ്ങളുടെ നിരക്ക് 315 ല്‍ നിന്ന് 330 രൂപയായും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടെ നിരക്ക് 505 രൂപയില്‍ നിന്ന് 530 രൂപയായുമാണ് വര്‍ധിപ്പിച്ചത്. കരാര്‍ അനുസരിച്ച് ഈ മാസം ഒന്ന് മുതല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് അവകാശമുണ്ട്.

Latest