Connect with us

Malappuram

ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ പഠനം അവതാളത്തില്‍

Published

|

Last Updated

വണ്ടൂര്‍: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതി. അധ്യയന ദിവസങ്ങളുടെ നഷ്ടവും മതിയായ അധ്യാപകരില്ലാത്തതും വിദ്യാര്‍ഥികളുടെ പാഠ്യദിനങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുകയാണ്. പ്ലസ് വണ്‍ ക്ലാസുകളെ ചൊല്ലിയാണ് ഏറെ പരാതി ഉയരുന്നത്.
ജൂണ്‍ മാസം തുടങ്ങിയ പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടികള്‍ കഴിഞ്ഞ മാസം ആദ്യവാരത്തിലാണ് പൂര്‍ത്തിയായത്. ഇതോടെ മൂന്ന് മാസത്തെ ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്. ജൂണ്‍ മാസത്തോടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഇത്രയും ദിവസങ്ങള്‍ നഷ്ടമാകുമായിരുന്നില്ലെന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പറയുന്നു. കഴിഞ്ഞ തവണ പ്ലസ് വണ്‍ പരീക്ഷ എഴുതിയവര്‍ക്കും മാര്‍ക്ക് കുറഞ്ഞവര്‍ക്കുമുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ഈ ആഴ്ചയാണ് തുടങ്ങിയത്.
ഇതോടെ പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന ഈ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ക്ലാസുകള്‍ മാറ്റിവെച്ച് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാന്‍ പോകേണ്ടതും ക്ലാസുകള്‍ നഷ്ടമാകാന്‍ കാരണമാകുന്നു. വിദ്യാര്‍ഥികളുടെ അഭാവത്തില്‍ പ്ലസ്ടു ക്ലാസുകളിലും അധ്യയനം നടത്താന്‍ അധ്യാപകര്‍ക്കും സാധിക്കുന്നില്ല. ഈ മാസം ഏഴ് മുതലാണ് മിക്ക സ്‌കൂളുകളിലും കലാ-കായിക മത്സരങ്ങള്‍ ആരംഭിക്കുന്നത്. സ്‌കൂള്‍തലം മുതല്‍ സംസ്ഥാന തലം വരെ നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ക്കായി ദിവസങ്ങളോളം ക്ലാസുകള്‍ നഷ്ടപ്പെടുന്നതും കൂടുമ്പോള്‍ അധ്യയന ദിവസങ്ങളുടെ എണ്ണം നന്നായി കുറയും.
ഹയര്‍സെക്കന്‍ഡറിയില്‍ പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കേണ്ടിവരുന്നതും ഇതിന് സമയം ലഭിക്കാത്തതും വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മിക്കപ്പോഴും പ്രിന്‍സിപ്പല്‍മാരായ അധ്യാപകര്‍ക്ക് സ്‌കൂള്‍ പ്രധാനധ്യാപകന്റെ ജോലിയും ഓഫീസ് ഫയലുകളുടെ കൈകാര്യവും ചെയ്യേണ്ടി വരുന്നതും കാര്യക്ഷമമായി ക്ലാസുകള്‍ നടത്താനും ഓഫീസ് ജോലികള്‍ നടത്താനും തടസ്സം സൃഷ്ടിക്കുന്നു. ഹയര്‍സെക്കന്‍ഡറി ഓഫീസ് കാര്യങ്ങളില്‍ ഇവരെ സഹായിക്കാന്‍ ക്ലര്‍ക്കുമാരെ നിയമിക്കാത്തതും ജോലിഭാരം ഇരട്ടിയാകാന്‍ കാരണമാകുന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ ക്ലാസ് ജോലികളില്‍ നിന്ന് മാറ്റി പകരം ആളെ നിയമിക്കണമെന്ന് യു ഡി എഫ് സര്‍ക്കാര്‍ നിയമിച്ച ലബ കമ്മിറ്റിപ്രൊഫ. പി ഒ ജെ. ലബ്ബ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുവരുന്നുണ്ടെന്നും അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി എച്ച് മൂസ പറഞ്ഞു. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകാരാണ് ഇപ്പോഴും നിരവധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ തുടരുന്നത്. അടിക്കടി അധ്യാപകര്‍ മാറുന്നതും വിദ്യാര്‍ഥികളുടെ പഠനപുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

Latest