Connect with us

International

ബെര്‍ലുസ്‌കോണി വഴങ്ങി; ഇറ്റാലിയന്‍ പ്രധാനമന്ത്രി വിശ്വാസം നേടി

Published

|

Last Updated

റോം: ഇറ്റാലിയില്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലൂസ്‌കോണി തീരുമാനത്തില്‍നിന്നും പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി എന്റികോ ലെറ്റ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. ബെര്‍ലൂസ്‌കോണിയുടെ പീപ്പിള്‍ ഫ്രീഡം പാര്‍ട്ടിയിലെ അഞ്ച് മന്ത്രിമാര്‍ സര്‍ക്കാര്‍ വിടാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ലെറ്റക്ക് വിശ്വാസ വോട്ട് തേടേണ്ടിവന്നത്. എന്നാല്‍ തന്റെ പാര്‍ട്ടിയിലുള്ള മിക്കവാറും സെനറ്റര്‍മാര്‍ സര്‍ക്കാറില്‍ തിരിച്ചെത്തുമെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ലെറ്റക്കെതിരായ നീക്കത്തില്‍നിന്ന് ബെര്‍ലൂസ്‌കോണി പിന്‍മാറിയത്.

ബെര്‍ലൂസ്‌കോണിയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ലെറ്റക്കെതിരായ തീരുമാനത്തെ പിന്താങ്ങിയിരുന്നില്ല. മൂന്ന് തവണ പ്രധാനമന്ത്രിയായ ബെര്‍ലൂസ്‌കോണിയുടെ രാഷ്ട്രീയ സ്വാധീനം ദുര്‍ബലമാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇറ്റലിക്ക് ഘടനാപരമായും അധികാരനിയുക്തവുമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന സര്‍ക്കാറിനെയാണ് ആവശ്യം. ആഭ്യന്തര കലഹത്തിന്റെ പേരില്‍ എതിരായി വോട്ട് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സെനറ്റില്‍ അവസാനമായി സംസാരിച്ച ബെര്‍ലൂസ്‌കോണി പറഞ്ഞു.
വാറ്റ് നികുതി വര്‍ധനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് അഞ്ച് മന്ത്രിമാരോടും ലെറ്റയുടെ സര്‍ക്കാര്‍ വിടാന്‍ ബെര്‍ലൂസ്‌കോണി ആവശ്യപ്പെട്ടത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളടക്കം തന്റെ തീരുമാനത്തെ അതിരുകവിഞ്ഞ നടപടിയാണെന്ന് കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിമാരുടെ രാജി സ്വീകരിക്കാന്‍ വിസമ്മതിച്ച ബെര്‍ലൂസ്‌കോണി സെനറ്റില്‍ ലെറ്റക്കനുകൂലമായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്.