Connect with us

International

ഭൂട്ടോ വധം: പുനര്‍വിചാരണക്ക് പാക് കോടതി ഉത്തരവിട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ്: പര്‍വേസ് മുശര്‍റഫ് പ്രധാന പ്രതിയായ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസ് പുനര്‍വിചാരണ നടത്തണമെന്ന് പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി ഉത്തരവിട്ടു. പുനര്‍വിചാരണക്കെതിരെ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയും പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയും നല്‍കിയ അപേക്ഷ തള്ളിയാണ് റാവല്‍പിണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോടതിയിലെ ജഡ്ജി ചൗധരി ഹബീബുര്‍ റഹ്മാന്‍ ഉത്തരവിട്ടത്.
ഈ മാസം എട്ടിന് നടക്കുന്ന ഹിയറിംഗില്‍ മൊഴിയെടുക്കുന്നതിനായി പ്രോസിക്യൂഷന്‍ സാക്ഷികളെ വീണ്ടും ഹാജരാക്കണമെന്ന് കോടതി എഫ് ഐ എയോട് നിര്‍ദേശിച്ചു. മൂശാറഫിനെ പ്രധാനപ്രതിയാക്കി കോടതിയില്‍ ജൂണ്‍ 25ന് എഫ് ഐ എ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഏപ്രില്‍ 26ന് അറസ്റ്റ്‌ചെയ്യപ്പെട്ട മുശര്‍റഫിന് ഒരു കോടി രൂപയുടെ ബോണ്ടിന്‍മേല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. മുശാറഫിനെ സുരക്ഷാ കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. എല്ലാ കക്ഷികളുടേയും വാദം കേട്ടശേഷം കഴിഞ്ഞ മാസം 17ന് കോടതി വിധി പറയുന്നത് മാറ്റിവെച്ചു.
എന്നാല്‍ കോടതി നടപടികള്‍ തുടരണമെന്നും നീട്ടിവെക്കുന്നത് സമയ നഷ്ടം മാത്രമേ ഉണ്ടാക്കുവെന്നുമായിരുന്നു എഫ് ഐ എയുടയും പിപിപിയുടേയും നിലപാട് . എന്നാല്‍ ഇവരുടെ വാദം തള്ളിക്കൊണ്ടാണ് പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടിരിക്കുന്നത്. റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെ 2007ലാണ് ചാവേര്‍ ആക്രമണത്തില്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്.