Connect with us

National

'ഇന്ത്യയിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് നേരെ രാസായുധം പ്രയോഗിക്കാന്‍ ചര്‍ച്ചില്‍ പദ്ധതിയിട്ടു'

Published

|

Last Updated

ലണ്ടന്‍/ ന്യൂഡല്‍ഹി: ബ്രിട്ടീഷ് കോളനിവാഴ്ച കാലത്ത് ഉത്തരേന്ത്യയിലെ ചില ഗോത്രവര്‍ഗക്കാര്‍ക്ക് നേരെ രാസായുധ പ്രയോഗം നടത്താന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഈസ്റ്റിന്ത്യാ ഭരണത്തിനെതിരെ നിരന്തരം പ്രക്ഷോഭം നടത്തിയിരുന്ന ഗോത്രവിഭാഗക്കാരെ ഇല്ലായ്മ ചെയ്യാനാണ് ചര്‍ച്ചില്‍ ആഗ്രഹിച്ചതെന്ന് ചരിത്രകാരനായ ഗൈല്‍സ് മില്‍ട്ടണ്‍ വെളിപ്പെടുത്തി.
രാസായുധം പ്രയോഗിക്കാന്‍ ചര്‍ച്ചിലിന് അതീവ ആഗ്രഹമുണ്ടായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്നില്ലെങ്കിലും ഇന്ത്യന്‍ വിപ്ലവകാരികള്‍ക്ക് നേരെ രാസായുധം പ്രയോഗിക്കുന്നതിന് സര്‍വ പിന്തുണയും ചര്‍ച്ചില്‍ നല്‍കിയിരുന്നു. രാസായുധ പ്രയോഗം നടത്തണമെന്ന് ആഗ്രഹിച്ച് ചര്‍ച്ചില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് അയച്ച കത്ത് കണ്ടപ്പോള്‍ അമ്പരന്നുപോയെന്ന് ഗൈല്‍സ് മില്‍ട്ടണ്‍ പറഞ്ഞു. “വടക്കുപടിഞ്ഞാറന്‍ മുന്നണിയിലെ ഗോത്രവിഭാഗക്കാര്‍ക്ക് നേരെ നമ്മളത് പ്രയോഗിക്കും. അവര്‍ ശരിക്കും നമ്മെ വലക്കുന്നുണ്ട്. നമുക്കവരെ ചാമ്പലാക്കാം” ചര്‍ച്ചിലിന്റെ വാക്കുകളെ ഗൈല്‍സ് ഉദ്ധരിക്കുന്നതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. വിഷവാതകത്തിന്റെ ഭീകരത സംബന്ധിച്ച് തനിക്ക് ധാരണയില്ലെന്നും ചര്‍ച്ചിലിന്റെ കത്തില്‍ ഉണ്ട്. വിഗ്ടൗണ്‍ ബുക്ക് ഫെസ്റ്റിവലില്‍ “റഷ്യന്‍ റൗലറ്റെ” എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ബ്രിട്ടീഷ് ചരിത്രകാരന്‍ മില്‍ട്ടണ്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
റഷ്യന്‍ ബോള്‍ഷെവിക്കുകള്‍ക്കെതിരെ ഏറ്റവും വിനാശകാരിയായ രാസായുധം പ്രയോഗിക്കാനും ചര്‍ച്ചില്‍ പദ്ധതിയിട്ടതായി മില്‍ട്ടണ്‍ വെളിപ്പെടുത്തി. അന്ന് യുദ്ധ വകുപ്പിന്റെ സെക്രട്ടറിയായിരുന്നു ചര്‍ച്ചില്‍. ചുവപ്പന്‍ സൈന്യത്തിനെതിരെയുള്ള വെള്ളപ്പട്ടാളത്തിന്റെ ആക്രമണത്തെ പിന്തുണക്കാന്‍ ചര്‍ച്ചില്‍ ആവശ്യപ്പെട്ടെങ്കിലും അത് സര്‍ക്കാര്‍ തള്ളി.
“എം ഡിവൈസ്” എന്ന പേരില്‍ അതീവ രഹസ്യമായി രാസായുധം ബ്രിട്ടീഷ് സര്‍ക്കാര്‍ വികസിപ്പിച്ചിരുന്നു. വില്‍റ്റ്‌ഷെയറിലെ പോര്‍ട്ടോണ്‍ ലബോറട്ടറികളിലാണ് അന്നത്തെ ഏറ്റവും വിനാശകാരിയായ ഈ രാസായുധം വികസിപ്പിച്ചത്. എന്നാല്‍ ഇത് ഉപയോഗിച്ചിട്ടില്ല. മില്‍ട്ടണ്‍ പറഞ്ഞു.

 

Latest