Connect with us

National

അതിര്‍ത്തി ഗ്രാമത്തില്‍ പാക്കിസ്ഥാന്‍ കടന്നുകയറിയിട്ടില്ലെന്ന് സൈന്യം

Published

|

Last Updated

ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്ക് സമീപം കെരന്‍ സെക്ടറില്‍ കഴിഞ്ഞ വാരം ഇന്ത്യന്‍ ഗ്രാമത്തില്‍ പാക്കിസ്ഥാന്‍ സൈന്യം കടന്നുകയറിയെന്ന വാര്‍ത്തകള്‍ സൈന്യം നിഷേധിച്ചു. ഇവിടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതായും തിരച്ചില്‍ തുടരുകയാണെന്നും സൈനിക ആസ്ഥാനം അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ ഗ്രാമത്തില്‍ പാക്ക് സൈനിക സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുയായിരുന്നു സേനാ ആസ്ഥാനം. ഷാലാ ബട്ട് എന്ന ഗ്രാമത്തില്‍ വെടിവെപ്പ് നടന്നുവെന്നും പാക് സംഘം ഗ്രാമത്തിലെത്തിയെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത അസംബന്ധമാണെന്ന് സൈനിക ആസ്ഥാനം പറയുന്നു. സമീപകാലത്ത് പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം പലപ്പോഴായി നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചിരുന്നു. ആഗസ്റ്റില്‍ പാക്് വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ സൈന്യം വ്യാപക രീതിയില്‍ നടപടികള്‍ ആരംഭിച്ചുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നടപടിയില്‍ അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം 24 മുതലാണ് നടപടി ആരംഭിച്ചത്. നുഴഞ്ഞുകയറ്റക്കാരുടെ ശക്തിയും നിത്യേന നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന കേന്ദ്രങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. നേരത്തെ മനസ്സിലാക്കിയ നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. അതേസമയം, സൈനിക നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സൈനിക വൃത്തങ്ങള്‍ വിസമ്മതിച്ചു.