Connect with us

National

ചന്ദ്രബാബു നായിഡുവും മോഡിയും ഒരേ വേദിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ ഡി എയോട് അടുക്കുന്നുവെന്ന സൂചനകള്‍ക്ക് ബലമേകി തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) നേതാവ് ചന്ദ്രബാബു നായിഡു ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയുമായി വേദി പങ്കിട്ടു. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാറിനെ നായിഡു ശ്ലാഘിച്ചു. കോളജ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച യോഗത്തിലാണ് നായിഡുവും മോഡിയും രാം ജഠ്മലാനിയും വേദി പങ്കിട്ടത്. 
കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ 2014 നല്ല വര്‍ഷമാണെന്ന് ്‌നായിഡു അവകാശപ്പെട്ടു. രൂപയുടെ മൂല്യമിടിയാനും സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചക്കും കാരണം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാറാണ്. നിരവധി വികസനങ്ങള്‍ രാജ്യത്ത് കൊണ്ടുവന്നത് ബി ജെ പി സര്‍ക്കാറാണ്. തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ടി ഡി പി, ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന സൂചനകളാണ് നല്‍കുന്നത്. ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ കടുത്ത എതിരാളിയുമാണ്് ടി ഡിപി.
വിവാദ ഓര്‍ഡിനന്‍സിന്റെ പേരില്‍ കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി, സോണിയാ ഗാന്ധിയുടെ കൈയിലെ ഉപകരണം മാത്രമാണ്. രാജ്യത്ത് വിദേശ നിക്ഷേപം വരുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് സാമ്പത്തിക സുസ്ഥിരതക്ക് തടസ്സമാകുന്നത്. രാജ്യം സ്വതന്ത്രമായതു മുതല്‍ 1991 വരെ ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസ് ആയിരുന്നിട്ടും വികസനം ഉണ്ടായില്ല. ബി ജെ പിയുടെ കാലത്താണ് വികസനമുണ്ടായത്. കോണ്‍ഗ്രസ് ഭരണകാലത്തെ വികസനം മൂന്ന്, നാല് ശതമാനമായിരുന്നുവെന്നും നായിഡു കുറ്റപ്പെടുത്തി.

Latest