Connect with us

Gulf

രാജ്യാന്തര പുസ്തകോത്സവത്തിനു ഷാര്‍ജ ഒരുങ്ങുന്നു

Published

|

Last Updated

ഷാര്‍ജ: 32-ാമത് രാജ്യാന്തര പുസ്തകോത്സവത്തിന് രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നവംബര്‍ ആറ് മുതല്‍ 16 വരെ അല്‍ താവൂന്‍ മാളിന് സമീപമുള്ള എക്‌സ്‌പോ സെന്ററിലാണ് പുസ്തകോത്സവം.

രാജ്യത്തിനകത്തും പുറത്തുമുള്ള പുസ്തകസ്‌നേഹികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുസ്തകമേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
പുസ്തകങ്ങളുടെ ലോകത്തേക്ക് പുത്തന്‍ വാതായനങ്ങള്‍ തുറക്കപ്പെടുന്ന മേളയില്‍ ഇത്തവണ കൂടുതല്‍ രാജ്യങ്ങള്‍ സാന്നിധ്യം അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ സാന്നിധ്യവും ഇത്തവണയുണ്ടാകും. ഇറ്റലി, ചൈന, റഷ്യ, അര്‍ജന്റീന, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കും. പ്രസാധകര്‍, ഗ്രന്ഥകര്‍ത്താക്കള്‍, ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍ സംബന്ധിക്കും.
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ പുസ്തകമേളയാണ് ഷാര്‍ജയിലേത്. അതിനാല്‍ ഇവിടേക്ക് ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും അക്ഷരപ്രേമികള്‍ ഒഴുകിയെത്തുന്നു. കഴിഞ്ഞ കാല മേളകളില്‍ ഏറ്റവും വലിയ സാന്നിധ്യ ഇന്ത്യയുടേതാണ്. ഇന്ത്യയില്‍ നിന്ന് നിരവധി പ്രസാധകര്‍ പങ്കെടുത്തിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും ഇന്ത്യന്‍ പുസ്തകങ്ങളായിരുന്നു.
രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ പതിനായിരങ്ങള്‍ സന്ദര്‍ശകരായി എത്തുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്ന് എത്തുന്ന പ്രമുഖര്‍ ഇത്തവണയും പുസ്തകമേളയെ ധന്യമാക്കും.