Connect with us

Malappuram

നഗരസഭയില്‍ ആധുനിക അറവുശാല: ശുചിത്വ മിഷന്‍ യോഗം വിളിച്ചു

Published

|

Last Updated

കോട്ടക്കല്‍: നഗരസഭയില്‍ ആധുനിക അറവുശാല സ്ഥാപിക്കുന്നതിനായി ശുചിത്വമിഷന്‍ യോഗം വിളിച്ചു. നഗരസഭ അധികൃതരെ തിരുവനന്തപുരത്തേക്കാണ് വിളിച്ചിരിക്കുന്നത്.
അറവുശാല പദ്ധതി ചര്‍ച്ച ചെയ്യാനാണ് യോഗം. ഈമാസം എട്ടിന് യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ സെപ്തംബര്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചതായിരുന്നു യോഗം. എന്നാല്‍ ഇത് പിന്നീട് നീട്ടിവെക്കുകയായിരുന്നു. നിലവില്‍ അറവുശാല സ്ഥാപിക്കുന്നതിനായി നഗരകാര്യ ഡയറക്ടറേറ്റില്‍ നിന്നും സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അറവുശാല എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അറവുശാലക്കായി നഗരസഭ വലിയപറമ്പിലെ 80 സെന്റ് ഭൂമി കണ്ടുവെച്ചിരുന്നങ്കിലും കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
അറവുശാല എവിടെ വേണമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടങ്കിലും തങ്ങളുടെ പ്രദേശത്ത് ഇത് വേണ്ടന്ന നിലപാടിലാണ് ഓരോ കൗണ്‍സിലര്‍മാരും. ആധുനിക അറവുശാലയെന്ന് പേരിട്ട് വിളിക്കുന്നുണ്ടെങ്കിലും അറവുശാലയുടെ പാരിസ്ഥിതിക പ്രശ്‌നത്തെകുറിച്ചുള്ള ആശങ്കയും നഗരസഭാവാസികള്‍ക്കുണ്ട്.
സ്വകാര്യസ്ഥലത്ത് സ്ഥാപിക്കാന്‍ നഗരസഭ ശ്രമിക്കുന്നുണ്ടങ്കിലും സന്നദ്ധത പ്രകടിപ്പിച്ച് ആരും ഇതുവരെ നഗരസഭയെ സമീപിച്ചിട്ടില്ല. ഒക്ടോബര്‍ എട്ടിന് നടക്കുന്ന യോഗത്തില്‍ നഗരസഭാധ്യക്ഷ ടി വി സുലൈഖാബി, സെക്രട്ടറി എ സി കുര്യാക്കോസ്, നഗരസഭ എഞ്ചിനിയര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.