Connect with us

National

വിവാദ ഓര്‍ഡിനന്‍സ് കേന്ദ്രം പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്കയച്ച വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു. ഇന്ന് വൈകീട്ട് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗ‌ം ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം പ്രധാനമന്ത്രി നേരിട്ട് രാഷ്ട്രപതിയെ അറിയിക്കുകയും ചെയ്തു.

ഓര്‍ഡിനന്‍സിനെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പരസ്യമായി രംഗത്തുവന്നിരുന്നു. ഓര്‍ഡിനന്‍സ് വലിച്ചുകീറി ചവറ്റുകൊട്ടിയലെറിയണമെന്നാണ് പത്രസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞിരുന്നത്. ഇത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഓര്‍ഡിനന്‍സിനെതിരെ രംഗത്തുവന്നത്.

തുടര്‍ന്ന് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ പൊതുവികാരം പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതിന്‌ശേഷം നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനമായത്.

അടുത്ത തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ മുന്നോട്ടുവരുമെന്നതിന്റെ വ്യക്തമായ സൂചനയാണ് രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സിനെതിരെ മുന്നോട്ടുവന്നതിലൂടെ കാണിക്കുന്നത്. അമുല്‍ ബോയ് എന്ന പ്രതിച്ഛായയില്‍ നിന്ന് പക്വത വന്ന ഒരു ദേശീയ രാഷ്ട്രീയ നേതാവ് എന്ന പരിവേഷമാണ് ഓര്‍ഡിനന്‍സിനെ എതിര്‍ത്തതിലൂടെ രാഹുല്‍ ഗാന്ധിക്ക് കൈവന്നിരിക്കുന്നത്.

Latest