Connect with us

Kozhikode

ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

Published

|

Last Updated

മുക്കം: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2009-10, 2010-11 വര്‍ഷത്തില്‍ എസ് സി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത ഫര്‍ണിച്ചര്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്.
ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ചെലവഴിച്ചിരുന്നത്. 2009-10 വര്‍ഷം നടപ്പിലാക്കിയ ഉണര്‍വ് പദ്ധതിപ്രകാരം ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 313 സ്റ്റീല്‍ മേശയും കസേരയുമാണ് വാങ്ങിയത്. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഇതിനായി 763720 രൂപ ചെലവഴിച്ചു.
മാര്‍ഗരേഖക്ക് വിരുദ്ധമായും ടെന്‍ഡര്‍ ക്ഷണിക്കാതെയുമാണ് ഇത്രയും തുകക്കുള്ള ഉപകരണങ്ങള്‍ വാങ്ങിയത്. സാധനങ്ങള്‍ വാങ്ങിയ അരീക്കോട്ടെ സ്വകാര്യ സ്ഥാപനത്തിന് സെയില്‍ടാക്‌സ് രജിസ്‌ട്രേഷനും ടിന്‍ നമ്പറുമുണ്ടായിരുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മൂല്യവര്‍ധിത നികുതി ഇനത്തില്‍ 90,847 രൂപ പഞ്ചായത്തില്‍ നിന്ന് ഈടാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാറിലേക്കെത്താന്‍ സാധ്യതയില്ലെന്നും ഓഡിറ്റിംഗില്‍ ചൂണ്ടിക്കാട്ടുന്നു. 20000 രൂപക്ക് മുകളിലുള്ള പര്‍ച്ചേസിന് ടെന്‍ഡര്‍ ക്ഷണിക്കണമെന്നിരിക്കെ ഗുരുതരമായ വീഴ്ചയാണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഭിച്ച കസേരകള്‍ കേടുപാടുകള്‍ വന്നതായും ഗുണനിലാവരമില്ലാത്തതാണെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
2010 -11 വര്‍ഷത്തില്‍ 13,63,629 രൂപയുടെ ഉപകരണങ്ങളാണ് വാങ്ങിയത്. മേശ, സ്റ്റീല്‍ അലമാര, ടേബിള്‍ ലാംബ് എന്നിവ 400 എസ് സി കുട്ടികള്‍ക്ക് വേണ്ടിയാണ് വാങ്ങിയത്. 111 വീതം മേശയും കസേരയും 276 സ്റ്റീല്‍ അലമാരയും ടേബിള്‍ ലാമ്പും വാങ്ങിയതിനും ടെന്‍ഡര്‍ ക്ഷണിച്ചിട്ടില്ല. പര്‍ച്ചേസിംഗ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടില്ല. 2012 ഏപ്രിലില്‍ നടത്തിയ സ്ഥല പരിശോധനയില്‍ കസേരകള്‍ കേടുപാടുകല്‍ വന്നതാണെന്നും ഉപയോഗ യോഗ്യമല്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. മാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഇവ വാങ്ങിയത്. ഈ സ്ഥാപനത്തിനും ടിന്‍ നമ്പറും രജിസ്‌ട്രേഷനുമില്ലായിരുന്നു.
ഓഡിറ്റ് വിഭാഗം സെയില്‍സ് ടാക്‌സിന് വിവമറിയിച്ചതിനെ തുടര്‍ന്ന് 2013 മാര്‍ച്ചില്‍ മേല്‍ സ്ഥാപനങ്ങളുടെ പേരില്‍ നികുതി ചുമത്തിയിരിക്കുകയാണ്. കൊടിയത്തൂര്‍ ജി എം യു പി സ്‌കൂളിലെ പ്രധാനാധ്യാപകനാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. ഭരണ സമിതിയിലെ ഉന്നതന്‍മാരുടെ അറിവോടെയും കമ്മീഷന്‍ ലക്ഷ്യമാക്കിയുമാണ് ഇത് നടന്നതെന്ന് ആരോപമുയര്‍ന്നിട്ടുണ്ട്. കേടുവന്ന ഫര്‍ണിച്ചറുകളാണ് വിതരണം ചെയ്തതെന്ന് ഇടതുപക്ഷ സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു.

Latest