Connect with us

Articles

കലാപത്തിന്റെ ഗന്ധങ്ങള്‍

Published

|

Last Updated

ലോകസഭാ തിരഞ്ഞെടുപ്പടുക്കാറാകുമ്പോള്‍; ആജ്ഞയനുസരിച്ചുള്ള വര്‍ഗീയ കലാപങ്ങളും വംശഹത്യകളും ഭീകരാക്രമണങ്ങളും അതിര്‍ത്തിയിലെ വെടിപൊട്ടലുകളും ആയി “വികസന”മാതൃകകള്‍ ഒന്നിനു പിറകെ ഒന്നായി ഇന്ത്യയെ കോരിത്തരിപ്പിക്കാന്‍ സാധ്യത കാണുന്നു. ഇതിന്റെ മണിമുഴക്കമാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കഴിഞ്ഞ മാസം കണ്ടത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ മകന്‍ അഖിലേഷ് യാദവ് ആണ് യു പി മുഖ്യമന്ത്രി. സമുദായവൈരം മൂര്‍ച്ഛിപ്പിച്ച് അതില്‍ നിന്ന് മുതലെടുക്കാനാകുമോ എന്ന കുടില തന്ത്രത്തിന്റെ ഭാഗമായി കലാപം പൊട്ടിപ്പുറപ്പെട്ട ഉടനെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നാണ് ഉത്തരവാദപ്പെട്ടവര്‍ ആരോപിക്കുന്നത്. അതായത്, കലാപത്തില്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുകയും അരക്ഷിതരാകുകയും അഭയാര്‍ഥിക്യാമ്പുകളിലേക്ക് തള്ളിമാറ്റപ്പെടുകയും ചെയ്യുന്നത് മിക്കവാറും മുസ്‌ലിംകളായതുകൊണ്ട് അവരുടെ സ്വാഭാവിക രക്ഷകരായി തങ്ങള്‍ക്ക് ചാടി വീഴാമെന്നും അങ്ങനെ തങ്ങളുടെ വോട്ട് നില വര്‍ധിപ്പിക്കാമെന്നുമായിരുന്നുവത്രെ സമാജ്‌വാദി പാര്‍ട്ടിയുടെ ഉള്ളിലിരിപ്പ്.
മതേതരത്വം എന്നതു തന്നെ കേവലം “വില്‍പ്പനച്ചരക്കു വോട്ടു രാഷ്ട്രീയമായി” അധഃപതിക്കുമ്പോള്‍; കപട മതേതരത്വത്തെ എതിര്‍ക്കുന്നതായി ഭാവിക്കുന്ന വേട്ടക്കാരുടെ ഭാഗത്തേക്ക് ഇരകള്‍ക്കു പോലും ചായേണ്ടി വന്നേക്കാം എന്ന സാമാന്യ തത്വം കൊണ്ട് ഗുണമുണ്ടാകാന്‍ പോകുന്നത് സംഘപരിവാറിനാണെന്ന യാഥാര്‍ഥ്യം ഇതിനകം നിരീക്ഷകരെല്ലാം തിരിച്ചറിഞ്ഞു. ഗുജറാത്ത് വംശഹത്യയിലെ വിശ്വസ്ത അനുചരന്‍ അമിത് ഷായെ യു പി കാര്യങ്ങള്‍ “നോക്കി നടത്താനാ”യി വികസന നായകന്‍ നരേന്ദ്ര മോഡി ഏല്‍പ്പിച്ചിരിക്കെ; ഏത് വിധത്തിലാണ് യു പിയിലെയും ഇന്ത്യയിലെയും കാര്യങ്ങള്‍ നീങ്ങിത്തുടങ്ങുന്നതെന്നതിന്റെ കൃത്യമായ ദിശാ സൂചനയാണ് മുസാഫര്‍നഗര്‍.
മുപ്പത്താറ് മണിക്കൂര്‍ നീണ്ടുനിന്ന കലാപത്തിന്റെ തീവ്ര മണിക്കൂറുകളില്‍ ഹിന്ദു ജാട്ടുകളും മുസ്‌ലിംകളും തമ്മില്‍ ഏറ്റുമുട്ടി. മൂപ്പത്തെട്ടാളുകള്‍ കൊല്ലപ്പെട്ടു. ഭയവും വിദ്വേഷവും അരക്ഷിതത്വവുമാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ അകത്തും പുറത്തുമുള്ള ഭാവങ്ങള്‍. തെരുവുമൂലകളിലും ജനലുകളിലും മട്ടുപ്പാവുകളിലും ജനങ്ങള്‍ ഉള്‍വലിയലിന്റെ മുഖമാണ് പുറത്തു കാണിക്കുന്നത് അഥവാ അകത്തോട്ട് വലിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മുസാഫര്‍ നഗര്‍ “ഡിഫ്യൂസ്” ചെയ്യപ്പെടാത്ത ഒരു തീ ബോംബായി ഭൂമിക്കടിയിലും മനുഷ്യരുടെ മനസ്സുകളിലും പുകയുകയാണിപ്പോഴും. സെപ്തംബര്‍ ഏഴിന്റെ ജാട്ട് മഹാപഞ്ചായത്തിലെ കലാപോന്മുഖമായ തീപ്പൊരി പ്രസംഗങ്ങളാണ് കലാപം മൂര്‍ച്ഛിപ്പിച്ചത്. വസ്തുതകളേക്കാള്‍ വര്‍ഗീയകലാപങ്ങളില്‍ എപ്പോഴും കഥകള്‍ക്കാണ് പ്രചാരവും വ്യാപനവുമുണ്ടാകുന്നത്. അക്രമങ്ങള്‍ മുന്‍കൂട്ടി തന്നെ ന്യായീകരിക്കപ്പെടുന്ന വിധത്തില്‍ ഇതിവൃത്തത്തെയും ആഖ്യാനത്തെയും കല്‍പ്പിച്ചും വികസിപ്പിച്ചും ഉണ്ടാക്കുന്നതില്‍, ഇന്ത്യന്‍ കലാപകാരിനേതൃത്വങ്ങളേക്കാള്‍ ഭാവനയുള്ളവര്‍ ലോകത്തെവിടെയെങ്കിലും ഉണ്ടാകും എന്നു തോന്നുന്നില്ല. അക്രമ സാധ്യതകളുടെ മുന്‍കൂര്‍ അറിയിപ്പുകള്‍ എല്ലായ്‌പോഴും വീണ്‍വാക്കുകളാകുന്നു. സര്‍ക്കാര്‍ പതിവ് പോലെ വേണ്ട സമയങ്ങളില്‍ ഉറക്കം നടിക്കുന്നു. പിന്നെ എല്ലാം കഴിഞ്ഞ് എല്ലാം മറക്കാനും പൊറുക്കാനും ആഹ്വാനം നടത്തുകയും ചെയ്യുന്നു. മറക്കുകയും പൊറുക്കുകയും തന്നെയാണ് വേണ്ടതെന്നതില്‍ സംശയമില്ലെങ്കിലും, ഇരകള്‍ക്ക് മാത്രമാണതിന്റെ ഉത്തരവാദിത്വമെന്ന നിലക്കാണ് എപ്പോഴും ആഹ്വാനങ്ങള്‍ ഉയര്‍ത്തപ്പെടാറുള്ളത്.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയും മൊബൈല്‍ ആപ്പുകളും (ആപ്പ് – ആപ്ലിക്കേഷന്റെ ചുരുക്കപ്പേര് എത്രമാത്രം അന്വര്‍ഥം!) ഇമേജ് മോര്‍ഫിംഗുകളും ഒരു ബട്ടനമര്‍ത്തിയാല്‍ സാധ്യമാകുമെന്നിരിക്കെ, മനുഷ്യ മനസ്സുകളില്‍ വിദ്വേഷം നിറക്കാനും അവയെ ആയുധപ്പുരകളാക്കാനും ഇക്കാലത്ത് കൂടുതല്‍ എളുപ്പമാണ്. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയും സഹവാസവും ദശകങ്ങള്‍ കഴിഞ്ഞാലും ശരിയാകാത്തതു പോലെ പിളര്‍പ്പുകള്‍ നടപ്പിലായിക്കഴിഞ്ഞു. ഇനി വോട്ട്കൃഷി വിളവിറക്കി കൊയ്‌തെടുക്കുകയേ വേണ്ടൂ. അതില്‍ അഖിലേഷിനേക്കാളും മുലായത്തിനെക്കാളും മേന്മയും കഴിവും നരേന്ദ്ര മോഡിക്കായതുകൊണ്ട് അവസാനത്തെ (തിരഞ്ഞെടുപ്പ് സമയത്തെ) ചിരി ആര് ചിരിക്കും എന്നതില്‍ ആശയക്കുഴപ്പമുണ്ടാകേണ്ട കാര്യമില്ല. സ്ത്രീശരീരം, ഭൂമി പോലെയും കന്നുകാലി പോലെയുമുള്ള ഒരു ചരക്ക് എന്ന നിലക്കും; പിതൃദായക്രമത്തിന്റെ അഭിമാനം നിക്ഷേപിക്കപ്പെട്ടിട്ടുള്ള പവിത്രാദര്‍ശ ബിന്ദു എന്ന നിലക്കും ഇത്തരം നിര്‍മിതാഖ്യാനങ്ങളുടെ കേന്ദ്രമായിത്തീരുന്നതും ശ്രദ്ധേയമാണ്. ദുരഭിമാനക്കൊലകളുടെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുന്ന പ്രദേശമാണ് പടിഞ്ഞാറന്‍ യു പി. 2011 സെന്‍സസ് അനുസരിച്ച് 1000 പുരുഷന്മാര്‍ക്ക് 863 സ്ത്രീകള്‍ മാത്രമാണിവിടങ്ങളിലുള്ളത്. സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്ന ഭീതി കലര്‍ത്തിയ ഊഹങ്ങള്‍ ഇവിടങ്ങളില്‍ കലാപത്തിന് ഹേതുവാകാന്‍ ഇതു കൂടി പശ്ചാത്തലമാണ്. ബലാത്സംഗത്തിനും സ്ത്രീവേട്ടക്കുമെതിരായി അടുത്ത കാലത്ത് ഇന്ത്യയിലെമ്പാടും ഉയര്‍ന്നുവന്ന ആള്‍ക്കൂട്ട പ്രതിഷേധ വികാരത്തെപ്പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ വക്രീകരിച്ച് ദുരുപയോഗപ്പെടുത്തുന്നതായി കാണാന്‍ കഴിയും. ബലാത്സംഗം ചെയ്തയാള്‍ക്ക് വധശിക്ഷ കൊടുക്കണമെന്ന ആവശ്യവും വധശിക്ഷ താമസം കൂടാതെ നടപ്പിലാക്കണമെന്ന ധൃതിയും വരെ പൂവാലന്മാര്‍ക്കെതിരായ ആക്രമണത്തെയും സദാചാര പോലീസിംഗിനെയും സമൂഹ മധ്യത്തില്‍ ന്യായീകരിച്ചെടുക്കുന്നതിന്റെ തുടക്കവും വഴിയുമാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലൗ ജിഹാദ്, ഗോവധ ആരോപണങ്ങളുടെ പേരില്‍ പടിഞ്ഞാറന്‍ യു പിയിലെ ജാട്ട്, മുസ്‌ലിം സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച വര്‍ധിച്ചു വരികയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട്, ഹിന്ദു രക്ഷകരായി നടിച്ചു കൊണ്ട് ബി ജെ പി രംഗം പിടിച്ചടക്കി. സമാജ്‌വാദി പാര്‍ട്ടിയാകട്ടെ ഭരണം കൈയിലുണ്ടായിട്ടും ഉത്തരവാദിത്വത്തോടെ പെരുമാറുന്നതിനു പകരം ഗാലറിയിലിരുന്നു കളി കാണുന്ന രീതിയില്‍ മാറി നില്‍ക്കുകയായിരുന്നു. തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്‌ലിംകളുടെ ഗതി ഇതായിരിക്കും എന്ന് അവരെ ഓര്‍മിപ്പിക്കാന്‍ ഇത് നല്ല അവസരമാണെന്ന വിളഞ്ഞ ബുദ്ധിയാണവര്‍ പ്രയോഗിച്ചത്. അക്കൂട്ടരുടെ തലമണ്ടകള്‍ വെയില്‍ കൊള്ളാതിരിക്കട്ടെ! ഈ പശ്ചാത്തലത്തിലാണ്, ആജ്ഞകള്‍ക്കനുസരിച്ചുള്ളതും കറ തീര്‍ന്നതുമായ ഒരു വര്‍ഗീയ കലാപം മുസാഫര്‍ നഗറില്‍ അരങ്ങേറിയത്. ബോംബ് സ്‌ഫോടനങ്ങളും വംശഹത്യകളും അതിര്‍ത്തി ആക്രമണങ്ങളും വര്‍ഗീയ കലാപങ്ങളും ഏറ്റുമുട്ടല്‍ കൊലകളും എല്ലാം ഇന്ത്യയില്‍ ആജ്ഞക്കനുസരിച്ചും ഫോര്‍മുലകള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടും നടത്തപ്പെടുന്നതാണെന്ന വസ്തുത കൂടുതല്‍ വ്യക്തമായി വരുന്ന സംഭവഗതികളാണിവിടെ നടന്നത്. നഗരപ്രദേശങ്ങളില്‍ സാധാരണമായ വര്‍ഗീയ കലാപങ്ങള്‍ ഇക്കുറി ഗ്രാമങ്ങളിലേക്കും പടര്‍ന്നു. 2002ല്‍ ഗുജറാത്ത് വംശഹത്യയിലും ഇതു തന്നെയായിരുന്നല്ലോ സ്ഥിതി. വംശഹത്യയുടെയും വംശഹത്യക്കു ശേഷമുള്ള വികസനത്തിന്റെയും നായകന്‍ ന മോ (നരേന്ദ്രമോഡി), മുസ്‌ലിം പ്രീണന ഭരണനയത്തിനെതിരായ ഏക പരിഹാരമെന്ന നിലക്കാണ് മറ്റിടങ്ങളിലെന്നതു പോലെ ഇവിടെയും അവതരിപ്പിക്കപ്പെടുന്നത്. യു പിയിലെ അവാധ് മേഖലയില്‍ മറ്റേത് ബി ജെ പി നേതാക്കളേക്കാളും ഉയര്‍ന്നു നില്‍ക്കുന്നത് ഇപ്പോള്‍ മോഡിയും അമിത് ഷായുമാണ്. കര്‍ഫ്യൂവില്‍ അടഞ്ഞു കിടക്കുന്ന മുസാഫര്‍ നഗറിലൂടെ സഞ്ചരിച്ച പത്രപ്രതിനിധികളെല്ലാം മോഡിയുടെ പടുകൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞു നില്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുതിക്കാലുകളിലും ബാനറുകളിലും മുലായത്തിനെപ്പോലും പിന്തള്ളി മോഡി വ്യാപിച്ചിരിക്കുന്നു. എ ബി വാജ്‌പേയി, എല്‍ കെ അഡ്വാനി, എം എം ജോഷി, അശോക് സിംഗാള്‍ തുടങ്ങിയ പഴയ ബി ജെ പി നേതാക്കന്മാരുടെ ഫോട്ടോകള്‍ കടുകു മണിയോളം ചെറുതാക്കിക്കാണിച്ചാണ് മോഡിയെയും അമിത് ഷായെയും പെരുപ്പിക്കുന്നത്. ജാട്ടുകളും ഠാക്കൂറുകളും മാത്രമല്ല, പട്ടികജാതിക്കാരും ഇത്തവണ മോഡിക്ക് വോട്ട് കൊടുക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗുജറാത്തിലും മുസ്‌ലിംകള്‍ക്കെതിരെ ആക്രമണത്തിന് പട്ടികജാതിക്കാരെയും ആദിവാസികളെയും ഇളക്കിവിട്ടിരുന്നുവല്ലോ. ഫ്‌ളെക്‌സ് ബോര്‍ഡുകളിലും കമ്പിക്കാലുകളിലും ബാനറുകളിലും കൂറ്റന്‍ പടങ്ങളായി മാത്രമല്ല; ചായക്കടകളിലും ശവക്കല്ലറകളിലും കൊച്ചു കൂരകളിലും ഏക/അന്തിമ പരിഹാരമായി മോഡി എടുത്തുയര്‍ത്തപ്പെട്ടു കഴിഞ്ഞു.
ഇതേ അവസരത്തില്‍ തന്നെയാണ്, കേരളത്തിലും നാള്‍ക്കുനാള്‍ മോഡിയുടെ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നത്. കേരള നവോത്ഥാനത്തിന്റെ തന്നെ പ്രഭവ കേന്ദ്രങ്ങളിലൊന്നായി ഗണിക്കപ്പെടുന്ന വര്‍ക്കല ശിവഗിരിയില്‍ മോഡി ആനയിച്ചെഴുന്നള്ളിക്കപ്പെട്ടപ്പോള്‍ കേരളം ഞെട്ടിയതേ ഇല്ല. പിന്നീട് ഷിബു ബേബി ജോണ്‍ എന്ന “കുടുംബത്തര്‍ക്ക പരിഹാരകന്‍” കൂടിയായ മന്ത്രിയും അനുചരന്മാരും പല വട്ടം മോഡിയെ കണ്ടു വണങ്ങി യു ഡി എഫും മോഡിയും തമ്മിലുള്ള രഹസ്യ ഡീലുകള്‍ ഉറപ്പിച്ചു. ഓണത്തിന് മലയാളത്തില്‍ ആശംസകള്‍ പറയാനായി മോഡി പെടാപ്പാട് പെട്ട് യു ട്യൂബില്‍ അവതരിക്കുകയും ചെയ്തു. രഞ്ജിനി ഹരിദാസിനെ ശ്രേഷ്ഠ മലയാളം പഠിപ്പിക്കാന്‍ മിനക്കെടുന്ന ഐക്യ മലയാള പ്രസ്ഥാനക്കാര്‍ മോഡിയെയും മലയാളം പഠിപ്പിക്കട്ടെ. വരും നാളുകളില്‍ ആവശ്യം വരും. ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാറിലെ മന്ത്രിയും സുപ്രീം കോടതി ജഡ്ജിയും കോണ്‍ഗ്രസ് വിരുദ്ധ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയുമായിരുന്ന അഭിവന്ദ്യനായ വി ആര്‍ കൃഷ്ണയ്യര്‍, മോഡിയുടെ ഏജന്റെന്ന നിലക്കാണ് ദിവസേന പ്രസ്താവന ഇറക്കുന്നത്. കാരുണ്യ വര്‍ഷം കൊണ്ടും മെഡിക്കല്‍ കോളജ് കൊണ്ടും സ്വയം പ്രഖ്യാപിത സര്‍വകലാശാലകള്‍ കൊണ്ടും വിനോദ/വാര്‍ത്താ/ആശീര്‍വാദ ചാനല്‍ കൊണ്ടും ലോകരെ അനുഗ്രഹ സുനാമികളാല്‍ ആശ്വസിപ്പിക്കുന്ന മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളിലാണ് എല്ലാ മറകളും നീക്കി മോഡി വീണ്ടും അവതാരപുരുഷനായി പ്രത്യക്ഷനായത്. അപ്പോള്‍ തന്നെ അമ്മയുടെ അനുഗ്രഹാവതാരോദ്ദേശ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് മോഹന്‍ലാല്‍ മുതല്‍ പി വത്സല വരെയുള്ളവര്‍ നീണ്ട ലേഖനങ്ങളെഴുതി മോക്ഷപ്രാപ്തി അടയുകയും ചെയ്തു. സത്‌നാം സിംഗിനെ തല്ലിച്ചതച്ചുകൊന്നതിനെ അപലപിക്കാത്ത അമ്മയെയും അവരെ പ്രകീര്‍ത്തിക്കുന്ന മോഹന്‍ലാലിനെയും പി വത്സലയെയും എതിര്‍ത്തു കൊണ്ട് ഒരു വെട്ടുവഴിക്കവിത(അല്ലെങ്കില്‍ തല്ലുവഴിക്കവിത) പോലും പുറത്തു വന്നില്ല.
അന്തിമമായ അധികാരത്തിനു വേണ്ടിയുള്ള തേരോട്ടത്തില്‍ രക്തപ്പുഴകളൊഴുക്കാനായി ഒരുക്കി വിടുന്ന കലാപങ്ങളുടെ ഗന്ധങ്ങളായ, ചോരയുടെയും വെടിപ്പുകയുടെയും കരച്ചിലുകളുടെയും അനാഥത്വത്തിന്റയും അരക്ഷിതത്വത്തിന്റെയും അഭയാര്‍ഥിത്വത്തിന്റെയും മറ്റും മറ്റും നേരുകള്‍ക്കു പകരം; കുന്തിരിക്കത്തിന്റെയും താരാരാധനയുടെയും സാഹിത്യത്തിന്റെയും നീതിന്യായത്തിന്റെയും വ്യവസായ വികസനത്തിന്റെയും മോടികള്‍ ഉയര്‍ത്തിക്കാട്ടുവാന്‍ ഷിബു ബേബി ജോണും മോഹന്‍ലാലും പി വത്സലയും വി ആര്‍ കൃഷ്ണയ്യരും മത്സരിക്കട്ടെ. “എല്ലാ അസ്തിത്വങ്ങളിലും ഞാനുണ്ട്. അവ എന്നിലുമുണ്ട്. എന്നാല്‍ ഞാനവരിലില്ല; അവരെന്നിലുമില്ല” എന്നാണ് ജനസംഘമടക്കമുള്ള പരിവാര്‍ സംഘടനകളും ആര്‍ എസ് എസുമായുള്ള ബന്ധപാരസ്പര്യത്തെക്കുറിച്ച് സര്‍ സംഘചാലക്കായിരുന്ന കെ ബി ഹെഡ്‌ഗേവാര്‍ തത്വവത്കരിച്ചത്. ഈ തത്വദര്‍ശനം, മോഡിയുടെ കലാപാന്തര്‍ധാര മറച്ചുവെച്ച് വികസന-അനുഗ്രഹ മുഖം ഉയര്‍ത്തിക്കാട്ടാനായി പരിശ്രമിക്കുന്ന കേരളീയ പുരുഷാരത്തിനും യോജിക്കും എന്നതാണ് വാസ്തവം.
Ref:
1.Sense of a Riot – Panini Anand (Outlook 23 sep 2013), 2.The Pope”s Rhinoceros – Jyotirmaya Sharma (Outlook 30 sep 2013), 3.The Chilling familiarity of Muzaffarnagar – Farah Naqvi (The Hindu 18 sep 2013), 4.തൊട്ടുണര്‍ത്താന്‍ ഒരു ചെറുവിരല്‍ – പി വത്സല (മാതൃഭൂമി ദിനപത്രം 27 സെപ്തംബര്‍ 2013)

 

preethanathuppully@gmail.com

Latest