Connect with us

International

യുദ്ധക്കുറ്റം: ബംഗ്ലാദേശ് പ്രതിപക്ഷ എം പിക്ക് വധശിക്ഷ

Published

|

Last Updated

ധാക്ക: യുദ്ധക്കുറ്റം നടത്തിയ കേസില്‍ ബംഗ്ലാദേശ് പ്രതിപക്ഷ പാര്‍ട്ടിയുടെ മുതിര്‍ന്ന എം പിക്ക് വധശിക്ഷ. 1971ലെ ബംഗ്ലാദേശ് വിമോചന സമരക്കാലത്ത് പാക്കിസ്ഥാന്റെ പക്ഷം ചേര്‍ന്ന് രാജ്യത്ത് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ കേസിലാണ് ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി (ബി എന്‍ പി)യുടെ പ്രഥമ എം പിയും പ്രമുഖ പ്രതിപക്ഷ നേതാവ് കൂടിയായ സ്വലാഹുദ്ദീന്‍ ഖൗദര്‍ ചൗധരിക്ക് 1971ലെ യുദ്ധക്കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണല്‍ കോടതി വധശിക്ഷ വിധിച്ചത്.
ചൗധരിക്കു മേല്‍ ചുമത്തിയ 23 കുറ്റങ്ങളില്‍ ഒമ്പതെണ്ണം തെളിയിക്കപ്പെട്ടതായും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ക്കാണ് ഇയാള്‍ നേതൃത്വം നല്‍കിയതെന്നും ട്രൈബ്യൂണല്‍ ജസ്റ്റിസ് ഫസല്‍ കബീര്‍ വ്യക്തമാക്കി. പ്രതിക്ക് അര്‍ഹമായ ശിക്ഷയാണിതെന്നും ഐകകണ്‌ഠ്യേനയാണ് ശിക്ഷ വിധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടി രംഗത്തെത്തി. അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ രാഷ്ട്രീയ പ്രേരിതമായ വിധിയാണിതെന്ന് ബി എന്‍ പി നേതാക്കള്‍ ആരോപിച്ചു. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ചൗധരിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, ട്രൈബ്യൂണലിന്റെ വിധി സുപ്രീം കോടതി ശരിവെക്കാനാണ് സാധ്യതയുള്ളതെന്ന് ബംഗ്ലാദേശ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു. യുദ്ധക്കുറ്റം നടത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയുടെ ശിക്ഷ വധശിക്ഷയായി സുപ്രീം കോടതി ഉയര്‍ത്തിയിരുന്നു. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീലിന് പോയപ്പോഴാണ് ഈ വിധി ഉണ്ടായത്.
യുദ്ധക്കാലത്ത് ഇരുനൂറ് പേരെ വധിച്ച കേസിന് പുറമെ പാക് സൈന്യത്തെ കൂട്ട് പിടിച്ച് നിരായുധരായ ജനങ്ങളെ കൊന്നൊടുക്കല്‍, സാധാരണക്കാരുടെ വീടുകളടക്കമുള്ള സ്വത്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചൗധരിക്ക് മേല്‍ ചുമത്തിയത്. വിധി കേട്ട ചൗധരി പൊട്ടിക്കരഞ്ഞതായും കോടതിയിലുണ്ടായിരുന്ന ബന്ധുക്കള്‍ പ്രകോപിതരായതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമ്പേ തീരുമാനിച്ച വിധിയാണിതെന്ന് ചൗധരി കുറ്റപ്പെടുത്തി.
യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷണം നടത്താനും മറ്റും 2010ല്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിതമായതിനു ശേഷം ഈ കേസുമായി ബന്ധപ്പെട്ട നിരവധി പേര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. നിരവധി ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവിന് ഈ കേസില്‍ ശിക്ഷ വിധിക്കുന്നത്. 1973ലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് പ്രധാനമന്ത്രിയായ ശേഖ് ഹസീനയാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.

---- facebook comment plugin here -----

Latest