Connect with us

Editors Pick

രാജന് കൂട്ടായി നൂറോളം തത്തകള്‍ പറന്നെത്തുന്നു

Published

|

Last Updated

കോഴിക്കോട്: വീട്ടുമുറ്റത്തെ കൂട്ടിലടച്ച തത്തയെ കൊണ്ട് “തത്തമ്മേ പൂച്ച, പൂച്ച” എന്ന് പറയിപ്പിക്കുന്നത് മലയാളികളുടെ ഒരു കൗതുകമാണ്. എന്നാല്‍ ഇവിടെ നാഗേരിപറമ്പിലെ കാര്‍ത്തികയില്‍ കൂട്ടത്തോടെ നൂറോളം തത്തകളെ കാണാം.
കൂട്ടിലെ യാന്ത്രികമായ ചലനങ്ങള്‍ക്കു പകരം സ്വതന്ത്രമായ അവരുടെ കുസൃതികളും കാണാം. ഇവിടെ രണ്ടും മൂന്നും നേരം തത്തകള്‍ കൂട്ടത്തോടെ കലപില കൂട്ടിയെത്തും. പിന്നെ വയറു നിറച്ച് ഭക്ഷണം കഴിച്ച് മടങ്ങും.
ഇവരുടെ ഭാഷ രാജനും ഭാര്യ രജനിക്കുമറിയാം. തിരിച്ചു തത്തകള്‍ക്കും. രാവിലെ നേരം പുലര്‍ന്നു തുടങ്ങുമ്പോഴേക്കും നാഗേരിപറമ്പിലെ വീട്ടുമുറ്റത്തേക്ക് ചിറകൊതുക്കി കലപില കൂട്ടി തത്തകളെത്തി തുടങ്ങും. ഒന്നും രണ്ടുമല്ല. നൂറോളം തത്തകള്‍.
രാവിലെ ചോറും നെല്ലും പഴവുമൊക്കെ സുഭിക്ഷമായി കഴിച്ചവര്‍ വൈകുന്നേരം അഞ്ച് മണിയാകുമ്പോഴേക്കും തൊട്ടടുത്ത തെങ്ങിന്‍പട്ടയിലും മരങ്ങളിലുമിരുന്ന് ശബ്ദമുണ്ടാക്കും. അപ്പോഴേക്കും രാജനും ഭാര്യയും പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നെല്ലും ചോറും വിളമ്പി വെക്കും. പിന്നെ കൂട്ടമായി പറന്നെത്തി അവയൊക്കെ കൊത്തിപ്പെറുക്കി പൊത്തുകളിലേക്ക് മടങ്ങും. ഈ വരവും പോക്കും തുടങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല നാഗേരിപറമ്പിലേക്കുള്ള ഇവരുടെ വരവ്. പരിചിതമല്ലാത്തവരുടെ സാന്നിധ്യമോ ശബ്ദമോ ഉണ്ടായാല്‍ ഇവര്‍ പിണങ്ങി മാറും. പിന്നെ രാജന്റെ വിളി കേട്ടാല്‍ പിണക്കം മാറി തിരിച്ചെത്തും. ഒരു കിലോ നെല്ല് വരെ ഇവര്‍ ദിവസവും അകത്താക്കും.
കാര്‍ഷിക സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി വീട്ടിനു മുന്നില്‍ തൂക്കിയിട്ടിരുന്ന കിഴിയിലെ നെല്‍മണി കൊത്തിപെറുക്കാനെത്തിയ ഒരു തത്തയില്‍ നിന്ന് തുടങ്ങിയതാണ് തത്തകളുടെ വിരുന്നൂട്ട്. ഇടക്കൊക്കെ അണ്ണാറക്കണ്ണനും കാക്കകളും കൂട്ടിനുണ്ടാകും. ഗോവിന്ദപുരം നാഗേരിപറമ്പ് കാര്‍ത്തികയില്‍ വിരമിച്ച ബേങ്ക് ഉദ്യോഗസ്ഥനായ രാജനും ഭാര്യക്കുമൊപ്പം തത്തകളെ പ്രേമിക്കാനും വിരുന്നൂട്ടാനും മകന്‍ രാജേഷും മകള്‍ രജിഷയുമുണ്ട് കൂട്ടിന്.

Latest