Connect with us

National

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം: രാജിവെക്കില്ല പ്രധാനമന്ത്രി

Published

|

Last Updated

പ്രത്യേക വിമാനത്തില്‍ നിന്ന്: ജനപ്രാതിനിധ്യ നിയമഭേഗദതി വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഓര്‍ഡിനന്‍സ് വിവാദത്തില്‍ രാഹുലുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും സിംഗ് അറിയിച്ചു.
ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കവേ പ്രത്യേക വിമാനത്തില്‍ നിന്ന് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാനായി മന്‍മോഹന്‍ സിംഗിന്റെ മുന്‍കൈയില്‍ രൂപവത്കരിച്ച ഓര്‍ഡിനന്‍സിനെതിരെ ശക്തമായ ഭാഷയിലാണ് രാഹുല്‍ ആഞ്ഞടിച്ചത്.
ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും വലിച്ചുകീറി ചവറ്റ് കൊട്ടയിലെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. താന്‍ അത്ര പെട്ടെന്ന് പ്രകോപിതനാകുന്ന ആളല്ലെന്ന് സിംഗ് പറഞ്ഞു. രാജിവെക്കുന്ന പ്രശ്‌നമില്ല. ആരെങ്കിലും പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന ആളല്ല താന്‍. സംഭവിച്ചത് സംഭവിച്ചു. അതിന് കാരണമെന്തെന്നും ഏത് സാഹചര്യത്തിലാണെന്നും എങ്ങനെ കൈകാര്യം ചെയ്യാമെന്നും രാജ്യത്ത് എത്തിയ ശേഷം വിശകലനം ചെയ്യും. ഒരാളുടെ മനസ്സ് മാറാന്‍ വളരെ എളുപ്പമാണ്. ഇക്കാര്യത്തില്‍ തന്റെ ക്യാബിനറ്റിനെയാണ് വിശ്വാസത്തിലെടുക്കുകയെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ഉന്നതതലങ്ങളില്‍ പലതവണ ചര്‍ച്ച നടത്തിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കാബിനറ്റ് രണ്ട് വട്ടം ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പും വിശകലനം ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു.

---- facebook comment plugin here -----

Latest