Connect with us

Articles

വിദ്യാലയങ്ങളില്‍ ഇന്ന് സേവന ദിനം

Published

|

Last Updated

കഠിനാദ്ധ്വാനത്തിന്റെ മഹത്വം ഗാന്ധിജി എന്നും ജനങ്ങളോട് ഉപദേശിച്ചിരുന്നു. “അദ്ധ്വാനിക്കുക, അന്വേഷിക്കുക, കണ്ടെത്തുക, കീഴടങ്ങാതിരിക്കുക” എന്ന ഗാന്ധിവാക്യം പ്രസിദ്ധമാണല്ലോ. ഒരു കുട്ടി വിദ്യാഭ്യാസം ആരംഭിക്കുന്നത് ഏതെങ്കിലുമൊരു കൈത്തൊഴില്‍ പഠിച്ചു കൊണ്ടായിരിക്കണമെന്ന ആഹ്വാനവും പ്രസിദ്ധമാണ്.
അതിന്റെ വെളിച്ചത്തില്‍ ഇന്ന് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും സേവനദിനമായി ആചരിക്കുകയാണ്. ഗാന്ധിയുടെ വികസന സ്വപ്‌നവും ക്ഷേമരാഷ്ട്ര സങ്കല്‍പ്പവും പ്രാവര്‍ത്തികമാക്കാന്‍ നാം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.
മഹാത്മജിയുടെ അദ്ധ്വാന സിദ്ധാന്തം ലോകത്തിനു മാതൃകയാണ്. അദ്ധ്വാനിക്കാതെ അപ്പം കഴിക്കരുതെന്ന് ലോകത്തോടുപദേശിച്ച അദ്ദേഹത്തിന്റെ പിന്‍ഗാമികളായ നാമും അങ്ങനെയാകണം. കുട്ടികളുടെ അദ്ധ്വാനത്തിന്റെ പ്രതിഫലം കൊണ്ടായിരിക്കണം പഠനച്ചെലവ് നിര്‍വഹിക്കേണ്ടത് എന്നും രാഷ്ട്രപിതാവ് ഉദ്‌ബോധിപ്പിച്ചു. വിദ്യാര്‍ഥിയായിരിക്കെ തന്നെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ചെറുകിട- കരകൗശല തൊഴിലുകള്‍ ഇന്ത്യയുടെ പട്ടിണി മാറ്റാന്‍ ഉപകരിക്കുമെന്ന് കണ്ടെത്തി.
പുസ്തക വായനയിലും നോട്ടെഴുത്തിലും മാത്രം ശ്രദ്ധ ചെലുത്തലല്ല യഥാര്‍ഥ പഠനം എന്ന കാഴ്ചപ്പാട് നിലവിലെ നിലപാടുകളെ തിരുത്തിക്കുറിച്ചു. ഈ വിഷയത്തില്‍ സമൂഹം ഇനിയും ഏറെ മുമ്പോട്ടു പോകാനുണ്ട്. കമ്പ്യൂട്ടറിനു മുമ്പിലുള്ള വൃഥാ സമയം കളയല്‍ ജീവിത പാതയില്‍ എന്തു വെളിച്ചമാണ് വിതറുന്നതെന്ന് പരിശോധിക്കണം. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാന്‍ ഇടവരുന്ന കാര്യങ്ങള്‍ രക്ഷാകര്‍ത്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ചെറിയ ജോലികള്‍ കുട്ടികളെകൊണ്ട് ചെയ്യിക്കുന്നതിലൂടെ ഇത് സാധ്യമാകും.
തോട്ട നിര്‍മാണം, കൃഷിപ്പണി എന്നിവ ശീലിപ്പിക്കുന്നത് തൊഴിലിനോട് ആഭിമുഖ്യം വളര്‍ത്താനും, സ്വാശ്രയം ശീലിക്കാനും സഹായകമാകും. അവനവന്റെ ജീവിതോപാധിയ്ക്ക് അവനവനെ തന്നെ ആശ്രയിക്കുന്ന അവസ്ഥക്കാണ് സ്വാശ്രയം എന്നു പറയുന്നത്.

Latest