Connect with us

Articles

ഉപകാര സ്മരണയുടെ രാഷ്ട്രീയം

Published

|

Last Updated

നന്ദിയുള്ളവരാണ് കോണ്‍ഗ്രസുകാര്‍. പ്രത്യേകിച്ച് ഭരണചക്രം തിരിക്കുമ്പോള്‍. പുറമെ പോരുകാളകളെ പോലെയാണെങ്കിലും പലപ്പോഴും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ രക്ഷക്കെത്തുന്നത് ഉത്തര്‍ പ്രദേശിലെ “ദേശീയ പാര്‍ട്ടി”യായ സമാജ്‌വാദി പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ എല്ലാമെല്ലാമായ മുലായം സിംഗ് യാദവിനും സീമന്ത പുത്രന്‍ അഖിലേഷ് യാദവിനുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സി ബി ഐ അന്വേഷണം അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസിന്റെ നന്ദിക്ക് നിദര്‍ശനമായി നമ്മുടെ മുന്നിലുള്ളത്. യു എന്നില്‍ അമേരിക്ക ശ്രീലങ്കക്കെതിരെ കൊണ്ടുവന്ന യുദ്ധക്കുറ്റ പ്രമേയത്തെ അനുകൂലിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി എം കെയും ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് പാവപ്പെട്ടവരെ കുത്തുപാളയെടുപ്പിക്കുന്നതില്‍ രോഷം പ്രകടിപ്പിച്ച് മമതായുടെ തൃണമൂലും യു പി എ വിട്ടതിന് ശേഷം പാര്‍ലിമെന്റില്‍ ന്യൂനപക്ഷമായ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ധ്വന്‍ വലിക്കുമ്പോള്‍ രക്ഷക്കെത്തുന്നത് മുലായം സിംഗ് ജിയും യു പിയിലെ ഇപ്പോഴത്തെ രണ്ടാം “ദേശീയ പാര്‍ട്ടിയായ” മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുമാണ്. ഒരു തരത്തില്‍ ഇരു പാര്‍ട്ടികളെയും ഒപ്പം കൂട്ടാന്‍ അഭൂതപൂര്‍വമായ ബ്ലാക്ക്‌മെയിലിംഗ് തന്ത്രമാണ് കേന്ദ്രം നടത്തിയിരുന്നത്. ഇരു പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ വേണ്ടുവോളം അഴിമതിയാരോപണങ്ങളുണ്ട്. അന്വേഷിക്കുന്നതാകട്ടെ “കൂട്ടിലെ തത്തയായ” സി ബി ഐയും. ഒപ്പം നില്‍ക്കാതെ സര്‍ക്കാറിന്റെ നയനിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുകയാണെങ്കില്‍ സി ബി ഐയെ കൊണ്ട് പ്രതികാരം ചെയ്യിക്കുമെന്ന് മുലായം മാസങ്ങള്‍ക്ക് മുമ്പ് വെടി പൊട്ടിച്ചിരുന്നു. തൃണമൂലും ഡി എം കെയും യു പി എ വിട്ട സന്ദര്‍ഭത്തിലായിരുന്നു അത്. അതിനു ശേഷം തിരഞ്ഞെടുപ്പ് ലാക്കാക്കിയും കോര്‍പ്പറേറ്റ് ഭീമന്‍മാരുടെയും പാശ്ചാത്യ ശക്തികളുടെയും “ക്ഷേമൈശ്വര്യങ്ങള്‍” ലക്ഷ്യമാക്കിയും “സോണിയ” സര്‍ക്കാര്‍ കൊണ്ടു വന്ന സകല ബില്ലുകളും പാസ്സാക്കിയത് എസ് പി- ബി എസ് പി സഹകരണം കൊണ്ടായിരുന്നു. ഭരണ സഖ്യത്തിലില്ലെങ്കിലും രാജാവിനേക്കാള്‍ വലിയ രാജഭക്തിയും ശുഷ്‌കാന്തിയുമായിരുന്നു അവര്‍ക്ക്. സര്‍ക്കാറിന്റെ കുഞ്ചിക്ക് പിടിച്ച് താഴെയിറക്കാന്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന പ്രമേയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ “ഇറങ്ങിപ്പോയും” ഈ പാര്‍ട്ടികള്‍ യു പി എയെ രക്ഷിച്ചു.

ഇതിന് ശേഷമാണ് കോണ്‍ഗ്രസിന്റെ മഹാമനസ്‌കതയും നന്ദിപ്രകാശനവും ഉണ്ടായത്. മുലായത്തി നെതിരായ അനധികൃത സ്വത്ത് സമ്പാദന കേസും മായാവതിക്കെതിരായ താജ് ഇടനാഴി അഴിമതി കേസും പാതി വഴിയിലായി. താജ് കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ കണ്ണടച്ചതു കൊണ്ട് മായാവതിക്ക് ആശ്വാസം ലഭിച്ചു. ഇപ്പോള്‍ മുലായത്തിനെതിരായ കേസില്‍ സി ബി ഐ അന്വേഷണം അവസാനിപ്പിച്ചിരിക്കയാണ്. ഇതിനുള്ള ന്യായീകരണമാകട്ടെ, മുലായം നല്‍കിയ മറുപടികള്‍ തൃപ്തികരമാണെന്നതും. 1993-2005 കാലയളവില്‍ മുലായത്തിന്റെ സ്വത്തുക്കള്‍ “ക്രമാതീതമായി” വര്‍ധിച്ചതായാണ് കേസ്. എന്നാല്‍ ബന്ധുക്കളുടെ സമ്മാനമാണ് സമ്പാദ്യമെന്നായിരുന്നു മുലായത്തിന്റെ വിശദീകരണം. 2007 മാര്‍ച്ച് ഒന്നിന് സുപ്രീം കോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്വത്തുക്കളെക്കുറിച്ച് മുലായത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പൂര്‍ണ വിശ്വാസമെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിലപാട്. 2007ല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി വിവരത്തില്‍ മുലായത്തിന്റെ കൈവശം കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ ഉള്ളതായി ബോധ്യപ്പെട്ടതായി സി ബി ഐ വ്യക്തമാക്കിയത് എന്തുകൊണ്ടാണെന്നൊന്നും ആരും ചോദിക്കരുത്. അതാണ് കോണ്‍ഗ്രസിന്റെ മഹാമനസ്‌കത. യു പി എ സഖ്യം ഡി എം കെ വലിച്ചെറിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് പാര്‍ട്ടി മേധാവി കരുണാനിധിയുടെ മകന്‍ സ്റ്റാലിന്റെ വീടുകളിലും ഓഫീസിലും സി ബി ഐ എന്തുകൊണ്ടാണ് റെയ്ഡ് നടത്തിയത് എന്നും ചോദിക്കരുത്. സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനുമെതിരെ വളരെ മുമ്പേ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഡി എം കെ സഖ്യം ഉപേക്ഷിച്ചു പോയ ദിവസം എന്തിന് നടപടിയെടുത്തുവെന്ന് ആരും പുരികം വളക്കരുത്. സ്വന്തക്കാരെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാനും ഇടയുന്നവരെ നിലക്കുനിര്‍ത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അറിയാം എന്ന് ചുരുക്കം. അതില്‍ ധര്‍മത്തിനോ സത്യത്തിനോ നീതിക്കോ സ്ഥാനമില്ല.

കോണ്‍ഗ്രസിന്റെ മഹാമനസ്‌കതക്ക് വേറെയുമുണ്ട് ഉദാഹരണങ്ങള്‍. ദുര്‍ഗാ ശക്തി നാഗ്പാല്‍ എന്ന ഐ എ എസ്സുകാരിയെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെടുകയുണ്ടായി. മണല്‍ മാഫിയക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ദുര്‍ഗയെ പുറത്താക്കിയതെന്ന് പുറം ലോകം പറയുമ്പോള്‍, പള്ളിയുടെ മതില്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കി മത വികാരം വ്രണപ്പെടുത്തിയതിനാണെന്നാണ് യു പി സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇതിനെ തുടര്‍ന്ന്, നഗരങ്ങളില്‍ പുകിലും പുക്കാറുമുണ്ടായി. വൈകുന്നേരങ്ങളില്‍ മെഴുകുതിരിയും ദുര്‍ഗയുടെ ചിത്രവുമായി സ്ത്രീകളും കുട്ടികളും മറ്റ് സ്ത്രീ ശാക്തീകരണ സംഘടനകളും തെരുവിലിറങ്ങി. മെഴുകുതിരി കമ്പനികള്‍ക്കും ഫഌക്‌സ് നിര്‍മാണക്കാര്‍ക്കും കച്ചവടം പൊടി പൊടിച്ചു. തുടര്‍ന്നായിരുന്നു സോണിയയുടെ രംഗപ്രവേശം. പാവം ഐ എ എസുകാരിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നും കേന്ദ്രം ഇടപെടണമെന്നും വാചാടോപം നടത്തി. വെറും മണല്‍ മാഫിയയെ പേടിച്ച് ഐ എ എസുകാരിക്കെതിരെ നടപടിയെടുക്കുകയോ? ഛായ് കഷ്ടം! ചുരുങ്ങിയത് സ്വദേശി കുത്തകകളെങ്കിലുമാകേണ്ടേ. എന്നാലല്ലേ അതിനൊരു കളറുള്ളൂ.

ഈ സന്ദര്‍ഭത്തിലാണ് ഹരിയാനയിലേക്ക് നോക്കൂ എന്ന് ചില ദോഷൈകദൃക്കുകള്‍ സോണിയക്ക് ഉപദേശം നല്‍കിയത്. ഹരിയാനയിലേക്ക് നോക്കാഞ്ഞിട്ടൊന്നുമല്ല. അവിടെ ഐ എ എസുകാരന്‍ അശോക് ഖേംക നടപടിക്ക് വിധേയനായത്, “മാഡ”ത്തിന്റെ സ്വന്തം മരുമകന്‍ റോബര്‍ട്ട് വദ്രക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ്. ഡി എല്‍ എഫ് എന്ന റിയല്‍ എസ്റ്റേറ്റ് ഭീമനുമായി ചേര്‍ന്ന് ഭൂമിയിടപാടില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന് രേഖകള്‍ സഹിതം വെളിപ്പെടുത്തി വദ്രയുടെ കച്ചവടം പൂട്ടിക്കാന്‍ ശ്രമിച്ചതിനാണ് അശോക് ഖേംകക്കെതിരെ നടപടിയെടുത്തതെന്ന് സോണിയ പ്രഖ്യാപിക്കും. വദ്രക്കെതിരെ വെറും പ്രഹസനം എന്ന നിലക്ക് പോലും ഒരു അന്വേഷണം പ്രഖ്യാപിക്കാന്‍ മെനക്കെടാത്ത കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ദുര്‍ഗയുടെ കാര്യത്തില്‍ എന്തിനിത്ര ശുഷ്‌കാന്തി കാണിച്ചുവെന്ന് ചോദിക്കേണ്ടതില്ല. വദ്രക്കെതിരെ പ്രഹസന അന്വേഷണം പ്രഖ്യാപിച്ചാല്‍ പോലും അത് അയാളുടെ കരിയറിനെയും പ്രൊഫഷനെയും ബാധിക്കുമെന്ന് നിലവിളിക്കുന്നവര്‍ക്കറിയില്ലെങ്കിലും അമ്മയിയമ്മയായ സോണിയക്കറിയാം. മകള്‍ കണ്ണീരും കൈലേസുമായി കഴിയാന്‍ ഒരമ്മയും ആഗ്രഹിക്കുകയില്ലല്ലോ. അതിനാല്‍ ഭൂപീന്ദര്‍ സിംഗ് സര്‍ക്കാറിനെ കണ്ണുരുട്ടി പേടിപ്പിച്ചിരിക്കുകയാണ്. വിവിധ കോടതികള്‍ ചിലര്‍ ഹരജിയുമായി ചെന്നെങ്കിലും കേന്ദ്രത്തിന്റെ അഭിഭാഷകര്‍ അവിടെ അരയും തലയും മുറുക്കി ഇരിപ്പുണ്ടായിരുന്നു. ഫയലുകള്‍ കൈമാറാന്‍ പോലും ഒരുക്കമല്ലെന്ന് സര്‍ക്കാര്‍ കട്ടായം പറഞ്ഞു. ദുര്‍ഗാ ശക്തിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കസേരയില്‍ ഇരിക്കുമ്പോഴും വദ്രക്കെതിരെ അശോക് ഖേംക ഒറ്റയാള്‍ പോരാട്ടം തുടരുകയാണ്. ഈ പോക്ക്‌പോയാല്‍ ഖേംകയെ പിരിച്ചുവിടുന്ന കാലം വിദൂരമല്ല.
ഇതെന്താ വെള്ളരിക്കാ പട്ടണമോ എന്നു തോന്നാം. എന്നാല്‍ അങ്ങനെ തോന്നരുത്. കാരണം ഇത് രാഷ്ട്രീയമാണ്. ചതുരംഗക്കട്ടകള്‍ നീക്കുന്നതില്‍ മെയ്‌വഴക്കം പ്രകടിപ്പിച്ചില്ലെങ്കില്‍ അവസാനം എല്ലാം അടിയറ വെക്കേണ്ടിവരും. ജനങ്ങളെ കഴുതകളാക്കി സ്വന്തം സ്ഥാനവും ഉയര്‍ച്ചയും പദവിയും സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് പാര്‍ട്ടികള്‍. പ്രത്യേകിച്ച് ഭരണപക്ഷത്തുള്ളവര്‍.
സോളാര്‍ കോലാഹലത്തില്‍ ഇടതുപക്ഷം നടത്തിയ ഉപരോധ സമരവും പര്യവസാനവും ടി പി വധക്കേസും ചേര്‍ത്തുവെച്ച് വാര്‍ത്തകള്‍ വന്നത് ഓര്‍ക്കുക. ഉപരോധ സമരം എങ്ങുമെത്താതെ പിന്‍വലിച്ചതിനെ തുടര്‍ന്ന് ചില “ആത്മാര്‍ഥ” ഇടതുപക്ഷക്കാര്‍ രോഷം പ്രകടിപ്പിച്ചു. ഇപ്പോള്‍ ടി പി വധക്കേസില്‍ പ്രതികളെ വിട്ടയച്ചതിന് ശേഷം “ആത്മാര്‍ഥ” കോണ്‍ഗ്രസുകാരും ആത്മരോഷം കൊള്ളുന്നു. ഇവരെ ജനാധിപത്യ ക്രമത്തില്‍ സാമാന്യ വിഡ്ഢികളെന്ന് വിളിക്കാം. പാര്‍ട്ടികളും നേതൃത്വവും അവസരങ്ങളെ ഉപയോഗിക്കുകയാണ്.

Latest