Connect with us

Gulf

ആരോഗ്യവും പരിസ്ഥിതിയും മുഖ്യ അജണ്ട: ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ: പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും എമിറേറ്റില്‍ താമസിക്കുന്നവരുടെ സുരക്ഷയുമാണ് ദുബൈ നഗരസഭയുടെ മുഖ്യ അജണ്ടയെന്ന് നഗരസഭാ അധികൃതര്‍. എമിറേറ്റിലെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ളതും ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുമാണ് നഗരസഭ പ്രഥമ പരിഗണന നല്‍കുന്നതെന്ന് പരിസ്ഥിതി-ആരോഗ്യ സരുക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ബിന്‍ മെസ്മര്‍ വ്യക്തമാക്കി.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രസംഗിക്കവേയാണ് സലിം ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യവും സുരക്ഷയും ഉള്‍പ്പെടെ 11 കാര്യങ്ങള്‍ക്കാണ് നഗരസഭ മുന്തിയ പരിഗണന നല്‍കുന്നത്. വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കുക, ഒപ്പം കുടിവെള്ളം കണ്‍സ്യൂമര്‍ പ്രൊഡക്ട് എന്നിവയും പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടും. നഗര ശുചിത്വം, അഴുക്കുചാല്‍ സംവിധാനം, കീടനിയന്ത്രണം എന്നിവയിലൂടെ മാത്രമേ നഗരസഭക്ക് അതിന്റെ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കൂ. ഇക്കാര്യങ്ങള്‍ വിശദമായി യോഗം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രാലയവും ജല-പരിസ്ഥിതി മന്ത്രാലയവും ഉള്‍പ്പെടെയുള്ളവയുമായി കൈകോര്‍ത്താണ് ഈ ലക്ഷ്യത്തിനായി കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രയത്‌നിക്കുന്നത്. ഈ 11 കാര്യങ്ങളില്‍ ഏതെല്ലാം മേഖലയിലാണ് നഗരസഭക്ക് മുന്നേറാന്‍ സാധിച്ചതെന്നും എവിടെയെല്ലാമാണ് കൂടുതല്‍ കരുതല്‍ വേണ്ടതെന്നും നഗരസഭ പഠന വിധേയമാക്കിയിട്ടുണ്ട്. എന്തെല്ലാം ഭീഷണികളാണ് ദുബൈ അഭിമുഖീകരിക്കുന്നത്. ഏതെല്ലാം രീതിയിലുള്ള അവസരങ്ങളാണ് ദുബൈക്കുള്ളത് തുടങ്ങിയ കാര്യങ്ങള്‍ പഠനങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
പ്രതികരണങ്ങളും പുത്തന്‍ കണ്ടെത്തലുകളും അഭിപ്രായങ്ങളും എതിര്‍പ്പുകളും ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങളുമെല്ലാം ശില്‍പ്പശാലയില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കര്‍മ പദ്ധതി രൂപപ്പെടുത്താന്‍ നഗരസഭ ഒരുങ്ങുകയാണ്. അടുത്ത മാസം ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ പരിഗണനക്ക് ഇത് സമര്‍പ്പിക്കും. 2006ലും ദുബൈയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇത്തരം ഒരു ശില്‍പശാല നടത്തിയിരുന്നതും അദ്ദേഹം ഓര്‍മിപ്പിച്ചു.

Latest