Connect with us

Gulf

നികുതി ഏര്‍പ്പെടുത്തുന്നത് തെറ്റായ ആലോചനയെന്ന്‌

Published

|

Last Updated

അബുദാബി: രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം, തെറ്റായ ആലോചനയാണെന്ന് ബേങ്കിംഗ് രംഗത്തെ വിദഗ്ധര്‍. യു എ ഇ സെന്‍ട്രല്‍ ബേങ്ക് ബോര്‍ഡ് അംഗവും ദുബൈ ചേംബര്‍ ഓഫ് കോമേഴ്‌സ് സി ഇ ഒയുമായ ഹമാദ് ബൂആമിം ആണ് കഴിഞ്ഞ ആഴ്ച ദുബൈ സര്‍ക്കാര്‍ നികുതി ഈടാക്കാന്‍ ആലോചിക്കുന്നതായി വ്യക്തമാക്കിയത്. ഇതിനെ എതിര്‍ത്താണ് ബേങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
നാടുകളിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുകയെന്നത് പ്രായോഗികമല്ലെന്ന് അജ്മാനില്‍ നിന്നുള്ള എഫ് എന്‍ സി അംഗവും മുമ്പ് നിരവധി ബേങ്കുകളുടെ തലപ്പത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത അലി അല്‍ നുഐമി അഭിപ്രായപ്പെട്ടു. ദുബൈ മാത്രം നികുതി ഏര്‍പ്പെടുത്തിയാല്‍ അത് വിജയിക്കില്ല. ആളുകള്‍ മറ്റ് എമിറേറ്റുകളില്‍ ചെന്ന് പണം അയക്കുന്ന സ്ഥിതിയാകും ഉണ്ടാവുക. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ പരിഗണനക്ക് ഇത്തരം ഒരു വിഷയം വരികയും അത് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അംഗീകരിക്കുകയും ചെയ്യാതെ നികുതി ഏര്‍പ്പെടുത്താനാവില്ലെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എമിറേറ്റ് അടിസ്ഥാനത്തില്‍ പ്രത്യേകിച്ചും ദുബൈക്ക് മാത്രം ഇത്തരം ഒരു കാര്യം വിജയിപ്പിക്കാനാവില്ല. പണം അയക്കുന്നവര്‍ ഷാര്‍ജയിലും മറ്റും ചെന്ന് ആവശ്യം നിര്‍വഹിക്കുന്ന സ്ഥിതിയാകും ഇതിലൂടെ സംജാതമാകുക. ഫെഡറല്‍ തലത്തില്‍ ഇത്തരം ഒരു കാര്യം ആലോചിച്ചിട്ടില്ല. അങ്ങിനെ ഒരു ആലോചന എഫ് എന്‍ സിയില്‍ എത്തിയാലും കുറേ കാലം വേണ്ടിവരും ഇവയെ കുറിച്ച് പഠിച്ച് ആവശ്യമായ നടപടി സ്വീകരിച്ച് നിയമം നടപ്പാക്കാന്‍.
നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്നതായി റാസല്‍ഖൈമ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ യൂസുഫ് അല്‍ നുഐമിയും അഭിപ്രായപ്പെട്ടു. രാജ്യം പിന്തുടരുന്നത് സ്വതന്ത്ര സമ്പദ്‌വ്യവസ്ഥ എന്ന ആശയമാണ്. നികുതി ഏര്‍പ്പെടുത്തുന്നത് ഈ നിലപാടിന് യോജിക്കുന്നതല്ല. രാജ്യത്ത് നികുതി ഇല്ലെന്ന് അറിയുന്നതിനാലാണ് ആളുകള്‍ ഇവിടെ വന്ന് മുതല്‍ മുടക്കുന്നതും ജോലി ചെയ്യുന്നതും. നികുതി ചുമത്തുക എന്നാല്‍ ആളുകളുടെ വരുമാനത്തിന് മേല്‍ നികുതി ചുമത്തുകയെന്ന് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.